ബാര്‍ തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കണം: ഐഎന്‍ടിയുസി
Thursday, April 2, 2015 2:33 AM IST
കോട്ടയം: ബാര്‍ പൂട്ടുന്നതുമൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കു പുനരധിവാസ പാക്കേജല്ല, പകരം തൊഴില്‍ നല്‍കുകയാണു വേണ്ടതെന്നു ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. ബാര്‍ തൊഴിലാളികള്‍ക്കെല്ലാം ബീയര്‍, വൈന്‍ പാര്‍ലറുകളില്‍ തൊഴില്‍ നല്‍കുമെന്നാണു മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, ഇതു പ്രായോഗികമല്ലെന്നു മുഖ്യമന്ത്രിക്കുവരെ അറിയാം. നേരത്തെ ചാരായ നിരോധനമുണ്ടായപ്പോഴും ഇത്തരം പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും നടന്നതെന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ചന്ദ്രശേഖരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജോലി നഷ്ടപ്പെടുന്നവര്‍ക്കു വേറെ മേഖലയില്‍ ജോലി കൊടുക്കണം. സര്‍ക്കാരിന്റെ നയംമാറ്റം മൂലം തൊഴിലാളികള്‍ ഇരകളാകുയാണ്. ഇക്കാര്യങ്ങള്‍ കെപിസിസി യോഗത്തില്‍ ഉള്‍പ്പെടെ ഉന്നയിക്കും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്തെ തൊഴില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തൊഴിലാളി യൂണിയനുകളുടെ ഒരു യോഗം പോലും വിളിച്ചിട്ടില്ല. പാചകവാതക വിതരണ മേഖലയിലെ സമരങ്ങള്‍ പരിഹാരമുണ്ടാക്കാന്‍ ശാശ്വത പരിഹാരം നിര്‍ദേശിച്ചപ്പോള്‍ മുഖ്യമന്ത്രി പിന്തുണയ്ക്കുകയും ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, ആദ്യഘട്ടത്തില്‍ ചര്‍ച്ച നടത്തിയതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടായില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എപ്പോഴും തിരക്കാണെന്നും ചന്ദ്രശേഖരന്‍ പരിഹസിച്ചു. ബാര്‍ കോഴ വിഷയത്തില്‍ മന്ത്രി മാണിക്കെതിരായ നടപടികള്‍ പോലെ മറ്റുമന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളിലും നിയമപരമായി കാര്യങ്ങള്‍ പോകും. ബാര്‍ കോഴ വിഷയത്തില്‍ അഭിപ്രായത്തിനു ഐഎന്‍ടിയുസി ഇല്ല. ഉത്സവം കാണുന്ന കാഴ്ചക്കാരെപ്പോലെ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.