സമരത്തിനു കാരണം സിപിഎമ്മിലെ വടംവലി: മന്ത്രി
സമരത്തിനു കാരണം സിപിഎമ്മിലെ വടംവലി: മന്ത്രി
Wednesday, April 1, 2015 12:30 AM IST
തിരുവനന്തപുരം: മാര്‍ക്സിസ്റ് പാര്‍ട്ടിക്കുള്ളിലെ വടംവലിയാണ് കയര്‍ സമരത്തിനു കാരണമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ജി. സുധാകരനും തോമസ് ഐസക്കിനുമിടയിലെ പടലപ്പിണക്കങ്ങളാണ് തന്റെ ഓഫീസിനുള്ളില്‍വരെ പ്രതിഷേധവുമായി തൊഴിലാളികളെത്താനിടയാക്കിയത്. അവര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പേരില്‍ തന്നെ ക്രൂശിക്കുന്നതെന്തിനാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

കയര്‍ മേഖലയുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ തനിക്കും ജി. സുധാകരനും ഒരേ മനസാണ്. സുധാകരന്‍ തുടങ്ങി വന്ന കയര്‍കേരള മികച്ച പദ്ധതിയാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് അത് മുന്നോട്ടുകൊണ്ടു പോകാന്‍ തീരുമാനിച്ചത്. എന്നാല്‍, തോമസ് ഐസക് കയര്‍ കേരളയേയും ജി. സുധാകരന്‍ തുടങ്ങിവച്ച ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവലിനേയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കയര്‍ മേഖലയ്ക്കും തൊഴിലാളികള്‍ക്കും ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാരിനായിട്ടുണ്ട്.

എന്നാല്‍, ഇതു മനസിലാക്കാത്ത സാധാരണ ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിനിറക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ ഇരട്ടിയാക്കിയപ്പോഴും അത് 1000 രൂപയാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായാണ് സമരം ചെയ്യുന്നത്. എന്നാല്‍, സമരത്തിനു നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് അവരുടെ ഭരണകാലത്ത് എന്തുകൊണ്ട് പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ തയാറായില്ലെന്നും മന്ത്രി ചോദിച്ചു.


സര്‍ക്കാര്‍ തൊഴില്‍ നല്‍കാന്‍ തയാറാകുന്നില്ലെന്നാണ് സമ രക്കാര്‍ ഉന്നയിക്കുന്ന മറ്റൊരു പ്രശ്നം. തൊഴില്‍ നല്‍കേണ്ടത് സര്‍ക്കാരല്ല മറിച്ച് സഹകരണ സംഘങ്ങളാണ്. സഹകരണ സംഘങ്ങളില്‍ പലതും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു പരിശോധനയില്‍ കണ്െടത്തിയിരുന്നു. പല സംഘങ്ങളും സര്‍ക്കാരില്‍നിന്നുള്ള ഫണ്ട് സ്വീകരിച്ചശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സ്ഥിതിയാണ്. സമരത്തിനു നേതൃത്വം നല്‍കുന്ന വ്യക്തികളുടെയടക്കം സംഘങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഇനി മുതല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന സഹകരണ സംഘങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ആനുകൂല്യം നല്‍കുകയുള്ളൂ എന്നും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.