ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നു യുവതി
Thursday, April 2, 2015 2:20 AM IST
കൊച്ചി: കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനിയില്‍ ജോലിക്ക് ഇന്റര്‍വ്യൂവിനു പോയ ഭാര്യയെ കാണാതായതു സംബന്ധിച്ചു വാഴക്കാലയില്‍ താമസിക്കുന്ന ജോബിന്‍ ജോണി നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ജിസില്‍ മാത്യു ഹൈക്കോടതിയെ സമീപിച്ചു. വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ് ജോബിന്‍ ജോണിയുമായുള്ള വിവാഹത്തിനു സമ്മതിച്ചതെന്നും സ്വമേധയാ ഭര്‍തൃഗൃഹത്തില്‍ നിന്നു പോയതാണെന്നും ജിസില്‍ മാത്യു ഉപഹര്‍ജിയില്‍ പറയുന്നു.

വിവാഹത്തിനുശേഷം ഭര്‍തൃവീട്ടില്‍ നിന്നു പുറത്തുകടക്കാന്‍ അനുമതിയില്ലാതിരുന്നു. താന്‍ ഇപ്പോള്‍ ജോലി അന്വേഷിക്കുകയാണ്. ഇതിനായാണ് മാറി താമസിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടിലേക്കു തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ല. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പായാല്‍ കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നും ഉപഹര്‍ജിയില്‍ പറയുന്നു. യുവതിയെ കാണാതായ സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവതി പിതാവിനെ ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നെന്നും പോലീസ് നേരത്തെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.