ഡല്‍ഹി മെട്രോ മാതൃകയില്‍ ലൈറ്റ് മെട്രോ: ഇ. ശ്രീധരന്‍
ഡല്‍ഹി മെട്രോ മാതൃകയില്‍ ലൈറ്റ് മെട്രോ: ഇ. ശ്രീധരന്‍
Saturday, April 18, 2015 12:12 AM IST
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതി ഡല്‍ഹി മെട്രോ മാതൃകയിലാണു വേണ്ടതെന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ലൈറ്റ് മെട്രോ പദ്ധതിയെക്കുറിച്ച് ട്രിഡ തൈക്കാട് ഗസ്റ് ഹൌസില്‍ സംഘടിപ്പിച്ച സെമിനാറില്‍ പദ്ധതിയുടെ രൂപരേഖ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് സ്വകാര്യ പങ്കാളിത്തം ആവശ്യമില്ല. പൂര്‍ണമായി സര്‍ക്കാര്‍ ചെലവില്‍ പദ്ധതി നടപ്പാക്കാനാണ് ഇ. ശ്രീധരന്‍ തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് വിഭാവനം ചെയ്യുന്നത്. മൂലധനച്ചെലവ് കൂടുതലായതിനാലും ലാഭം കുറവായതിനാലും സ്വകാര്യ സംരംഭകര്‍ മുന്നോട്ടുവരാന്‍ സാധ്യതയില്ല. 20 ശതമാനം വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും 60 ശതമാനം പുറത്തുനിന്നുള്ള ഫണ്ടുമാണ് പദ്ധതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. ഇതില്‍ 60 ശതമാനം സര്‍ക്കാര്‍ മേഖലകളില്‍ നിന്നു തന്നെ കണ്െടത്തണമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

3453 കോടി രൂപയാണു പദ്ധതിയുടെ എസ്റിമേറ്റ് തുകയായി കണക്കാക്കുന്നത്. എന്നാല്‍, 2021ല്‍ പദ്ധതിയുടെ പൂര്‍ത്തീകരണ ഘട്ടത്തില്‍ ഇത് 4219 കോടി രൂപയാകും.

ലൈറ്റ് മെട്രോയുടെ ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ള നിര്‍മാണച്ചെലവ് 158 കോടി രൂപയാണ്. ടെക്നോസിറ്റി മുതല്‍ കരമന വരെയുള്ള 21.82 കിലോമീറ്റര്‍ ദൂരമാണ് ലൈറ്റ് മെട്രോ ഓടുക. അഞ്ചു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ.

മൂന്നു ഘട്ടമായാണു നിര്‍മാണം വിഭജിച്ചിരിക്കുന്നത്. ടെക്നോസിറ്റി-കാര്യവട്ടം, കാര്യവട്ടം- കേശവദാസപുരം, കേശവദാസപുരം- കരമന എന്നിങ്ങനെയാണ് നിര്‍മാണം വിഭജിച്ചിരിക്കുന്നത്. ഇതില്‍ ടെക്നോസിറ്റി-കാര്യവട്ടം, കേശവദാസപുരം- കരമന എന്നീ ഭാഗങ്ങളില്‍ താരതമ്യേന ബുദ്ധിമുട്ടില്ലാതെ മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. എന്നാല്‍ കാര്യവട്ടം- കേശവദാസപുരം സെക്ഷന്‍ പൂര്‍ത്തീകരിക്കാന്‍ അഞ്ചു വര്‍ഷം വേണ്ടിവരും. വീതി കുറഞ്ഞ റോഡും ഉള്ളൂര്‍, ശ്രീകാര്യം, പട്ടം എന്നിവിടങ്ങളിലെ ഫ്ളൈ ഓവര്‍ നിര്‍മാണവുമാണ് ഇവിടെ പ്രശ്നം. ഇവിടെ മാത്രം 550 കോടി രൂപയാണ് നിര്‍മാണച്ചെലവു കണക്കാക്കുന്നത്.

ടെക്നോസിറ്റി മുതല്‍ കരമനവരെ 19 സ്റേഷനുകളാണ് ലൈറ്റ് മെട്രോയ്ക്കായി തയാറാക്കുന്നത്. സ്റേഷനുകള്‍ക്കു കാര്യമായ രീതിയില്‍ സ്ഥലം ആവശ്യമില്ല. കൊച്ചി മെട്രോ സ്റേഷനുകളുടെ മൂന്നില്‍ രണ്ടു ഭാഗം മാത്രമെ ലൈറ്റ് മെട്രോ സ്റേഷനുകള്‍ക്ക് ആവശ്യമായി വരുന്നുള്ളൂ. 600 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധ്യമാകുന്ന തരത്തില്‍ മൂന്നു കോച്ചുകളാണ് ലൈറ്റ് മെട്രോയ്ക്കുള്ളത്. ഒരേ ക്ളാസുകളിലുള്ള കോച്ചുകളാണ് എല്ലാം. ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ രീതിയിലുള്ള ടിക്കറ്റ് സമ്പ്രദായം ഒരുക്കുന്ന ലൈറ്റ് മെട്രോയ്ക്ക് ബസ് ചാര്‍ജിന്റെ ഒന്നര ശതമാനം മാത്രം അധിക തുക നല്‍കിയാല്‍ മതിയാകും. മിനിമം ചാര്‍ജ് ബസില്‍ ഏഴു രൂപ നല്‍കുമ്പോള്‍ ലൈറ്റ് മെട്രോയില്‍ 13 രൂപയാണ് ടിക്കറ്റ് നിരക്ക്.


മോണോറെയില്‍ പദ്ധതി അട്ടിമറിച്ചത് ഡിഎംആര്‍സി തന്നെയാണെന്ന് വി. ശിവന്‍കുട്ടി എംഎല്‍എ സെമിനാറില്‍ പറഞ്ഞു. കോടിക്കണക്കിനു രൂപയുടെ കരാര്‍ ഡിഎംആര്‍സിയെ ഏല്‍പിച്ചതു നിയമം ലഘിച്ചാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നുണ്ടായ ബഹളത്തെ തുടര്‍ന്ന് ശിവന്‍കുട്ടിയും മേയര്‍ കെ. ചന്ദ്രികയും മറ്റ് ഇടതുപക്ഷ പ്രതിനിധികളും സെമിനാറില്‍ നിന്നും ഇറങ്ങിപ്പോയി.

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. നാറ്റ്പാക് ഡയറക്ടര്‍ ഡോ. ശ്രീദേവി, ട്രിഡ ചെയര്‍മാന്‍ വേണുഗോപാല്‍, ചീഫ് ടൌണ്‍ പ്ളാനര്‍ അജയകുമാര്‍, കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍, ബിജെപി നേതാവ് ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കച്ചവടമല്ല സേവനമാണു താത്പര്യം

സ്വന്തം ലേഖകന്‍



തിരുവനന്തപുരം: കച്ചവടമല്ല സേവനമാണു താത്പര്യമെന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഡോ.ഇ. ശ്രീധരന്‍ പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതിയെക്കുറിച്ച് ട്രിഡ തൈക്കാട് ഗസ്റ് ഹൌസില്‍ സംഘടിപ്പിച്ച സെമിനാറില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പദ്ധതികള്‍ക്കായി ഡിഎംആര്‍സി താത്പര്യം പ്രകടിപ്പിച്ചു വന്നതല്ല. ഡിഎംആര്‍സിക്ക് ഇക്കാര്യത്തില്‍ യാതൊരു താത്പര്യവുമില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണു ഡിഎംആര്‍സി കേരളത്തില്‍ തങ്ങളുടെ സേവനം ലഭ്യമാക്കിയത്. ജയ്പൂര്‍, നോയിഡ, ഘാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഡിഎംആര്‍സി പദ്ധതികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഡിഎംആര്‍സി ഒരു ഗവണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ ആണ്, ടെന്‍ഡറില്‍ പങ്കെടുക്കാറില്ല.

ഓരോ സര്‍ക്കാരും ഡിഎംആര്‍സിയെ പദ്ധതികള്‍ നേരിട്ട് ഏല്‍പിക്കുകയാണ് ചെയ്യുന്നത്. താന്‍ ഡിഎംആര്‍സിയുടെ എംഡിയല്ല, മുഖ്യ ഉപദേഷ്ടാവ് മാത്രമാണ്. സര്‍ക്കാരിനു ഡിഎംആര്‍സിയെ വേണ്െടങ്കില്‍ വേണ്ട. ഡിഎംആര്‍സിക്കിത് കച്ചവടമല്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.