മത്സ്യത്തൊഴിലാളി സമരത്തെ പിന്തുണയ്ക്കും: ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം
Thursday, April 2, 2015 2:34 AM IST
തിരുവനന്തപുരം: തൊഴിലെടുക്കാനുളള അവകാശത്തിനായി മല്‍സ്യത്തൊഴിലാളികള്‍ ഈ മാസം എട്ടിന് നടത്തുന്ന സമരത്തെ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ (കെആര്‍എല്‍സിസി) പിന്തുണയ്ക്കുമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. എം. സൂസ പാ വക്യം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ കടല്‍സമ്പത്ത് നിര്‍ബാധം ചൂഷണം ചെയ്യാനുള്ള നിര്‍ദേശങ്ങളടങ്ങിയ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം. 90 ലക്ഷത്തിലധികം വരുന്ന മല്‍സ്യത്തൊഴിലാളികളെ കടുത്ത ദാരിദ്യ്രത്തിലേക്ക് തള്ളിവിടുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര മൃഗപരിപാലനവകുപ്പ് പുറത്തിറക്കിയിട്ടുള്ള മറൈന്‍ ഫിഷറീസ് (റെഗുലേഷന്‍ ആന്‍ഡ് മാനേജ്മെന്റ് ബില്‍) ഉടന്‍ പിന്‍വലിക്കണം. സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ മല്‍സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ യാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പെര്‍മിറ്റും വാങ്ങണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ല.


ഈ മാസം എട്ടിന് മത്സ്യതൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ പങ്കുചേരുന്നതോടൊപ്പം മല്‍സ്യത്തൊഴിലാളി സമൂഹത്തിന്റെ ആവശ്യങ്ങളുയര്‍ത്തി വിവിധ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളി ഫോറങ്ങളോടും ലത്തീന്‍ സഭയിലെ അല്‍മായ-യുവജനസംഘടനകളോടും സാമൂഹികസംഘടനകളോടും കെആര്‍എല്‍സിസി ആഹ്വാനം ചെയ്തു.

മല്‍സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന കേന്ദ്രനയത്തിനെതിരേ തീരദേശഹര്‍ത്താല്‍ ദിനമായ ഈ മാസം എട്ടിന് രാവിലെ 10 മണിക്ക് കെആര്‍എല്‍സിസി യുവജനകമ്മീഷന്റെ നേതൃത്വത്തല്‍ കന്യാകുമാരി മുതല്‍ കണ്ണൂര്‍ വരെയുള്ള കടല്‍ത്തീരത്ത് ഉപ്പുകുറുക്കല്‍ സമരം നടത്തും. ഓരോ തീരദേശഗ്രാമങ്ങളിലെ കടല്‍ത്തീരത്ത് അടുപ്പുകള്‍കൂട്ടി കടല്‍വെള്ളമെടുത്ത് ഉപ്പുകുറുക്കിക്കൊ ണ്ടാണ് പ്രതിഷേധം.

മല്‍സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പല വാഗ്ദാനങ്ങളും ഇതുവരെ പാലിച്ചിട്ടില്ലെന്നും ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.