തെറ്റിദ്ധാരണ പരത്താന്‍ ഗൂഢശ്രമം: ഹൈറേഞ്ച് സംരക്ഷണസമിതി
Thursday, April 2, 2015 2:21 AM IST
കട്ടപ്പന: രാഷ്ട്രീയവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഹൈറേഞ്ച് സംരക്ഷണസമിതിക്കെതിരേ തെറ്റിദ്ധാരണ പരത്തുന്നതിനുള്ള ഗൂഢനീക്കം നടക്കുന്നതായി സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ അറിയിച്ചു. സമിതിക്ക് ഒരിക്കലും രാഷ്ട്രീയ താത്പര്യങ്ങളുണ്ടായിരുന്നില്ല. അതിനാല്‍തന്നെ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നു പറയുന്നതും അര്‍ഥശൂന്യമാണ്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമിതി പോരാട്ടം ആരംഭിച്ചത്. ആ പോരാട്ടം തുടരുകയാണ്.

നാലേക്കര്‍വരെ ഉപാധികളില്ലാതെ പട്ടയം നല്‍കുന്നതിന് 2005-ലെയും 2009-ലെയും നിയമഭേദഗതികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറെനാളുകളായി സമിതി സമരത്തിലായിരുന്നു. അതിന്റെ ഭാഗമായി പ്രസ്തുത ഭേദഗതികള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയം നല്‍കാനും നടപടിതുടങ്ങി. ഇത് സ്വാഗതാര്‍ഹമാണ്.

എന്നാല്‍ ഒരുലക്ഷത്തിലധികം രൂപ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് പട്ടയം ഇല്ലെന്നുള്ള ഉത്തരവ് നിലനില്‍ക്കുന്നു. ഇത് പട്ടയ നടപടികള്‍ക്ക് വിലങ്ങുതടിയാണ്.

കര്‍ഷകര്‍ പട്ടയത്തിനായി കാത്തിരിക്കുന്ന പത്തുചെയിന്‍ മേഖലയില്‍ പട്ടയം കൊടുക്കാന്‍ നയപരമായ തീരുമാനംപോലും ഇതുവരെയും ഉണ്ടായിട്ടില്ല. അനേകായിരങ്ങള്‍ പട്ടയത്തിന് കാത്തിരിക്കുന്ന സെറ്റില്‍മെന്റ് ഏരിയ, അലോട്ട്മെന്റ് ഏരിയ തുടങ്ങിയവയ്ക്കൊന്നും പട്ടയം നല്‍കാന്‍ ആരംഭിച്ചിട്ടില്ല. ഷോപ് സൈറ്റുകള്‍ക്ക് പട്ടയം വേണമെന്നും കുത്തകപ്പാട്ട ഭൂമിക്ക് നാലേക്കര്‍വരെ പട്ടയം വേണമെന്നുമുള്ള ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല.


നിലവില്‍ ഇടുക്കി ജില്ലയിലെ ആറു ഭൂപതിവ് ഓഫീസുകളിലായി 150 ജോലിക്കാരുണ്ട്. ഇവര്‍ കൃത്യമായി ജോലിചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വളരെപെട്ടന്ന് പട്ടയ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഒരുലക്ഷത്തോളം കുടുംബങ്ങളാണ് പട്ടയത്തിനായി മലയോര മേഖലയില്‍ കാത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സമിതി അതിന്റെ പോരാട്ടങ്ങള്‍ തുടരുകയാണ്.

ഹൈറേഞ്ച് മൌണ്ടന്‍ ലാന്‍ഡ്സ്കേപ് പ്രോജക്ടിന്റെ കാര്യത്തിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും പൊട്ടിപ്പുറത്തെ കണികാപരീക്ഷണശാലയുടെ കാര്യത്തിലും ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായും മാറ്റണം. വന്യമൃഗങ്ങള്‍ ജനവാസ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കടന്നുകയറുന്ന സാഹചര്യം നിയന്ത്രിക്കാന്‍ നടപടിയുണ്ടാകണം. ഇക്കാര്യങ്ങളിലെല്ലാം ശക്തമായ പോരാട്ടവുമായി സമിതി രംഗത്തുണ്ട്.

ജനകീയ വിഷയങ്ങളുമായി നടത്തുന്ന പോരാട്ടങ്ങളെ രാഷ്ട്രീയവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാണ്. ജനപിന്തുണ കുറഞ്ഞു, നിലപാടുകള്‍ മാറ്റുന്നു എന്നൊക്കെ പറയുന്നത് ഭാവനകള്‍ മാത്രമാണ്. ജനകീയ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ഇനിയും ജനങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.