ലോറി ഉടമകളുടെ സമരം തുടരുന്നു; പാലക്കാട് വഴിയുള്ള ചരക്കുനീക്കം രണ്ടാം ദിനവും സ്തംഭിച്ചു
Thursday, April 2, 2015 2:16 AM IST
സ്വന്തം ലേഖകന്‍

പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റിലെ ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തി ലോറി ഉടമകളുടെ നേതൃത്വത്തില്‍ആരംഭിച്ച അനിശ്ചികാലസമരം തുടരുന്നു. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ്(എഐഎംടിസി) ന്റെ ആഭിമുഖ്യത്തിലാണ് സമരം. ഇതോടെ പാലക്കാടുവഴിയുള്ള ചരക്കുനീക്കം രണ്ടാം ദിനവും സ്തംഭിച്ചു.

അതേസമയം, ഇന്നു ലോറി ഉടമകളുമായി സര്‍ക്കാര്‍ നടത്താനിരുന്ന ചര്‍ച്ച വീണ്ടും മാറ്റിയെന്നും എന്നു ചര്‍ച്ചയില്‍ തീരുമാനമാകുന്നുവോ അതുവരെ സമരം തുടരുമെന്നും ലോറി ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം. നന്ദകുമാര്‍ അറിയിച്ചു.

ചൊവ്വാഴ്ച അര്‍ധരാത്രിമുതലാണ് വാളയാര്‍ ഉള്‍പ്പടെയുള്ള ജില്ലയിലെ ഏഴു ചെക്ക്പോസ്റുകളില്‍ സമരം തുടങ്ങിയത്. കേരളത്തിലേക്കും പുറത്തേക്കും ഇതോടെ ചരക്കുനീക്കം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ഇന്നലെ വാളയാര്‍ ചെക്ക്പോസ്റിന്റെ രണ്ടു ഭാഗങ്ങളിലും ചരക്കുലോറികള്‍ കാത്തുകിടന്നിരുന്നു. സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ള നോട്ടീസുകളും ലോറികളില്‍ പതിപ്പിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രി എത്തിച്ചേര്‍ന്നിരുന്ന ചരക്കുലോറികള്‍ മാത്രമാണ് ക്ളിയറന്‍സ് ലഭ്യമായതിനെതുടര്‍ന്ന് ചെക്ക്പോസ്റ് കടന്നുപോയത്. കേരളത്തില്‍നിന്നും പത്തുശതമാനത്തോളം ലോറികള്‍മാത്രമാണ് ഇത്തരത്തില്‍ പോയിട്ടുള്ളതെന്നും ഇവര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


സാധാരണ ദിവസങ്ങളില്‍ വാളയാറിലൂടെ മാത്രം 2500 ഓളം ചരക്കുലോറികളാണ് കടന്നുപോകാറുള്ളത്.
ജില്ലയിലെ മറ്റു അതിര്‍ത്തി ചെക്ക്പോസ്റുകളായ വാളയാര്‍, വേലന്താവളം, ഗോപാലപുരം, കോഴിപ്പാറ, മീനാക്ഷിപുരം, നടുപ്പുണി തുടങ്ങിയ ചെക്ക്പോസ്റുകള്‍ വഴിയും ചരക്കുനീക്കം നിലച്ചു.

തമിഴ്നാട്ടില്‍നിന്നു കേരളം വന്‍തോതില്‍ ഇറക്കുമതിചെയ്യുന്ന പച്ചക്കറി, കോഴി, കോഴിമുട്ട തുടങ്ങിയവയുടെ വരവും നിലയ്ക്കുന്നതിലേക്കാണ് സാഹചര്യങ്ങള്‍ നീളുന്നത്. കേരളത്തിലെ മറ്റു ചെക്ക്പോസ്റുകളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളതാണ് നേരിയ ആശ്വാസം. എങ്കിലും, സംസ്ഥാനത്തെ പ്രധാന ചെക്ക്പോസ്റായ വാളയാറിലെ ചരക്കുനീക്കം സ്തംഭിക്കുന്നതു വിപണിയെ സാരമായി ബാധിച്ചേക്കുമെന്നുതന്നെയാണ് വിലയിരുത്തല്‍.

കേരള - തമിഴ്നാട് ലോറി ഓണേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തില്‍ ശക്തമായി മുന്നിലുള്ളതിനാല്‍ കേരളത്തിലും തമിഴ്നാട്ടിലും ചരക്കുനീക്കം പൂര്‍ണമായും സ്തംഭിച്ചിട്ടുണ്ട്. അതേസമയം, സമരം എത്രയുംവേഗം ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദേശം വിവിധ മന്ത്രിതലങ്ങളില്‍ നിന്നു ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.