സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ വിദ്യാഭ്യാസ സെക്രട്ടറി നേരിട്ടു ഹാജരാകണം
Thursday, April 2, 2015 2:26 AM IST
കൊച്ചി: ഗവണ്‍മെന്റ് സ്കൂളുകളില്‍ പിടിഎ നടത്തുന്ന പ്രീപ്രൈമറി ക്ളാസുകളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും ശമ്പളവര്‍ധനയും സേവനവ്യവസ്ഥകളും ആവശ്യപ്പെട്ട് നല്‍കിയ റിട്ട് ഹര്‍ജികളില്‍ മേയ് 22നകം സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നില്ലെങ്കില്‍ 25നു വിദ്യാഭ്യാസ സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

പ്രീപ്രൈമറി ടീച്ചേഴ്സ് ആന്‍ഡ് ആയാസ് അസോസിയേഷനും വിവിധ ജില്ലകളില്‍ നിന്നുള്ള അധ്യാപകരും ആയമാരും സമര്‍പ്പിച്ച റിട്ട് ഹര്‍ജികളില്‍ ജസ്റീസ് മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്.

2012ലെ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ ഇവര്‍ക്ക് മെച്ചപ്പെട്ട സേവന വ്യവസ്ഥകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അതിനു കാലതാമസമുണ്ടാകുമെന്നതിനാല്‍ ഇടക്കാലാശ്വാസമായി ടീച്ചര്‍മാര്‍ക്ക് 5,000 രൂപയും ആയമാര്‍ക്ക് 3,500 രൂപയും നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ജീവിക്കാനുള്ള വേതനം നല്‍കണമെന്ന് ഭരണഘടന 43-ാം അനുഛേദത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത് മൌലികാവകാശവുമാണെന്ന് കോടതി ഓര്‍മിപ്പിച്ചു.


ഉത്തരവ് നടപ്പാക്കാന്‍ നിരന്തരം നിവേദനങ്ങള്‍ നല്‍കി രണ്ടരവര്‍ഷം കാത്തിരുന്നിട്ടും ശമ്പളവര്‍ധന അനുവദിക്കാത്തത് സംബന്ധിച്ച് വിശദീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്െടന്ന് ഹര്‍ജിയില്‍ പറയുന്നു. തുഛമായ ശമ്പളത്തില്‍ 30 വര്‍ഷം സേവനം ചെയ്ത മിക്കവര്‍ക്കും വിരമിക്കല്‍ പ്രായം അടുത്തതിനാല്‍ എത്രയും വേഗം ഹര്‍ജികളില്‍ തീരുമാനമെടുക്കേണ്ട ആവശ്യകതയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.