ബിഎസ്എന്‍എല്‍ സംയുക്ത ഫോറം പണിമുടക്ക് 21, 22 തീയതികളില്‍
Saturday, April 18, 2015 1:08 AM IST
തിരുവനന്തപുരം: ബിഎസ്എന്‍എലിനെ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബിഎസ്എന്‍എല്‍ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സംയുക്തഫോറം ഈ മാസം 21, 22 തീയതികളില്‍ പണിമുടക്കും. ബിഎസ്എന്‍എല്‍ മേഖലയിലെ മുഴുവന്‍ എക്സിക്യൂട്ടീവ്, നോണ്‍ എക്സിക്യൂട്ടീവ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും.

ബിഎസ്എന്‍എലിനെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി ഫോറം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന നെറ്റ് പാക്കേജ് ഇല്ലാതാക്കാനാണ് ഏറ്റവും പുതിയ തീരുമാനമെടുത്തത്. ഒരു പാക്കേജില്‍ തന്നെ എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാക്കുന്നതാണ് ഈ പാക്കേജ്. ഇതൊഴിവാക്കി ഓരോ സേവനത്തിനും ഓരോ പാക്കേജ് ഏര്‍പ്പെടുത്താനാണു തീരുമാനം. ഇതു നടപ്പായാല്‍ ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇ-മെയില്‍ തുടങ്ങി ഓരോ സേവനങ്ങള്‍ക്കും പ്രത്യേകം പാക്കേജ് ഉപയോഗിക്കേണ്ടിവരും.

അങ്ങനെ വന്നാല്‍ ഉപയോക്താക്കള്‍ സ്വകാര്യ ടെലികോം കമ്പനികളിലേക്കു വഴിമാറും. ബിഎസ്എന്‍എലിന്റെ നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഗ്രാമീണ നഷ്ടം നികത്താനെന്ന പേരില്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശിപാര്‍ശ ചെയ്ത 1,250 കോടി രൂപയും വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സ്പെക്ട്രം തിരിച്ച് നല്‍കിയ വകയില്‍ നല്‍കേണ്ട 6,724 കോടി രൂപയും ഇതുവരെ നല്‍കിയിട്ടില്ല.

നിലവിലുള്ള കമ്പനിയെ വെട്ടിമുറിച്ച് ബിഎസ് എന്‍എലിന്റെ 70,000 വരുന്ന ടവറുകള്‍ക്കു മാത്രമായി കമ്പനി രൂപീകരിക്കാനാണ് തീരുമാനിച്ചത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിനെ(എംടിഎന്‍എല്‍) ബിഎസ്എന്‍എലില്‍ ലയിപ്പിക്കാനും ഭൂമി, കെട്ടിടം എന്നിവ പ്രത്യേക കമ്പനിയിലേക്കു മാറ്റാനും തീരുമാനമായിട്ടുണ്ട്.


ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബിഎസ്എന്‍എല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടര്‍ച്ചയായി നഷ്ടത്തിലാണ്. നഷ്ടം നികത്താനും സ്ഥാപനം ലാഭകരമാക്കാനുമുള്ള നടപടികളല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ലാന്‍ഡ്ലൈന്‍ സേവനം നിര്‍വഹിക്കുന്നതാണ് ബിഎസ്എന്‍എലിന്റെ നഷ്ടത്തിനു പ്രധാന കാരണം. 2013-14-ല്‍ ലാന്‍ഡ്ലൈന്‍ സേവനത്തിന്റെ ഭാഗമായി 14,979 കോടി രൂപയാണു നഷ്ടം. മൊത്തം നഷ്ടം 7,085 കോടിയും. നഷ്ടം നികത്താനുള്ള നടപടികള്‍ സ്വീകരിക്കാനായി 2000 സെപ്തംബറില്‍ മന്ത്രിസഭാ തീരുമാനിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതില്‍നിന്നു പിന്നോട്ടുപോയി .സ്പെക്ട്രം ലേലത്തോടെ ടെലികോം കമ്പോളത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുകയാണ് 1.1 ലക്ഷം കോടി രൂപയാണു ലേലത്തിലൂടെ സര്‍ക്കാരിനു ലഭിക്കുന്നത്. സ്വകാര്യ കമ്പനികള്‍ ഉപയോക്താക്കളില്‍നിന്ന് ഈ തുക ഈടാക്കും. ഇതിനായി ടെലികോം താരിഫ് വര്‍ധിപ്പിക്കാനാണു സാധ്യത. ഈ ഘട്ടത്തില്‍ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ആയിരിക്കും ജനങ്ങള്‍ക്ക് ആശ്വാസകരമെന്നിരിക്കെ സ്ഥാപനത്തെ നഷ്ടത്തിലാക്കി ഇല്ലാതാക്കാനുള്ള ശ്രമമാണു സര്‍ക്കാരിന്റേതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.