ഫാക്ടും പെട്രോനെറ്റ് എല്‍എന്‍ജിയും ചീഫ് സെക്രട്ടറി സന്ദര്‍ശിച്ചു
Thursday, April 2, 2015 2:23 AM IST
കൊച്ചി: പ്രതിസന്ധി നേരിടുന്ന പുതുവൈപ്പ് പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലിനും ഫാക്ടിനും പ്രതീക്ഷ പകര്‍ന്നു സംസ്ഥാന ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനം. പുതുവൈപ്പിലെ ടെര്‍മിനലിലും ഉദ്യോഗമണ്ഡലിലെ ഫാക്ട് ആസ്ഥാനത്തും ഏറെ സമയം ചെലവിട്ട ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഈ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ടു യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടല്‍ വാഗ്ദാനം ചെയ്താണു ചീഫ് സെക്രട്ടറി മടങ്ങിയത്.

എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നു മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും പ്രകൃതി വാതക പൈപ്പ്ലൈന്‍ പൂര്‍ത്തിയാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു ചര്‍ച്ചയില്‍ ജിജി തോംസണ്‍ വ്യക്തമാക്കി. ജ്വലനശേഷി കുറഞ്ഞ ഈ ഇന്ധനം ഏറ്റവും സുരക്ഷിതമായ രീതിയിലാണ് പൈപ്പുകളിലൂടെ കൊണ്ടുപോകുന്നത്. പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കലിന്റെ ആവശ്യമില്ല. എന്നാല്‍, ഇതു സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തി പദ്ധതി വൈകിപ്പിക്കാനുള്ള ശ്രമമാണു ചില കേന്ദ്രങ്ങള്‍ നടത്തുന്നത്.

4,600 കോടി രൂപ മുതല്‍മുടക്കില്‍ 50 ലക്ഷം ടണ്‍ പ്രതിവര്‍ഷ ശേഷിയോടെ സ്ഥാപിച്ച എല്‍എന്‍ജി ടെര്‍മിനലിന്റെ ശേഷി ആറു ശതമാനം മാത്രമാണ് ഇപ്പോള്‍ വിനിയോഗിക്കുന്നത്. കായംകുളം എന്‍ടിപിസി താപനിലയത്തിലേക്കും മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കുമുള്ള പൈപ്പ്ലൈന്‍ പൂര്‍ത്തിയായാല്‍ ചെറുതും വലുതുമായ നിരവധി വ്യവസായ സ്ഥാപനങ്ങളും ഊര്‍ജനിലയങ്ങളും കേരളത്തില്‍ സ്ഥാപിക്കപ്പെടും. സംസ്ഥാനത്തിന്റെ വികസനത്തില്‍ വന്‍ കുതിപ്പു നല്‍കേണ്ട നിര്‍ണായക പദ്ധതിയാണിതെന്ന് ജിജി തോംസണ്‍ ചൂണ്ടിക്കാട്ടി.


കെഎസ്ഇബിയും കെഎസ്ആര്‍ടിസിയും ഇന്ധനാവശ്യത്തിന് പ്രകൃതി വാതകം ഉപയോഗപ്പെടുത്തണമെന്നാണു സര്‍ക്കാരിന്റെ നിലപാട്. വാതകം ഉപയോഗിച്ച് ബസുകള്‍ ഓടിക്കാനായാല്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനച്ചെലവില്‍ വന്‍ ലാഭം കൈവരിക്കാന്‍ കഴിയും. പ്രകൃതിവാതകത്തിന്റെ ലഭ്യതയും കുറഞ്ഞ നിരക്കും കെഎസ്ഇബി പ്രയോജനപ്പെടുത്തണം. വീടുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും പ്രകൃതിവാതകമെത്തിക്കാിനുള്ള സിറ്റി ഗ്യാസ് പദ്ധതിയും എത്രയും വേഗം നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

പുതുവൈപ്പ് ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ഫാക്ട് വരെ പൈപ്പ്ലൈന്‍ സ്ഥാപിച്ച് പ്രവര്‍ത്തനസജ്ജമാക്കിയതായി പെട്രോനെറ്റ് അധികൃതര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ കൂറ്റനാട് മുതല്‍ മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കുമുള്ള പൈപ്പ്ലൈന്‍ സ്ഥാപിക്കലാണു പ്രധാനമായും മുടങ്ങിക്കിടക്കുന്നത്. കായംകുളത്തേക്ക് കടലിനടിയിലൂടെ പൈപ്പ്ലൈന്‍ ഇടാനുള്ള നിര്‍ദേശവും മുന്നോട്ടു നീങ്ങിയിട്ടില്ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.