ഇബ്രാഹിംകുഞ്ഞിന്റെ സമ്പാദ്യം അന്വേഷിക്കണം: ഗണേഷ്കുമാര്‍
ഇബ്രാഹിംകുഞ്ഞിന്റെ സമ്പാദ്യം അന്വേഷിക്കണം: ഗണേഷ്കുമാര്‍
Tuesday, March 31, 2015 12:35 AM IST
തിരുവനന്തപുരം: പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അനധികൃതസ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച മുന്‍ മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നു ലോകായുക്തയില്‍ മൊഴി നല്‍കവേ ആവശ്യപ്പെട്ടു.

പൊതുമരാമത്തു മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോര്‍ജ് വട്ടുകുളം നല്‍കിയ സ്വകാര്യ ഹര്‍ജിയില്‍ സാക്ഷിമൊഴി നല്‍കുകയായിരുന്നു ഗണേഷ്കുമാര്‍. കേസ് ഏപ്രില്‍ 17നു ലോകായുക്ത വീണ്ടും പരിഗണിക്കും. കൂടുതലായി പറയാനുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സത്യവാങ്മൂലവും കൂടുതല്‍ രേഖകളും തെളിവുകളും അന്നു ഹാജരാക്കും.

ലോകായുക്തയില്‍ നല്‍കിയ മൊഴി കൂടാതെ ഗുരുതരമായ അഴിമതി ആരോപണങ്ങളും ഗണേഷ്കുമാര്‍ പിന്നീട് ഉന്നയിച്ചു. ഇനി നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന സൂചനയും നല്‍കി. വയനാട് ജില്ലയിലെ സിവിജി റോഡില്‍ ട്രാഫിക് സുരക്ഷാ നടപടി ക്രമങ്ങള്‍ ഉറപ്പിക്കുന്ന ജോലിയുടെ മറവില്‍ പത്തു കോടി രൂപയുടെ അഴിമതി നടന്നതായി ഗണേഷ് ആരോപണമുന്നയിച്ചു. പിഡബ്ള്യുഡി ഫണ്ടുകള്‍ ഉപയോഗിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെ സര്‍വേ, ഇന്‍വെസ്റിഗേഷന്‍, സ്ട്രക്ചറല്‍ ഡിസൈന്‍ എന്നിവ തയാറാക്കുന്ന ജോലി സ്വകാര്യ കണ്‍സള്‍ട്ടന്‍സികളെ ഏല്‍പ്പിക്കുന്നതിന്റെ മറവില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നു. നാലു കമ്പനികള്‍ക്കാണ് പ്രധാനമായും കണ്‍സള്‍ട്ടന്‍സി നല്‍കിയത്. ഈ കമ്പനികളുടെ ബിനാമി ഉടമകള്‍ ആരൊക്കെയെന്ന് അന്വേഷിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

1983-84ല്‍ കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എടയാര്‍ വ്യവസായ മേഖലയിലെ ഒരു സ്വകാര്യ കമ്പനിയില്‍ കോണ്‍ട്രാക്ട് എടുത്തിരുന്നയാളുടെ മസ്ദൂര്‍ കരാറുകാരനായി ജോലി ചെയ്തിരുന്നയാളായിരുന്നു ഇബ്രാഹിംകുഞ്ഞ് എന്ന് സഹപ്രവര്‍ത്തകരും നാട്ടുകാരും പറഞ്ഞ് അറിയാമെന്നും ഗണേഷ് പറഞ്ഞു. 1991 മുതല്‍ കൊച്ചിയിലെ പൊതുമേഖലാസ്ഥാപനമായ ഫോറസ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറിന്റെ ചെയര്‍മാനായിരുന്നു ഇദ്ദേഹം. 2012-13 വരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മാന്മാരുടെ പ്രതിമാസ ശമ്പളം ആയിരം രൂപ മാത്രമായിരുന്നു. ഭാര്യക്കോ മക്കള്‍ക്കോ മറ്റു ജോലികളോ വരുമാനമാര്‍ഗങ്ങളോ ഇല്ല. പിന്നെ ഇത്രത്തോളം സമ്പാദ്യം എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കണം.


ഇബ്രാഹിംകുഞ്ഞിന്റെ അസിസ്റന്റ് പ്രൈവറ്റ് സെക്രട്ടറി നാസറുദ്ദീനെതിരേ നിരവധി ആക്ഷേപങ്ങള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. 2013 ഏപ്രില്‍ രണ്ടിന് ബാബു എം. പാലിശേരി എംഎല്‍എ ഇദ്ദേഹം സ്ഥലംമാറ്റത്തിനും കരാര്‍ ബില്ലുകള്‍ മാറുന്നതിനും കോഴ വാങ്ങുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്േടാ എന്നു നിയമസഭയില്‍ ചോദ്യമുന്നയിച്ചപ്പോള്‍, അങ്ങനെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി മറുപടി നല്‍കിയത്. എങ്കിലും നിരീക്ഷിക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയോട് ആവശ്യപ്പെടാമെന്നു പറഞ്ഞിരുന്നു. ഇയാള്‍ മന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നതു പിന്നീടും കണ്ടിട്ടുണ്ട്.

മന്ത്രിയുടെ പേഴ്സണല്‍ സ്റാഫില്‍പ്പെട്ട നാസറുദ്ദീന്‍, ആര്‍.പി. റഹിം, എം. അബ്ദുള്‍ റാഫി എന്നിവര്‍ കഴിഞ്ഞ മൂന്നു വര്‍ഷവും നല്‍കിയിട്ടുള്ള സ്വത്തുവിവരത്തില്‍ യാതൊരു വ്യത്യാസവുമില്ല. മന്ത്രി ഇബ്രാഹിംകുഞ്ഞ് നല്‍കിയ സ്വത്തുവിവരവും പരിശോധിക്കണമെന്നു ഗണേഷ്കുമാര്‍ ആവശ്യപ്പെട്ടു.

താന്‍ നല്‍കുന്ന തെളിവുകളും വിവരങ്ങളും മാനത്തിന്റെയും ജീവന്റെയും വിലയാണെന്നു പറഞ്ഞ ഗണേഷ്കുമാര്‍ കോടതിയില്‍ വിതുമ്പി. തന്റെ ജീവനു ഭീഷണിയുണ്െടങ്കിലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.