കൊച്ചി: നൂതന വിദ്യാഭ്യാസ ഗവേഷണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്കി കുഫോസ് 2015-16 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. മൊത്തം 274.89 കോടി വാര്‍ഷിക അടങ്കലുള്ള ബജറ്റ് വൈസ്ചാന്‍സലര്‍ പ്രഫ. ബി. മധുസൂദനക്കുറുപ്പാണ് ഗവേണിംഗ് കൌണ്സിലില് അവതരിപ്പിച്ചത്. കോഴിക്കോടും തൃശൂരും കൊല്ലത്തും ഓരോ ഫിഷറീസ് കോളജും കുമരകം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ പ്രാദേശിക ഗവേഷണ കേന്ദ്രവും തുടങ്ങാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്.
13.23 കോടി രൂപയാണ് വിദ്യാഭ്യാസ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. തൊഴിലധിഷ്ഠിതവും മിഡില്‍ ലെവല്‍ വൈദഗ്ധ്യം ഉറപ്പുവരുത്തുന്നതുമായ ഫിഷറീസ് പോളിടെക്നിക്, പുതുതായി ആറ് പിജി കോഴ്സുകള്‍, ഓണ്‍ലൈന്‍ കോഴ്സുകള്‍, ഒരു പിജി ഡിപ്ളോമ കോഴ്സ് എന്നിവയാണ് വിദ്യാഭ്യാസ ശാക്തീകരണത്തിനു വേണ്ടിയുള്ള പദ്ധതികള്‍. എംഎസ്സി മറൈന്‍ കെമിസ്ട്രി, എംബിഎ എനര്‍ജി മാനേജ്മെന്റ്, എംടെക് ഫിഷറീസ് എന്‍ജിനീയറിംഗ്, എംടെക് ബയോഫ്യുവല്‍, എംടെക് കോസ്റ്റല്‍ ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ്, എംടെക് ഓഷ്യന്‍ ആന്‍ഡ് കോസ്റ്റല്‍ സേഫ്റ്റി എന്‍ജിനീയറിംഗ് എന്നിവയാണ് പുതുതായി തുടങ്ങുന്ന പിജി കോഴ്സുകള്‍. കൂടാതെ, മാരിടൈം നിയമത്തില്‍ പിജി ഡിപ്ളോമ കോഴ്സും തുടങ്ങും. ഫിഷറീസ് സമുദ്രപഠന വിദ്യാഭ്യാസം കൂടുതല്‍ ജനകീയമാക്കുന്നതിന് ആറ് വിവിധ മേഖലകളില്‍ ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്സുകള്‍ തുടങ്ങും.
മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിനു സോഷ്യല്‍ റെസ്പോണ്സിബിലറ്റി ആന്‍ഡ് കമ്യൂണിറ്റി എന്‍ഗേജ്മെന്റ് സെന്റര്‍ ആരംഭിക്കും. സംരംഭകത്വ പരിശീലനം, വ്യക്തിത്വ വികസനം, സ്കില്‍ ഡവലപ്മെന്റ് പരിപാടികള്‍ എന്നിവ ഈ കേന്ദ്രത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കു ലഭിക്കും. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കൈമാറുന്നതിനും പരിശീലനങ്ങള്‍ക്കും വില്ലേജ് നോളജ് സെന്ററും കമ്യൂണിറ്റി ഡവലപ്മെന്റ് സെന്ററും സ്ഥാപിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പൈതൃകം, തൊഴില്‍ വൈദഗ്ധ്യം, വിശ്വാസം, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനു നോഡല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമായും കിറ്റ്കോയുമായും സഹകരിച്ച് ഫിഷറീസ് സമുദ്ര-അനുബന്ധ മേഖലകളില്‍ സംരംഭകത്വ പരിശീലന കേന്ദ്രം, വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍, സ്റാര്‍ട്ടപ്പ് വില്ലേജുകള്‍ എന്നിവ ആരംഭിക്കും. യുവാക്കള്‍ക്ക് സംരംഭകത്വം തുടങ്ങുന്നതിനുള്ള എല്ലാവിധ പരിശീലനപരിപാടികളും ഈ കേന്ദ്രങ്ങളില്‍നിന്നു ലഭ്യമാക്കും.
205.16 കോടി രൂപയാണു നൂതന ഗവേഷണപദ്ധതികള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ജനിതക വിത്തുസംരക്ഷണം, ജൈവ ആവാസ വ്യവസ്ഥയുടെ സംരക്ഷണം, കായലുകളെക്കുറിച്ചും അഴിമുഖങ്ങളെക്കുറിച്ചുമുള്ള പഠനം, ഓരുജലമത്സ്യകൃഷി വികസനം, ഭക്ഷ്യസുരക്ഷ, ഭക്ഷ്യഗുണനിലവാര പരിശോധന, രാജ്യാന്തരവ്യാപാരം, തദ്ദേശീയ മത്സ്യ സംരക്ഷണം, കാലാവസ്ഥാപ്രവചനം തുടങ്ങിയ മേഖലകളില്‍ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന പ്രഫ.എന്‍.കെ. പണിക്കരുടെ നാമധേയത്തില്‍ സര്‍വകലാശാലയില്‍ സമുദ്രഗവേഷണ ചെയര്‍ സ്ഥാപിക്കും.
കൂടുകൃഷിയെ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനും യുവജനങ്ങളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ഏതു വിഷയം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഓരോ വിഷയത്തിലുമുള്ള പ്രായോഗികവശങ്ങള്‍ സ്വായത്തമാക്കാന്‍ സഹായകരമാകുന്ന വെര്‍ച്വല്‍ ലേണിംഗ് പോര്‍ട്ടലുകള്‍ ആരംഭിക്കും. കൂടുതല്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് സര്‍വകലാശാലയിലെ ഗ്രീന്‍ കാമ്പസ് പദ്ധതികള്‍ വിപുലപ്പെടുത്തും. ബൌദ്ധികസ്വത്തവകാശ നിയമങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളിലും അധ്യാപകരിലും മതിയായ അവബോധം സൃഷ്ടിക്കാനും അതുവഴി പേറ്റന്റ്, പകര്‍പ്പാവകാശം എന്നിവ സ്വന്തമാക്കുന്നതിനും ഐപിആര്‍ സെല്‍ സ്ഥാപിക്കുന്നതിനും ബജറ്റ് വിഭാവനം ചെയ്യുന്നു.
എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്, ടി.എന്‍. പ്രതാപന്, പ്രോ വൈസ്ചാന്‍സലര്‍ ഡോ. കെ പദ്മകുമാര്‍, ജയിംസ് ജോസഫ്, അഡ്വ. കെ.കെ. രാധാകൃഷ്ണന്, ഡോ. വി.എന്‍. സഞ്ജീവന്, വക്കച്ചന് അമ്പൂക്കന്, അന്‍വര്‍ ഹാഷിം, ഡോ. എസ്.ശ്യാമ, എന്‍.എന്‍. രാമന്, രാഹുല്‍ കൃഷ്ണന് എന്നിവര്‍ ഗവേണിംഗ് കൌണ്സിലില് സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.