പ്രതിപക്ഷവുമായി ചേര്‍ന്നു സര്‍ക്കാരിനെ താഴെയിടാന്‍ ബിജു രമേശ് ശ്രമിക്കുന്നെന്നു മന്ത്രി ബാബു
പ്രതിപക്ഷവുമായി ചേര്‍ന്നു സര്‍ക്കാരിനെ താഴെയിടാന്‍ ബിജു രമേശ് ശ്രമിക്കുന്നെന്നു മന്ത്രി ബാബു
Wednesday, April 1, 2015 12:04 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പ്രതിപക്ഷത്തെ ചില നേതാക്കളുമായി ചേര്‍ന്നു സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ ബാറുടമ ബിജു രമേശ് ശ്രമിക്കുന്നതായി എക്സൈസ് മന്ത്രി കെ. ബാബു. കഴിഞ്ഞ ഡിസംബര്‍ 15നു രാത്രി ഏഴിന് തിരുവനന്തപുരത്തെ സിപിഎം എംഎല്‍എയുടെ വീട്ടില്‍ ബിജുവും പ്രതിപക്ഷനേതാക്കളും ചേര്‍ന്നു ചര്‍ച്ച നടത്തിയിരുന്നു. സിപിഎം അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കണമെന്നായിരുന്നു ബിജുവിന്റെ ആവശ്യം. സര്‍ക്കാരിനെ വലിച്ചു താഴെയിട്ടാല്‍ ബാറുകള്‍ തുറന്നുതരുന്നത് ആലോചിക്കാമെന്നാണു പ്രതിപക്ഷത്തെ പ്രമുഖ നേതാവ് പറഞ്ഞത്. പ്രതിപക്ഷത്തിന്റെ കൈയിലെ കരുവായി അദ്ദേഹം മാറിയെന്നും ബിജു രമേശിന്റെ ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മന്ത്രി കെ. ബാബു പറഞ്ഞു.

ബാര്‍ കോഴ കേസില്‍ മജിസ്ട്രേറ്റിനു മുമ്പാകെ രഹസ്യമൊഴി നല്‍കിയ ബിജു രമേശ് മന്ത്രി ബാബുവിനു പത്തു കോടി രൂപ നല്‍കിയതായി ആരോപിച്ചിരുന്നു. ബിജു രമേശിന്റെ ആരോപണം പൂര്‍ണമായി നിഷേധിക്കുന്നുവെന്നും സത്യത്തിന്റെ കണിക പോലും അതിലില്ലെന്നും മന്ത്രി പറഞ്ഞു.

ബിജു രമേശിന്റെ നെടുമങ്ങാട്ടുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് 2012 ജൂലൈ 27ന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ദൂരപരിധി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇതിനുശേഷം ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്റെ 15 നേതാക്കളോടൊപ്പം ബിജു തന്നെ കാണാന്‍ വന്നു. ബിജുവിന്റെ ബാറിന്റെ ലൈസന്‍സായിരുന്നു പ്രധാന ആവശ്യം. ഇതുനടക്കാതായതോടെ ബിജുവിനു തന്നോടു തീര്‍ത്താല്‍ തീരാത്ത പകയായി.

പിന്നീട്, നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ ബിജുവിന്റെ ഒമ്പതു ബാറുകളില്‍ ഏഴെണ്ണം പൂട്ടി. തുടര്‍ന്നു തന്നെ ശരിയാക്കുമെന്നു ചിലരോടു ബിജു പറഞ്ഞതായും അറിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് പത്തിന് എറണാകുളത്തെ ഗോകുലം ഹോട്ടലില്‍ ബിജു അസോസിയേഷന്‍ നേതാക്കളുടെ യോഗം വിളിച്ചു. മന്ത്രി കെ.എം. മാണിക്കെതിരേ ഉന്നയിച്ച ആരോപണം മറ്റു മന്ത്രിമാര്‍ക്കെതിരേകൂടി ആരോപിക്കാന്‍ നിര്‍ദേശിച്ചു. നേരത്തെ ആരോപണം ഉന്നയിച്ചപ്പോള്‍ അസോസിയേഷന്‍ സഹകരിച്ചിരുന്നെങ്കില്‍ 418 ബാറുകള്‍ക്കു വിദേശമദ്യ വില്‍പ്പനശാലയായി തുറന്നു പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുമായിരുന്നുവെന്നു ബിജു രമേശ് യോഗത്തില്‍ പറഞ്ഞതായും മന്ത്രി ബാബു പറഞ്ഞു.


തനിക്കെതിരേ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരേ ഇന്നു വക്കീല്‍ നോട്ടീസ് അയയ്ക്കും. മാനനഷ്ടക്കേസും ഇന്നുതന്നെ ഫയല്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ബിജു രമേശിനെ അന്നാ ഹസാരയെപ്പോലെ ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതു ദൌര്‍ഭാഗ്യകരമാണ്.

മന്ത്രിയായതിനുശേഷം താന്‍ ഒരു രൂപയുടെ അനധികൃത സമ്പാദ്യം പോലെ ഉണ്ടാക്കിയിട്ടില്ലെന്നു ബാബു അവകാശപ്പെട്ടു. വര്‍ഷങ്ങളായി ആദായനികുതി നല്‍കുന്നതാണ്. വരവില്‍ കവിഞ്ഞ സമ്പാദ്യമുണ്െടന്നു തെളിയിച്ചാല്‍ പ്രതികരിക്കാന്‍ തയാറാണ്. മദ്യപാനത്തിനെതിരേ ശക്തമായ ബോധവത്കരണം നടത്താനും ബാറുകളുടെ എണ്ണം കുറയ്ക്കാനും ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താനുമാണു മന്ത്രിയെന്ന നിലയില്‍ ശ്രമിച്ചത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്വകാര്യ ഡിസ്റിലറികളില്‍ ഒരു ലിറ്റര്‍ പോലും മദ്യം ഉത്പാദിപ്പിക്കാന്‍ അനുവദിച്ചിട്ടില്ല.

എലഗന്‍സ് ഗ്രൂപ്പിലെ ബിനോയിയെ നടന്‍ രാജന്‍ പി. ദേവിന്റെ ബന്ധു എന്ന നിലയില്‍ അറിയാം. എറണാകുളത്തെ ഒട്ടുമിക്ക ബിസിനസുകാരെയും സാധാരണക്കാരെയും തനിക്കറിയാം. ബിനോയിയുടെ പാലക്കാടുള്ള ഫാം ഹൌസില്‍ പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ബിനാമിയാണോ എലഗന്‍സ് ഗ്രൂപ്പെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ബാബു.

ബിജു കോടതിയില്‍ ചട്ടം 164 അനുസരിച്ചു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി യുക്തമായ നടപടി സ്വീകരിക്കും. കോടതി നിര്‍ദേശാനുസരണം നടപടി സ്വീകരിച്ചാല്‍ അതില്‍ സാങ്കേതികത്വം പറഞ്ഞു കടിച്ചുതൂങ്ങില്ലെന്നും എക്സൈസ് വകുപ്പ് ഒഴിയുമോ എന്ന ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

എക്സൈസ് വകുപ്പ് തനിക്കു വേണ്െടന്ന് ആദ്യമേ പറഞ്ഞതാണ്. എക്സൈസ് വകുപ്പ് ഏറ്റെടുത്തതില്‍ ദുഃഖമുണ്ട്. നേരത്തേ വകുപ്പുകളുടെ പുനഃസംഘടന നടന്നപ്പോള്‍ എക്സൈസ് ഒഴിവാക്കി, മത്സ്യ ബന്ധന, തുറമുഖ വകുപ്പുകള്‍ മാത്രം തനിക്കു മതിയെന്നും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.