ഫോര്‍ സ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിക്കുന്നതില്‍ വിവേചനമില്ല: ഹൈക്കോടതി
ഫോര്‍ സ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിക്കുന്നതില്‍ വിവേചനമില്ല: ഹൈക്കോടതി
Wednesday, April 1, 2015 12:11 AM IST
കൊച്ചി: സംസ്ഥാനത്തെ ഫോര്‍ സ്റാര്‍ ഹോട്ടലുകള്‍ക്കും ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ തീരുമാനം സ്വേച്ഛാപരവും തുല്യനീതിയുടെ ലംഘനവുമാണെന്നു കണ്െടത്തിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വിദേശമദ്യ ചട്ടത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ സ്റാര്‍ ബാറുകള്‍ക്കെതിരായ എക്സൈസ് കമ്മീഷണറുടെ നടപടി നിലനില്‍ക്കില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഹോട്ടലുകളുടെ രണ്ടു മുതല്‍ അഞ്ചുവരെയുള്ള നക്ഷത്രപദവികള്‍ക്കു തമ്മില്‍ വ്യത്യാസം ഇല്ലെന്ന വാദം നിയമപരമല്ല. അബ്കാരി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ഗണത്തില്‍പ്പെട്ട ബാര്‍ ഹോട്ടലുകള്‍ക്കും ലൈസന്‍സ് ലഭിക്കുന്നതിനു വ്യത്യസ്ത മാനദണ്ഡങ്ങളാണു നിശ്ചയിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു ലൈസന്‍സ് നല്‍കുകയാണെങ്കില്‍ ഫോര്‍ സ്റാര്‍ ഹോട്ടലുകള്‍ക്കും ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും ലൈസന്‍സ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിലനില്‍ക്കുന്നതല്ല.


ടൂ, ത്രീ, ഫോര്‍ സ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റാര്‍ ഹോട്ടലുകള്‍ക്കു തുല്യമാണെന്നു പറയാനാവില്ല. പൊതുജനങ്ങള്‍ക്ക് മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നത്. ഈ സാഹചര്യം പരിഗണിച്ചാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനോടു യോജിക്കാനാവില്ല. സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ തള്ളണമെന്ന സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശത്തോടും യോജിപ്പില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് നടപ്പാക്കുന്ന നയതീരുമാനത്തില്‍ വിവേചനമുണ്െടന്നു കണ്െടത്തിയാല്‍ മാത്രമേ കോടതിക്ക് ഇടപെടാനാകൂ.

തുല്യനീതിയുടെ ലംഘനമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ജസ്റീസുമാരായ കെ.ടി. ശങ്കരന്‍, ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.