പാര്‍ട്ടി തീരുമാനം ലംഘിച്ചു വി.എസ് പരിപാടിയില്‍ പങ്കെടുത്തതു സിപിഎം ഗൌരവത്തിലെടുക്കുന്നു
Wednesday, April 1, 2015 12:10 AM IST
ആലപ്പുഴ/മാന്നാര്‍: ദേശാഭിമാനി സ്വയംസഹായസംഘത്തിന്റെ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടു മാന്നാറില്‍ ഉണ്ടായിരിക്കുന്ന സിപിഎമ്മിലെ പൊട്ടിത്തെറിക്കു പരിഹാരം കാണാന്‍ സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ നേരിട്ട് ഇടപെടുന്നു. സംഭവം ചര്‍ച്ച ചെയ്തു തുടര്‍നടപടികള്‍ക്കായി സംസ്ഥാന നേതാക്കള്‍ പങ്കെടുത്തുകൊണ്ടുള്ള മാന്നാര്‍ ഏരിയാ കമ്മിറ്റി അടിയന്തരമായി ചേരാനാണു നിലവിലെ നീക്കം.

കൂടാതെ മാന്നാര്‍ ഈസ്റ്, വെസ്റ് ലോക്കല്‍ കമ്മിറ്റികള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെക്കൂടി പങ്കെടുപ്പിച്ചു വിളിച്ചുചേര്‍ക്കും. ജില്ലാ കമ്മിറ്റിയംഗങ്ങളെ പങ്കെടുപ്പിച്ച് മാന്നാറിലെ മുഴുവന്‍ ബ്രാഞ്ചുകമ്മിറ്റികളും വിളിച്ചുചേര്‍ക്കാനും നീക്കമുണ്ട്. തുടര്‍ന്ന് മുഴുവന്‍ പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും കണ്‍വന്‍ഷന്‍ വിളിച്ച് പാര്‍ട്ടി തീരുമാനം അറിയിക്കാനാണ് പദ്ധതി.

പാര്‍ട്ടി തീരുമാനം ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരേ കടുത്ത നടപടികള്‍ വേണമെന്നാണു മാന്നാറിലുള്ള ഔദ്യോഗിക വിഭാഗത്തെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം. ഇതുസംബന്ധിച്ചു നടപടിക്ക് സിപിഎം ജില്ലാസെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. സംഭവം അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. പ്രസാദ് കണ്‍വീനറും എം. സുരേന്ദ്രന്‍, കെ. രാഘവന്‍ എന്നിവര്‍ അംഗങ്ങളുമായ പാര്‍ട്ടി കമ്മീഷനേയും നിയോഗിച്ചിട്ടുണ്ട്.

വിഭാഗീയത ഉണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വം സൃഷ്ടിച്ച ചടങ്ങാണു മാന്നാറില്‍ നടന്നതെന്നും, സംഘത്തിന്റെ ഭാരവാഹികള്‍ ഇതില്‍പ്പെട്ടുപോകുകയായിരുന്നുവെന്നും പാര്‍ട്ടി വിലയിരിത്തുന്നുണ്ട്. നോട്ടീസില്‍ പ്രസംഗകരുടെ പേര് ഉള്‍പ്പെടുത്തിയത് ബോധപൂര്‍വമായിരുന്നുവെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. മാന്നാറിലെ പാര്‍ട്ടി നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്താതെ ചെങ്ങന്നൂര്‍ ഏരിയാ കമ്മറ്റിംഗം വി.കെ. വാസുദേവന്‍, തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണി എന്നിവരെ ഉള്‍പ്പെടുത്തിയത് കടുത്ത വിഭാഗീയതയുടെ ഭാഗമായിട്ടാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

സംഭവം അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്ന കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും നടപടികള്‍ ഉണ്ടാകുക. അതിനു മുന്നോടിയായി പാര്‍ട്ടിയംഗങ്ങളെയും അനുഭാവികളെയും ഇതു സംബന്ധിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് നേതൃത്വം ഒന്നടങ്കം മാന്നാറില്‍ ഇടപെടുന്നത്.


വി.എസ് അനുകൂല സമാന്തര സംഘടനകളുടെ നേതൃത്വത്തിലുള്ള സിപിഎം ബ്രാഞ്ചുതലങ്ങളില്‍ വരെയുള്ള ഭാരവാഹികളെയും അംഗങ്ങളെയും പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും. സംസ്ഥാന സമ്മേളനം നടന്ന ആലപ്പുഴയില്‍ യോഗത്തില്‍ നിന്നുള്ള വിഎസിന്റെ ഇറങ്ങിപ്പോക്കിനു ശേഷം പാര്‍ട്ടി തീരുമാനം ലംഘിച്ചുകൊണ്ടുള്ള വി.എസിന്റെ അടുത്ത നടപടി പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

സമ്മേളനത്തിനു ശേഷം പാര്‍ട്ടി പൊതുപരിപാടികളില്‍നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ സംഘടനകളുടെ പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ച് പൊതുമധ്യത്തില്‍ അവതരിപ്പിക്കാനാണ് വിഎസ് പക്ഷക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് പാര്‍ട്ടി പരിപാടികള്‍ക്കു നല്‍കാന്‍ കഴിയാത്ത വിധത്തിലുള്ള പ്രചാരണങ്ങള്‍ ഇത്തരം പരിപാടികള്‍ക്കു നല്‍കുന്നതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മാന്നാറിലെ വി.എസിന്റെ പരിപാടിക്ക് വന്‍ പ്രചാരണമാണ് എങ്ങും നടത്തിയിരുന്നത്. വി.എസിനെ വാനോളം പുകഴ്ത്തിയുള്ള അനൌണ്‍സ്മെന്റുകള്‍, കട്ടൌട്ടുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍ എന്നിവ എങ്ങും നിരന്നിരുന്നു. ദേശാഭിമാനി സംഘത്തിന്റെ ആസ്തിക്കപ്പുറത്തുനിന്നുള്ള പ്രചാരണങ്ങളാണു നടത്തിയിരുന്നതെന്നും നേതൃത്വത്തിന്റെ കണ്െടത്തല്‍. ഇതൊക്കെ സിപിഎം നേതൃത്വത്തിന് സംശയത്തിനു കാരണമായിരിക്കുകയാണ്.

പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്കു ലംഘിച്ച് പരിപാടി സംഘടിപ്പിച്ചതും വന്‍ജനാവലി പങ്കെടുത്തതും ഔദ്യോഗിക പക്ഷത്തിനു ഫലത്തില്‍ നാണക്കേടുണ്ടാക്കിയെന്നതാണ് സത്യം. ഇതില്‍നിന്നു തലയൂരാന്‍ വേണ്ടി കൂടിയാണ് അടിയന്തിര യോഗങ്ങള്‍ ചേരുന്നതും, ചില നടപടികള്‍ക്ക് മുതിരുന്നതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.