പിതൃസ്മരണയില്‍ ഗാനഗന്ധര്‍വന്‍ നേര്‍ച്ചസദ്യ വിളമ്പി
പിതൃസ്മരണയില്‍ ഗാനഗന്ധര്‍വന്‍ നേര്‍ച്ചസദ്യ വിളമ്പി
Wednesday, April 1, 2015 12:07 AM IST
മട്ടാഞ്ചേരി: പിതൃസ്മരണയില്‍ ഇക്കുറിയും ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് ഫോര്‍ട്ടുകൊച്ചി അധികാരിവളപ്പിലെ വിശുദ്ധ യൌസേപ്പിതാവിന്റെ കപ്പേളയില്‍ നേര്‍ച്ചസദ്യ വിളമ്പി. ദുബായിയില്‍ നിന്നുമാണ് ദാസേട്ടന്‍ കൊച്ചിയിലെത്തിയത്. പിതാവിന്റെ വാക്ക് പാലിക്കാന്‍ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഗാനഗന്ധര്‍വന്‍ കൊച്ചിയിലെത്തുക പതിവാണ്. ഇക്കുറിയും ഭാര്യ പ്രഭ യേശുദാസിനൊപ്പമാണ് അധികാരിവളപ്പിലെ കപ്പേളയിലെത്തിയത്. ഉച്ചയ്ക്ക് 12.30 ഓടെ ഫാ. പയസ് അലക്സിന്റെ മുഖ്യകാര്‍മികത്വത്തില്‍ നേര്‍ച്ചവിഭവങ്ങള്‍ വെഞ്ചിരിപ്പ് നടത്തിയതിനുശേഷമാണ് തിരുക്കുടുംബത്തെ അനുസ്മരിച്ചുകൊണ്ട് സദ്യ വിളമ്പിയത്. ജോണ്‍, ഫിലോമിന,അഭയ് എന്നിവര്‍ക്കാണ് ആദ്യസദ്യ വിളമ്പിയത്.


ഇക്കുറിയും പിതാവിന്റെ സുഹൃത്തായിരുന്ന ബാരിഡ് മാസ്ററുടെ വീട്ടില്‍ കുടുംബാംഗങ്ങളോട് വിശേഷം തിര ക്കിയും സൌഹൃദം പങ്കിട്ടും മട ങ്ങി യ യേശുദാസ് രാത്രി ഒമ്പതോടെ വീണ്ടും കപ്പേളയിലെത്തി വിശുദ്ധന്റെ രൂപത്തില്‍ ഹാരം ചാര്‍ത്തി സംഗീതാര്‍ച്ചനയും നടത്തി. തന്റെ പിതാവ് ആലപിച്ച കീര്‍ത്തനങ്ങളും ഗാനങ്ങളും പുനരാവിഷ്കരിച്ചുകൊണ്ടാണ് സംഗീതസാന്ദ്രമായ സംഗീതാര്‍ച്ചന നടന്നത്. സംഗീതാര്‍ച്ചന ശ്രവിക്കുന്നതിനായി നൂറുകണക്കിന് സംഗീത പ്രേമികളാണ് അധികാരിവളപ്പിലെ കപ്പേളയിലും പരിസരപ്രദേശങ്ങളിലും തിങ്ങിനിറഞ്ഞത്. സംഗീതാര്‍ച്ചന രാത്രി 12.30ന് സമാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.