കൊച്ചി: ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരി ഒരുക്കുന്ന പ്രസിദ്ധമായ അല്മായ ധ്യാനം ശതാബ്ദിയുടെ നിറവില്‍. 101-ാമത്തെ അല്മായ ധ്യാനത്തിനു നാളെ സെമിനാരിയില്‍ തുടക്കമാകും. അല്മായ പുരുഷന്മാര്ക്കു മാത്രമായി 1915ലാണു ധ്യാനം തുടങ്ങിയത്. ജീവിതത്തിന്റെ പതിവുശീലങ്ങളില്‍ നിന്നു മാറി സ്വയംനവീകരണത്തിന് അല്മായര്ക്ക് അവസരമൊരുക്കുകയാണ് ധ്യാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യത്തെ ധ്യാനത്തിനു വേദിയായത് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളായിരുന്നു. 1931 വരെ സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളില്‍ തന്നെയാണു ധ്യാനം നടന്നുവന്നത്. മൂന്നു വര്‍ഷം ആലുവ സെന്റ് മേരീസ് ഹൈസ്കൂളും അല്മായ ധ്യാനത്തിനു വേദിയായി. കഴിഞ്ഞ 81 വര്‍ഷമായി മംഗലപ്പുഴ സെമിനാരിയിലാണു ധ്യാനം നടക്കുന്നത്. സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍ ഹെഡ്മാസ്ററായിരുന്ന മരിയദാസ് പിള്ള ആദ്യ അല്മായ ധ്യാനത്തില്‍ മുഖ്യ സംഘാടകനായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ധ്യാനം സംഘടിപ്പിക്കുന്നതിനുള്ള പ്രയത്നത്തില്‍ ഒരുകൂട്ടം അല്മായരും ഉണ്ടായിരുന്നു. പി.സി. വര്‍ക്കി, സി.വി. ആന്റണി, പീറ്റര്‍ വളവി, സി.വി. റാഫേല്‍, ജോര്‍ജ് മൊണ്േടറോ, വി.ഡി. ഔസേഫ് എന്നിവരായിരുന്നു അല്മായ സംഘത്തിലെ പ്രമുഖര്‍. ഫാ. ഗാംബര്ട്ട് ആദ്യ ധ്യാനം നയിച്ചു.
എല്ലാ വര്‍ഷവും വലിയ നോമ്പിന്റെ അവസാനത്തില്‍ വിശുദ്ധവാരത്തിലെ ബുധനാഴ്ചയാണ് അല്മായ ധ്യാനത്തിനു തുടക്കമാകുന്നത്. ദുഃഖശനിയാഴ്ച വൈകുന്നേരം സമാപനം. കേരളത്തിലെ ഭരണരംഗത്തുള്ള പ്രമുഖര്‍, രാഷ്ട്രീയനേതാക്കള്‍, ബിസിനസുകാര്‍, സംരംഭകര്‍, സാമൂഹ്യ, അല്മായ, സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവരെല്ലാം മംഗലപ്പുഴ സെമിനാരിയിലെ അല്മായ ധ്യാനത്തില്‍ പങ്കെടുക്കാറുണ്ട്. ഇംഗ്ളീഷിലാണു ധ്യാനപ്രസംഗങ്ങള്‍ നടക്കുന്നത്.
ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട സ്പാനിഷ് കര്‍മലീത്താ മിഷണറിമാരായ ഫാ. സക്കറിയാസ് ഓഫ് സെന്റ് തെരേസ, ഫാ. ഔറേലിയന്‍ ഓഫ് ബ്ളെസഡ് സാക്രമെന്റ്, പുന ബിഷപ്പായിരുന്ന ഡോ. വലേറിയന്‍ ഡിസൂസ എന്നിവരെല്ലാം അല്മായ ധ്യാനം നയിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്കു താമസത്തിനു സെമിനാരിയില്‍ തന്നെ മുറികള്‍ സജ്ജീകരിക്കുകയാണു പതിവ്.
മെല്‍ബണ്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മംഗലപ്പുഴ സെമിനാരി റെക്ടറായിരുന്ന കാലഘട്ടത്തില്‍ അല്മായ ധ്യാനത്തിന്റെ സംഘാടനത്തില്‍ കൂടുതല്‍ ജനകീയപങ്കാളിത്തം നടപ്പിലാക്കി. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ചെറുപറമ്പിലിന്റെ നേതൃത്വത്തില്‍ നേത്രരോഗവിദഗ്ധന്‍ ഡോ. ടോണി ഫെര്‍ണാണ്ടസ്, ഡോ. ബാബു ജോസഫ്, ഡോ. ജോസ് പോള്‍, ടി.ടി. തോമസ്, കെ.കെ. ജോര്‍ജ് എന്നിവരടങ്ങിയ സമിതിയാണ് ഇപ്പോള്‍ അല്മായ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്. ദിവ്യരക്ഷക സഭാംഗമായ ഫാ. ഷെയ്ന് വര്‍ഗീസാണ് ഇക്കുറി ധ്യാനഗുരു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.