യുവതിയെ കാറിടിപ്പിച്ച സംഭവം: ഷിബിനെ കസ്റഡിയില്‍ വിട്ടു; അച്ഛന് ഉപാധികളോടെ ജാമ്യം
Saturday, April 18, 2015 12:11 AM IST
തൃശൂര്‍: അരിമ്പൂരില്‍ യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റിലായ പ്രതി ഷിബിനെ പോലീസ് കസ്റഡിയില്‍ വിട്ടു. പിതാവ് സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതി ജഡ്ജ് ടി.അനിലാണു ജാമ്യാപേക്ഷയും കസ്റഡി അപേക്ഷയും പരിഗണിച്ചത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് നോട്ടിനൊപ്പം കൂടുതല്‍ തെളിവെടുപ്പിനായി പ്രതി ഷിബിനെ കസ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അപേക്ഷ പരിഗണിക്കുന്നതു മാറ്റുകയായിരുന്നു. പോലീസിന്റെ കസ്റഡി അപേക്ഷ പരിഗണിച്ചതോടൊപ്പമാണു ജാമ്യാപേക്ഷയും പരിഗണിച്ചത്. എന്നാല്‍, ഷിബിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയും സുരേന്ദ്രനു കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.

20 വരെയാണ് കസ്റഡി അനുവദിച്ചിരിക്കുന്നത്. പോലീസ് സ്റേഷന്‍ പരിധി വിട്ടുപോകരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം, അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് സുരേന്ദ്രനു ജാമ്യം അനുവദിച്ചത്.

വ്യാഴാഴ്ച തന്നെ ഷിബിനെ സംഭവം നടന്ന അരിമ്പൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നുവെങ്കിലും യുവതിയെ ആക്രമിക്കുന്ന സമയത്ത് ഇയാളുടെ കൈവശം കത്തിയും ചില്ലും ഉണ്ടായിരുന്നുവെന്ന മൊഴിയെത്തുടര്‍ന്ന് ഇതു കണ്െടത്തുന്നതടക്കമുള്ള നടപടികള്‍ക്കായാണു പോലീസ് കസ്റഡിയില്‍ വാങ്ങിയിട്ടുള്ളത്.

ഇന്നുതന്നെ ഷിബിനെ എത്തിച്ചു തെളിവെടുപ്പു നടത്താനാണു പോലീസ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പിനിടയില്‍ നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ മുന്‍ കരുതലുകളെടുക്കും.

പഴനിയില്‍ അന്വേഷണ സംഘം തെരഞ്ഞത് മുപ്പതോളം ലോഡ്ജുകള്‍

തൃശൂര്‍: ആറുപേരെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം പോലീസിന്റെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞ ഷിബിനെ അന്വേഷിച്ചു കേരളത്തില്‍നിന്നു പഴനിയിലെത്തിയ പോലീസ് സംഘം പ്രതിയെ തേടി കയറിയിറങ്ങിയതു പഴനിയിലെ മുപ്പതോളം ലോഡ്ജുകളില്‍.

ഷിബിനും പിതാവ് സുരേന്ദ്രനും പഴനിയിലേക്കു കടന്നതായി ബന്ധുക്കളില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.ഒ.വര്‍ഗീസ്, ചേര്‍പ്പ് സിഐ കെ.സി. സേതു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പഴനിയിലെത്തിയത്. തുടര്‍ന്നു പഴനി അടിവാരത്തെയും സമീപത്തുമുള്ള നിരവധി ലോഡ്ജുകളില്‍ പോലീസ് ഷിബിന്റെയും പിതാവിന്റെയും ഫോട്ടോ കാണിച്ചു കയറിയിറങ്ങി. മുപ്പതോളം ലോഡ്ജുകളില്‍ തെരഞ്ഞിട്ടും ഇവരെ കിട്ടാതെ വന്നപ്പോള്‍ നേരിയ നിരാശ പോലീസിനു തോന്നിയെങ്കിലും പഴനിയിലെ എസ്.എം.ടി ലോഡ്ജില്‍നിന്ന് ഇരുവരെയും കിട്ടി.

ഷിബിന്റെ ഫോട്ടോ കാണിച്ചുകൊടുത്തയുടന്‍ എസ്.എം.ടി ലോഡ്ജിലെ റിസപ്ഷനിലുണ്ടായിരുന്നവര്‍ തിരിച്ചറിയുകയും ആള്‍ ഇവിടെത്തന്നെയുണ്െടന്നു പോലീസിനോടു പറയുകയും ചെയ്തു. ഒന്നുകൂടി സ്ഥിരീകരിക്കാനായി ലോഡ്ജില്‍ കൊടുത്ത വിലാസം പോലീസ് പരിശോധിച്ചു. ലോഡ്ജില്‍ സുരേന്ദ്രന്‍ ശരിയായ വിലാസം തന്നെയാണു കൊടുത്തിരുന്നത്.


രക്ഷപ്പെടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തെങ്കിലും ലോഡ്ജില്‍ കള്ളപ്പേരും തെറ്റായ വിലാസവും നല്കിയിരുന്നില്ല. ഷിബിനും പിതാവും ലോഡ്ജിലുണ്െടന്ന് ഉറപ്പായതോടെ പോലീസ് മുറിയിലേക്കെത്തുകയും പ്രതികളെ കസ്റഡിയിലെടുക്കുകയുമായിരുന്നു.

പഴുതടച്ചുള്ള അന്വേഷണവും കൃത്യമായ തെളിവുകളുമെല്ലാമായതിനാല്‍ എതിര്‍ക്കാന്‍ പോലും നില്‍ക്കാതെ ഷിബിനും സുരേന്ദ്രനും പോലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചു.

മൊബൈലും സിം കാര്‍ഡും നശിപ്പിച്ചു

തൃശൂര്‍: ആറുപേരെ ഇടിച്ചു തെറിപ്പിച്ചപ്പോള്‍ത്തന്നെ സംഗതി കൈവിട്ടെന്നു ബോധ്യപ്പെട്ട ഷിബിന്‍ പിടിക്കപ്പെടാന്‍ വഴിയൊരുക്കുന്ന മൊബൈല്‍ ഫോണ്‍ ആദ്യം നശിപ്പിച്ചു. പിന്നെ സിം കാര്‍ഡുകള്‍ ഒടിച്ചുകളഞ്ഞു. തുടര്‍ന്നു പാലയ്ക്കലില്‍ ബണ്ട് റോഡിലെത്തി അവിടെയുള്ള അമ്മായി രേണുകയുടെ ഫോണില്‍നിന്നാണു തുടര്‍വിളികള്‍ നടത്തി രക്ഷപ്പെടാനുള്ള വഴി തേടിയത്.

മകനെ രക്ഷപ്പെടുത്താന്‍ അച്ഛന്‍ സുരേന്ദ്രനും പ്രമുഖ അഭിഭാഷകനുമെത്തിയതോടെ ഷിബിന്‍ താന്‍ സുരക്ഷിതനായെന്നു ധരിച്ചു. മൊബൈല്‍ ഫോണും സിം കാര്‍ഡുമൊക്കെ നശിപ്പിച്ചതിനാല്‍ പോലീസിനും സൈബര്‍ സെല്ലിനും ഇവരെ “പിന്തുടരാന്‍” അല്‍പ്പം പാടുപെടേണ്ടിവന്നു. എന്നാല്‍, ബന്ധുക്കളുടെ ഫോണ്‍ നമ്പറുകള്‍ ട്രെയ്സ് ചെയ്ത് അതിലെ കോളുകള്‍ പരിശോധിച്ചു ടവര്‍ ലൊക്കേഷന്‍ കണ്െടത്തി സൈബര്‍സെല്‍ പോലീസിന് അപ്പപ്പോള്‍ വിവരം നല്‍കിക്കൊണ്ടിരുന്നു. തുടര്‍ന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ പഴനിക്കു കടക്കാന്‍ സാധ്യതയുള്ളതായി സൂചന ലഭിച്ചത്. ഇതോടെ പോലീസ് പഴനിക്കു തിരിക്കുകയായിരുന്നു.

പരിക്കേറ്റവരുടെ നില ഗുരുതരം: ഒരാളെ എറണാകുളത്തേക്കു മാറ്റി

തൃശൂര്‍: ഷിബിന്‍ കാറിടിപ്പിച്ചു പരിക്കേല്‍പ്പിച്ചവരില്‍ ഗുരുതരാവസ്ഥയിലുള്ള യുവതിയെ തൃശൂരില്‍നിന്നു വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്കു മാറ്റി. അരിമ്പൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘം സെക്രട്ടറി കണാറ ശ്യാമളയുടെ മകള്‍ അമൃതയെ(23)ആണു തൃശൂര്‍ സണ്‍ മെഡിക്കല്‍ സെന്ററില്‍നിന്ന് എറണാകുളത്തെ ആസ്റര്‍ മെഡിസിറ്റിയിലേക്കു കൊണ്ടുപോയത്. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന അമൃതയുടെ നില അതീവഗുരുതരമാണ്. സണ്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലുള്ള അമൃതയുടെ അമ്മ ശ്യാമള ഐസിയുവിലും കാട്ടിപ്പറമ്പില്‍ മാധവന്റെ ഭാര്യ പത്മിനി(55) വെന്റിലേറ്ററിലും തുടരുകയാണ്. പത്മിനിയുടെയും ശ്യാമളയുടേയും തലയ്ക്കു ഗുരുതര പരിക്കുണ്ട്.

ഷിബിന്റെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കാന്‍ ശിപാര്‍ശ നല്‍കും

തൃശൂര്‍: ആറുപേരെ കാറിടിച്ചു കൊലപ്പെടുത്താന്‍ മനപ്പൂര്‍വം ശ്രമിച്ച ഷിബിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കാന്‍ പോലീസ് ആവശ്യപ്പെടും. കോടതിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മയക്കുമരുന്നുകള്‍ക്ക് അടിമയായ ഷിബിന്‍ ആറുപേരെ ബോധപൂര്‍വം കാറിടിപ്പിച്ചു പൈശാചികമായി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നു പോലീസ് റിപ്പോര്‍ട്ട് നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.