യെമനിലേക്കു കപ്പലുകള്‍ കൊച്ചിയില്‍നിന്ന്
Tuesday, March 31, 2015 12:22 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: യുദ്ധം രൂക്ഷമായ യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ രണ്ടു യാത്രക്കപ്പലുകള്‍ കൊച്ചിയില്‍നിന്നു ജിബൂട്ടിയിലേക്കു പുറപ്പെട്ടു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നിയന്ത്രണത്തിലുള്ള എംവി കവരത്തി, എംവി കോറല്‍സ് എന്നീ കപ്പലുകളാണ് ഇന്നലെ രാവിലെ പുറപ്പെട്ടത്. എംവി കോറല്‍സ് രാവിലെ 7.30നും എംവി കവരത്തി 9.30നുമാണു പുറപ്പെട്ടത്. കൊച്ചിയില്‍നിന്നു ലക്ഷദ്വീപിലേക്കു സര്‍വീസ് നടത്തുന്ന ഈ യാത്രക്കപ്പലുകള്‍ക്ക് 1,200 പേരെ ഉള്‍ക്കൊള്ളാനാകും. ലക്ഷദ്വീപിലേക്ക് 120 ടൂറിസ്റുകള്‍ ഉള്‍പ്പെടെ 650 യാത്രക്കാരുമായി ഞായറാഴ്ച കൊച്ചിയില്‍നിന്നു യാത്ര പുറപ്പെട്ട എംവി കവരത്തി കപ്പല്‍ കേന്ദ്രത്തില്‍നിന്നുള്ള അടിയന്തര നിര്‍ദേശത്തെത്തുടര്‍ന്നു തിരിച്ചുവിളിക്കുകയായിരുന്നു.

കപ്പലുകളില്‍ കൂടുതല്‍ ദിവസങ്ങളിലേക്കുള്ള ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നിറച്ചിട്ടുണ്ട്. ഏഡന്‍ ഉള്‍ക്കടലിനടുത്തായി യെമനില്‍നിന്ന് ഏറ്റവും അടുത്തുള്ള തുറമുഖമാണ് ജിബൂട്ടി. ഏഡന്‍ തുറമുഖത്തുനിന്ന് 154 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ജിബൂട്ടിയിലെത്താന്‍ ഇവിടെനിന്ന് അഞ്ചു മുതല്‍ ഏഴു വരെ ദിവസം എടുക്കും. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ഭീഷണി നിലനില്‍ക്കുന്ന സമുദ്രപഥത്തിലൂടെയുള്ള യാത്രയില്‍ മുംബൈയില്‍നിന്ന് നാവിക സേനയുടെ കപ്പലുകള്‍ അകമ്പടി സേവിക്കുന്നുണ്ട്.

ഡോക്ടര്‍മാരും നഴ്സുമാരുമടക്കം 150 ജീവനക്കാര്‍ ഇരുകപ്പലുകളിലുമായിട്ടുണ്ട്. യെമനില്‍നിന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി കൊണ്ടുവരാന്‍ പറ്റുന്ന സാഹചര്യം വിലയിരുത്തിയാവും കപ്പലിന്റെ ലക്ഷ്യസ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്നു കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് അധികൃതര്‍ വ്യക്തമാക്കി. ജിബൂട്ടിക്കു പുറമേ മറ്റു നാലു തുറമുഖങ്ങള്‍കൂടി പരിഗണനയിലുണ്ട്.


സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ഭീഷണി കണക്കിലെടുത്ത് എല്ലാത്തരത്തിലുള്ള മുന്‍കരുതലുകളും അധികൃതര്‍ കൈക്കൊണ്ടിട്ടുണ്ട്. വിവിധ രാഷ്ട്രങ്ങളുടെ നാവികസേനകള്‍ ചേര്‍ന്നൊരുക്കുന്ന സംരക്ഷണവലയം ഈ കപ്പല്‍ച്ചാലുകളിലുണ്െടങ്കിലും ഇന്ത്യന്‍ നേവിയുടെ മേല്‍നോട്ടത്തിലാവും രക്ഷാദൌത്യം പൂര്‍ത്തിയാക്കുക.

കപ്പലുകള്‍ തിരികെ കൊച്ചിയില്‍ എത്തുന്നതിനു മുമ്പായി ഗുജറാത്ത് തുറമുഖത്ത് അടുക്കാനും സാധ്യതയുണ്ട്. കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന കപ്പലുകള്‍ രാജ്യാന്തര സമുദ്രയാത്രയ്ക്കായി നിയോഗിക്കുന്നതു സംബന്ധിച്ച വിവിധ തലങ്ങളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ച ഉടനെതന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിനാല്‍ വൈകാതെ കപ്പലുകള്‍ക്കു യാത്ര തിരിക്കാനായി.

ലക്ഷദ്വീപ് കപ്പലുകളിലെ ജീവനക്കാരെയും ഡോക്ടര്‍മാരെയുമാണ് യെമന്‍ ദൌത്യത്തിനും നിയോഗിച്ചിരിക്കുന്നത്. എന്നാല്‍, ദൌത്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കപ്പലുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്െടന്നു പോര്‍ട്ട് ട്രസ്റ് അധികൃതര്‍ വ്യക്തമാക്കി. രണ്ടു കപ്പലുകളിലുമായി ലക്ഷദ്വീപിലേക്കു പോകേണ്ടിയിരുന്ന യാത്രക്കാരെ ലക്ഷദ്വീപ് സീ, എംവി ലഗൂണ്‍സ് എന്നീ കപ്പലുകളില്‍ ദ്വീപിലേക്ക് അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.