ജോര്‍ജ് പുറത്തുവന്നാല്‍ കൂടെക്കൂട്ടുന്ന കാര്യം ആലോചിക്കാം: കോടിയേരി
ജോര്‍ജ് പുറത്തുവന്നാല്‍ കൂടെക്കൂട്ടുന്ന കാര്യം ആലോചിക്കാം: കോടിയേരി
Tuesday, March 31, 2015 12:41 AM IST
കോട്ടയം: പി.സി. ജോര്‍ജിനു പാര്‍ട്ടിയുണ്ടാക്കിക്കൊടുക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോര്‍ജ് പാര്‍ട്ടി വിട്ടു പുറത്തുവന്നാല്‍ മാത്രം മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കാം. ഇടതുമുന്നണി എങ്ങനെ വിപുലീകരിക്കണം എന്ന ആലോചന ഇപ്പോള്‍ സിപിഎമ്മിനില്ല. ഇടതുമുന്നണിയില്‍ ചേര്‍ക്കണമെന്ന് ആര്‍. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിട്ടില്ല. കാലുമാറ്റവും കൂറുമാറ്റവും നടത്തി ഭരണം അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കില്ല. ബജറ്റ് അവതരിപ്പിച്ചതായും അന്നു സമ്മേളനം നടന്നതായും എല്‍ഡിഎഫ് അംഗീകരിക്കുന്നില്ല. ബജറ്റിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

ആലപ്പുഴ മാന്നാറില്‍ പ്രവര്‍ത്തിച്ചു വരുന്ന ദേശാഭിമാനി സ്വയം സഹായസംഘത്തിന്റെ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിലക്കു മറികടന്നു പങ്കെടുത്ത സംഭവത്തില്‍ ജില്ലാ കമ്മിറ്റിയോടു വിശദീകരണം തേടിയെന്നു കോടിയേരി പറഞ്ഞു. മാധ്യമങ്ങളില്‍ വന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പാര്‍ട്ടിയുടെ മുമ്പില്‍ വി.എസ് എന്നൊരു വിഷയം ഇല്ല. വി.എസ് പാര്‍ട്ടിയുടെ നേതാവാണ്. കേന്ദ്ര കമ്മിറ്റി അംഗവുമാണ്. മാധ്യമങ്ങള്‍ക്കു പല ഉദ്ദേശ്യങ്ങളും കാണും. അതു നടക്കില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി, വി.എസിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെയും പ്രഖ്യാപിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.