മന്ത്രി ബാബുവിനെതിരേയും കേസ് വേണം: കോടിയേരി
മന്ത്രി ബാബുവിനെതിരേയും കേസ് വേണം: കോടിയേരി
Thursday, April 2, 2015 2:18 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: ധനമന്ത്രി കെ.എം. മാണിയേപ്പോലെത്തന്നെ ബാര്‍ കോഴ ആരോപണം ഉയര്‍ന്ന എക്സൈസ് മന്ത്രി കെ. ബാബുവിനെതിരേയും കേസെടുക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജിലന്‍സ് എക്സൈസ് മന്ത്രി ബാബുവിനെ വഴിവിട്ടു സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ ആരോപിതരായ മന്ത്രിമാരെ പുറത്താക്കി അറസ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 22 നു സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും ഉപരോധസമരം നടത്തുമെന്നു കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. കളക്ടറേറ്റുകളും സെക്രട്ടേറിയറ്റും അന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

നിയമസഭയില്‍ വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്തതിനെതിരേ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തില്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. ബജറ്റ് അംഗീകരിച്ചെന്ന ഗവര്‍ണറുടെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

കെ.എം. മാണിക്കെതിരേ ഒരു കോടിയുടെ കോഴ ആരോപണമാണ് ഉയര്‍ന്നതെങ്കില്‍ ബാര്‍ വിഷയത്തില്‍ 30 കോടി രൂപയുടെ ആരോപണമാണുള്ളത്. തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏഴു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഇത്തരം കേസുകളില്‍ അറസ്റ് ഒഴിവാക്കണമെങ്കില്‍ കോടതിയുടെ അനുമതി തേടണമെന്നാണു നിയമം. എന്നാല്‍ മാണി മന്ത്രിയായി തുടരുന്നതിനാലാണ് അറസ്റുചെയ്യാത്തത്. മുഖ്യമന്ത്രിയുടെ അറിവും പങ്കാളിത്തവുമുള്ളതിനാലാണ് മാണിയേയും കോണ്‍ഗ്രസ് മന്ത്രിയേയും വഴിവിട്ടു സഹായിക്കുന്നത്.


മദ്യ ഉപയോഗം കുറയ്ക്കണമെന്ന മദ്യവര്‍ജന നയമാണ് സിപിഎമ്മിനുള്ളതെന്നു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഘട്ടംഘട്ടമായി മദ്യനിരോധനം നടത്തുമെന്നു പറയുന്നതു ഘട്ടംഘട്ടമായി കൈക്കൂലി വാങ്ങാനാണ്. ഹൈക്കോടതിവിധിക്കെതിരേ ബാര്‍ ഉടമകള്‍ സുപ്രീം കോടതിയിലേക്കു പോയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒത്തുകളി പുറത്താകും. കോടതിവിധി ഉപയോഗിച്ച് വലിയ കുംഭകോണത്തിനാണ് അവസരമൊരുക്കിയിരിക്കുന്നത്.

യുഡിഎഫിലെ പല രഹസ്യ ഇടപാടുകളുടേയും വിവരങ്ങള്‍ പുറത്തുവിടുമെന്നു ഭയമുള്ളതിനാലാണ് പി.സി. ജോര്‍ജിനെ കേരള കോണ്‍ഗ്രസിന്റെ ഏക വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും യുഡിഎഫ് ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റാന്‍ തയാറാകാത്തത്.

മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയനോട് അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കില്‍ പത്നി സുലേഖ ടീച്ചറെ രാജ്യസഭയിലേക്കു മത്സരിപ്പിച്ചു വിജയിപ്പിക്കുമായിരുന്നു. അരുവിക്കര നിയമസഭാ സീറ്റ് ആര്‍എസ്പിക്കു വിട്ടുകൊടുക്കുമോയെന്നു യുഡിഎഫ് പറയട്ടെ. ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ടെങ്കിലും എല്‍ഡിഫില്‍ ഇല്ല: അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.