ഗൂഢാലോചന നടത്തിയിട്ടില്ലെന്നു ബിജു രമേശ്
ഗൂഢാലോചന നടത്തിയിട്ടില്ലെന്നു ബിജു രമേശ്
Wednesday, April 1, 2015 12:04 AM IST
തിരുവനന്തപുരം: സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷവുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്നു ബാറുടമ ബിജു രമേശ്. സിപിഎം നേതാക്കളായ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ബാര്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളോടൊപ്പമാണ് എകെജി സെന്ററില്‍ പോയി കണ്ടതെന്നും ബാര്‍ പൂട്ടിയതിനെ തുടര്‍ന്നുണ്ടായ തൊഴിലാളി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ചയെന്നും ബിജു പറഞ്ഞു.

ധനമന്ത്രിക്കെതിരേ ആരോപണം ഉന്നയിച്ചതിനുശേഷമാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ കാണാന്‍ പോയത്. ഭരണപക്ഷം നടത്തുന്ന അഴിമതികളെക്കുറിച്ചു തനിക്കറിയാവുന്ന വിവരങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു.

എക്സൈസ് മന്ത്രി കെ. ബാബുവിനോട് തനിക്കു വ്യക്തിവൈരാഗ്യമൊന്നുമില്ല. എംഎല്‍എ ആയിരുന്നപ്പോള്‍ മുതല്‍ ബാബു ബാറുടമകളുടെ സംഘടനയുടെ പബ്ളിക് റിലേഷന്‍സ് ഓഫീസറും സര്‍ക്കാരുമായുള്ള ചര്‍ച്ചകളിലെ ഇടനിലക്കാരനുമായിരുന്നുവെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 25 വര്‍ഷമായി ബാബുവിനെ സ്പോണ്‍സര്‍ ചെയ്യുന്നത് അബ്കാരികളായ പോളക്കുളം ഗ്രൂപ്പാണെന്നും രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതിരുന്ന ബാബുവിനെ ഈ നിലയിലെത്തിച്ചതും തെരഞ്ഞെടുപ്പുകളില്‍ സഹായിച്ചതും അവരാണെന്നും ബിജു രമേശ് പറഞ്ഞു. മദ്യനയത്തിലെ കാര്യങ്ങള്‍ നിര്‍ദേശിച്ചതും പോളക്കുളം ഗ്രൂപ്പാണ്. ബാറുകള്‍ തമ്മിലുള്ള ദൂരപരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊണ്ടുവന്നത് അവരെ സഹായിക്കാനാണ്. ഇതിലൂടെ അദ്ദേഹം അവരോടുള്ള കടപ്പാട് നിറവേറ്റുകയായിരുന്നു.

ബാറുടമകളുടെ സംഘടനയുടെ പിആര്‍ഒ ആയിരുന്ന ബാബു മന്ത്രിയായപ്പോള്‍ എല്ലാവരും വളരെ സന്തോഷിക്കുകയാണു ചെയ്തത്. അതിനുശേഷം അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ വര്‍ധിച്ചതിനെക്കുറിച്ചൊന്നും പറയാന്‍ കഴിയില്ല.


ബാബുവിനു കോടിക്കണക്കിനു രൂപയുടെ ആസ്തിയുണ്ട്. എലഗന്‍സ് ബിനോയ്, ബാബുവിന്റെ ബിനാമിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ബാര്‍ വിഷയവുമായി ബന്ധപ്പെട്ടു ബാബുവിനെ പോയി കണ്ടിട്ടില്ല. നെടുമങ്ങാട്ട് തനിക്കു ബാറിന് അനുമതി കിട്ടാത്തതിലുള്ള വൈരാഗ്യമാണ് എന്നാണ് ഇപ്പോള്‍ ബാബു ആരോപണം ഉന്നയിച്ചിരിക്കുന്നത്. നെടുമങ്ങാട്ടെ ബാറിനു മുനിസിപ്പാലിറ്റിയുടെ അംഗീകാരം ഇതുവരെ കിട്ടിയിട്ടില്ല. മുനിസിപ്പാലിറ്റി അംഗീകരിക്കാത്ത ബാറിനു ലൈസന്‍സ് നല്‍കാന്‍ ബാബുവിന് എങ്ങനെ കഴിയുമെന്നും ബിജു രമേശ് ചോദിച്ചു.

ബാബുവിനെ കാണാന്‍ പോയത് പ്രീബജറ്റ് മീറ്റിംഗിനാണ്. അതിനുശേഷം അദ്ദേഹത്തെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പണം എവിടെവച്ച്, എങ്ങനെ വാങ്ങി എന്നാണ് ഇപ്പോള്‍ മന്ത്രി ചോദിക്കുന്നത്. ബാബു പണം വാങ്ങിയെന്നു പറഞ്ഞതു ഞാനല്ല. ബാബുവിന് 25 ലക്ഷം രൂപ കൊടുത്തു എന്നു ബാറുടമകളുടെ യോഗത്തില്‍ അറിയിച്ചത് എലഗന്‍സ് ബിനോയിയാണ്. ഇതിന്റെ ശബ്ദരേഖയാണു കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയത്. അതെപ്പോഴാണ്, എങ്ങനെയാണ് എന്നൊക്കെ പറയേണ്ടത് അവരാണ്. ഇതൊക്കെ തെറ്റാണെങ്കില്‍ അദ്ദേഹം നിഷേധിക്കട്ടെ. ഇക്കാര്യത്തില്‍ മന്ത്രി മാനനഷ്ടക്കേസ് ഫയല്‍ ചെയ്താല്‍ അപ്പോള്‍ കാണാമെന്നും ബിജു രമേശ് പറഞ്ഞു.

മാനനഷ്ടക്കേസ് നിലനില്‍ക്കണമെങ്കില്‍ തനിക്കെതിരേ ഉണ്ടായ ആരോപണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം തന്നെ തെളിയിക്കണം. അങ്ങനെയുണ്ടായാല്‍ അദ്ദേഹം പറയുന്നതെന്തും ചെയ്യാം. പക്ഷേ ആരോപണങ്ങള്‍ സത്യമെന്നു തെളിഞ്ഞാല്‍ ബാബു പൊതുജീവിതം അവസാനിപ്പിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.