യെമനിലെ ഇന്ത്യക്കാരെ എത്തിക്കാന്‍ കൂടുതല്‍ വിമാന സര്‍വീസ് വേണം: മന്ത്രി കെ.സി. ജോസഫ്
യെമനിലെ ഇന്ത്യക്കാരെ എത്തിക്കാന്‍ കൂടുതല്‍ വിമാന സര്‍വീസ് വേണം: മന്ത്രി കെ.സി. ജോസഫ്
Thursday, April 2, 2015 2:39 AM IST
കണ്ണൂര്‍: യെമനില്‍ കുടങ്ങിയിരിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാന സര്‍വീസ് നടത്താന്‍ സൌദി സര്‍ക്കാര്‍ അനുമതി നല്കണമെന്ന് മന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു. സനാ വിമാനത്താവളത്തില്‍നിന്ന് ഇന്ത്യയിലെ വിമാനങ്ങള്‍ക്കു യെമനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവരെ നാട്ടില്‍ കൊണ്ടുവരുന്നതിന് അനുമതിക്കു സമ്മര്‍ദം ചെലുത്തുന്നതടക്കം അഞ്ചിന നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനു സമര്‍പ്പിച്ചതാ യി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ കെ.സി. ജോസഫ് അറിയിച്ചു.

കൂടുതല്‍ വിമാനങ്ങളും കപ്പലുകളുമയച്ച് ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണം. പാസ്പോര്‍ട്ട് രേഖകള്‍ പിടിച്ചുവയ്ക്കുന്നതും വിട്ടുകൊടുക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നതും ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസിയെ ഇടപെടുവിക്കണം. രേഖകള്‍ ഇല്ലാത്തവര്‍ക്ക് എക്സിറ്റ് പാസ് അനുവദിക്കണം. യമനില്‍ കൂടുതലും മലയാളികളായതിനാല്‍ വിമാനങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും എത്തിക്കാന്‍ നടപടി വേണമെന്നുമാണു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.


തിരിച്ചെത്തുന്നവരെ നോര്‍ക്കയുടെ ചെലവില്‍ വീടുകളിലെത്തിക്കും. പോക്കറ്റ് മണിയായി 2000 രൂപ വീതവും നല്കും. യമനില്‍നിന്നുള്ള ആദ്യ വിമാനം ഇന്നു രാവിലെ എട്ടിന് ഇന്ത്യയിലെത്തും. ഓരോ ദിവസം കഴിയുമ്പോഴും യമനിലെ സംഭവത്തില്‍ വലിയ ആശങ്കയാണ്. നിലവില്‍ 3500 ഓളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്െടന്നാണ് വിവരം. ഇതില്‍ മുക്കാല്‍ഭാഗവും മലയാളികളാണ്. ഇപ്പോള്‍ യമനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്കുന്നതെന്നും മന്ത്രി ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.