മറിഞ്ഞ ഗ്യാസ് ടാങ്കറില്‍നിന്നു ഗ്യാസ് മാറ്റിയതു 15 മണിക്കൂറിനുശേഷം
മറിഞ്ഞ ഗ്യാസ് ടാങ്കറില്‍നിന്നു ഗ്യാസ് മാറ്റിയതു 15 മണിക്കൂറിനുശേഷം
Thursday, April 2, 2015 2:22 AM IST
തൃശൂര്‍: പട്ടിക്കാട് സെന്ററില്‍ ചൊവ്വാഴ്ച രാത്രി മറിഞ്ഞ ഗ്യാസ് ടാങ്കറില്‍നിന്നു ഗ്യാസ് മറ്റൊരു ടാങ്കറിലേക്കു മാറ്റുന്ന പ്രവര്‍ത്തനം ഇന്നലെ രാവിലെ ആരംഭിച്ച് ഉച്ചയോടെ അവസാനിച്ചു. അഞ്ചുമണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് ഗ്യാസ് മാറ്റല്‍ പ്രക്രിയ പൂര്‍ത്തിയായത്.

കൊച്ചിന്‍ റിഫൈനറിയില്‍നിന്നെത്തിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഗ്യാസ് മാറ്റിയത്. മറിഞ്ഞ ലോറിയിലെ ഗ്യാസ് മുഴുവന്‍ മാറ്റിയശേഷമേ മറിഞ്ഞ ലോറി ഉയര്‍ത്താനാകൂ എന്നതുകൊണ്ട് അപകടം നടന്ന് പതിനഞ്ചുമണിക്കൂറോളം കഴിഞ്ഞാണ് ലോറി ഉയര്‍ത്താന്‍ സാധിച്ചത്. ലോറി റോഡിനു കുറുകെ കിടന്നതുമൂലം മണിക്കൂറുകളോളം തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഇതുമൂലം ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. വടക്കാഞ്ചേരി വഴിയാണ് ഇന്നലെ രാവിലെ മുതല്‍ വണ്ടികള്‍ വഴിതിരിച്ചുവിട്ടത്.

കളമശേരിയില്‍നിന്നു കോയമ്പത്തൂരിലേക്കു പോയിരുന്ന ഭാരത് പെട്രോളിയത്തിന്റെ കാപ്സ്യൂള്‍ ടാങ്കറാണ് മറിഞ്ഞത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. റോഡിന്റെ വശത്തേക്കിറങ്ങിയ ടാങ്കര്‍ മുകളിലേക്കു കയറ്റുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് മറിഞ്ഞത്.

ഡ്രൈവര്‍ മണികണ്ഠന്‍(35) സേലം സ്വദേശിയാണ്. ഇയാളുടെ കാലിനു പരിക്കേറ്റു. ഗ്യാസ് ചോര്‍ച്ചയില്ലാത്തതിനാല്‍ ആശങ്ക വേണ്െടന്നു പോലീസും ഫയര്‍ഫോഴ്സും അറിയിച്ചു.

അപകടത്തെതുടര്‍ന്ന് ചൊവ്വാഴ്ച രാത്രിമുതല്‍ തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം തടസപ്പട്ടിരുന്നു. ചൊവ്വാഴ്ച രാത്രി പാലക്കാടുനിന്നുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇന്നലെ രാവിലെ മുതല്‍ പാലക്കാടു ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ വണ്‍വേയായി തൃശൂരിലേക്കു കടത്തിവിട്ടും ഗതാഗതം നിയന്ത്രിച്ചു. പീച്ചി പോലീസും ഹൈവേ പോലീസും തൃശൂരില്‍നിന്നുള്ള ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഈ ഭാഗത്തെ വ്യാപാരസ്ഥാപനങ്ങള്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അടപ്പിച്ചിരുന്നു. സ്ഥലത്തു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.



വന്‍ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്

തൃശൂര്‍: തലനാരിഴയ്ക്കാണ് പട്ടിക്കാട് ടാങ്കര്‍ അപകടം വന്‍ ദുരന്തത്തില്‍ കലാശിക്കാതിരുന്നത്. കണ്ണൂര്‍ ചാലയില്‍ സംഭവിച്ച ടാങ്കര്‍ അപകടത്തിന്റെ അതേരീതിയിലാണ് പട്ടിക്കാടും അപകടമുണ്ടായത്. ഫുള്‍ ലോഡുമായി പോയിരുന്ന ഗ്യാസ് ടാങ്കറാണ് നിയന്ത്രണം വിട്ട് തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ മറിഞ്ഞത്. ഇത്തരമൊരു അപകടമുണ്ടായാല്‍ എന്തെല്ലാം നടപടികളാണ് അടിയന്തരമായി കൈക്കൊള്ളേണ്ടത് എന്നതിനെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്തതു രക്ഷാപ്രവര്‍ത്തനങ്ങള്‍ അനന്തമായി വൈകിപ്പിച്ചു.

ശാസ്ത്രീയമായി സുരക്ഷാക്രമീകരണങ്ങളോടെ മാത്രമേ ഗ്യാസ് മറ്റൊരു ടാങ്കറിലേക്കു മാറ്റാന്‍ സാധിക്കൂവെന്നതുകൊണ്ട് ധൃതിപിടിച്ചുള്ള നടപടിക്രമങ്ങള്‍ പാടില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമൂലം പതിനഞ്ചു മണിക്കൂറോളം തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. സമീപ പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടാനും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യാനും വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്യാനും അധികൃതര്‍ നിര്‍ദേശം നല്‍കി.

ടാങ്കറിനു ചോര്‍ച്ചയില്ലാതിരുന്നതു വന്‍ദുരന്തം ഒഴിവാക്കി. എന്നാല്‍, മറിഞ്ഞ ടാങ്കറിനുള്ളില്‍നിന്ന് ഗ്യാസ് മറ്റൊരു ടാങ്കറിലേക്കു മാറ്റുന്ന ദൌത്യം ഏറെ അപകടം നിറഞ്ഞതായതിനാല്‍ അതീവസുരക്ഷയാണ് പോലീസും ഫയര്‍ഫോഴ്സും കൊച്ചിന്‍ റിഫൈനറീസില്‍നിന്നു വന്നവരും കൈക്കൊണ്ടത്. മറിഞ്ഞ ടാങ്കറിനകത്തു ഫുള്‍ ലോഡ് ഗ്യാസുള്ളതിനാല്‍ അതിന്റെ മര്‍ദം ക്രമീകരിക്കുന്നതടക്കമുള്ള നടപടികള്‍ റിഫൈനറീസ് അധികൃതര്‍ സ്വീകരിച്ചു. നൂറുകണക്കിനു ടാങ്കര്‍ ലോറികളാണ് തൃശൂര്‍-പാലക്കാട് ദേശീയപാതയിലൂടെ ഇന്ധനങ്ങളും രാസവസ്തുക്കളും ഗ്യാസും മറ്റുമായി ദിവസേന കടന്നുപോകുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരത്തില്‍ ഫിനോള്‍ എന്ന രാസവസ്തു കയറ്റിയ ലോറി പീച്ചിക്കടുത്തു കൊമ്പഴയില്‍ മറിഞ്ഞ് ഫിനോള്‍ പീച്ചി ഡാമിലെ വെള്ളത്തില്‍ കലരുകയും മാസങ്ങളോളം തൃശൂരിലും സമീപപ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.