ശ്രീലങ്കന്‍ പ്രധാനമന്ത്രി ഇന്നു കൊച്ചിയില്‍
Saturday, April 18, 2015 12:18 AM IST
കൊച്ചി: ഏകദിന സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇന്നു കൊച്ചിയിലെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി എത്തുന്ന ശ്രീലങ്കന്‍ പ്രധാനമന്ത്രിയും അഞ്ചംഗ സംഘവും വൈകുന്നേരം കൊളംബോയ്ക്കു മടങ്ങും.

ശ്രീലങ്കയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്നു രാവിലെ 8.50നു നെടുമ്പാശേരിയില്‍ എത്തുന്ന വിക്രമസിംഗെ 9.20നു ഗുരുവായൂര്‍ക്കു യാത്ര തിരിക്കും. 11നു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും പൂജയും നടത്തി 12.30നു മാരിയറ്റ് ഹോട്ടലിലേക്കു യാത്ര തിരിക്കും. ഹോട്ടലില്‍ വിശ്രമിക്കുന്ന സംഘം വൈകുന്നേരം മൂന്നിനു വിമാനത്താവളത്തിലേക്കു പുറപ്പെടും. അവിടെയുള്ള പുസ്തകശാല സന്ദര്‍ശിച്ച് 4.15ന് പ്രധാനമന്ത്രിയും സംഘവും കൊളംബോയ്ക്കു മടങ്ങും.


പ്രധാനമന്ത്രിയുടെ പത്നി പ്രഫ.മൈത്രി വിക്രമസിംഗെ, ഹിന്ദുമത കാര്യ, പുനര്‍നിര്‍മ്മാണ മന്ത്രി സി.എം. സ്വാമിനാഥന്‍, റിട്ട. ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഡബ്ള്യു. ഡബ്ള്യു. വിക്രമസിംഗെ, പിഎസ്ഒ അശോക് അരിയവന്‍സ, സുരക്ഷ ഉദ്യോഗസ്ഥന്‍ ഡബ്ള്യു. ഹെര്‍ത്ത് എന്നിവരാണു സംഘത്തിലെ മറ്റുള്ളവര്‍. സംസ്ഥാന സര്‍ക്കാര്‍ അതിഥിയായാണു പ്രധാനമന്ത്രിയും സംഘവും കേരളം സന്ദര്‍ശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.