കരാറുകാര്‍ക്കുള്ള കുടിശിക തീര്‍ക്കുന്നതില്‍ വ്യക്തത വേണമെന്നു സമരസമിതി
Saturday, April 18, 2015 1:08 AM IST
തിരുവനന്തപുരം: കരാറുകാര്‍ക്കുള്ള കുടിശിക സമയബന്ധിതമായി തീര്‍ക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ വ്യക്തത വേണമെന്നു കോണ്‍ട്രാക്ടേഴ്സ് സമര സമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കരാറുകാരുടെ കുടിശിക സമയബന്ധിതമായി തീര്‍ക്കാമെന്നും വകുപ്പുതല മുന്‍ഗണന നല്‍കാമെന്നുമാണു ധനമന്ത്രി കെ.എം. മാണി ചര്‍ച്ചയില്‍ അറിയിച്ചത്.

യുഡിഎഫ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഇതുസംബന്ധിച്ച് ഉറപ്പുനല്‍കിയത്.

കുടിശിക തീര്‍ക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ അവ്യക്തതയുണ്ട്. മാത്രമല്ല കുടിശികയുടെ ഗണ്യമായ വിഹിതം ലഭിക്കാതെ മുടങ്ങിയ പണികള്‍ പുനരാരംഭിക്കാന്‍ കഴിയില്ല. അതിനാല്‍ സമരം തുടരാന്‍ തീരുമാനിച്ചതായി അവര്‍ പറഞ്ഞു.


പത്രസമ്മേളനത്തില്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജനറല്‍ സെക്രട്ടറി ടി.എ. അബ്ദുള്‍ റഹ്മാന്‍, സമരസമിതി നേതാക്കളായ കെ. അനില്‍കുമാര്‍, പി. വേലപ്പന്‍നായര്‍, ആര്‍. രാധാകൃഷ്ണന്‍, ആര്‍. വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.