മാണിയെ ഉമ്മന്‍ ചാണ്ടി പിന്തുണയ്ക്കുന്നത് സര്‍ക്കാര്‍ വീഴുമോ എന്ന ഭയത്തില്‍: കോടിയേരി
Tuesday, March 31, 2015 12:49 AM IST
കോട്ടയം: സര്‍ക്കാര്‍ നിലംപതിക്കുമെന്നതിനാലാണു കെ.എം. മാണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം സര്‍ക്കാര്‍ തന്നെ അതേ മന്ത്രിസഭയിലെ ഒരംഗത്തിനെതിരേ കേസ് രജിസ്റര്‍ ചെയ്തിട്ടു നാലു മാസമായിട്ടും തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല- കോട്ടയം പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയില്‍ കോടിയേരി പറഞ്ഞു. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ മാണിയുടെ പേരുണ്ടാകില്ലെന്ന രീതിയിലുള്ള പ്രചാരണം കേസില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്നതിനു തെളിവാണ്. മാണിയ്ക്കെതിരായി പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ ആറു മുതല്‍ ഒന്‍പതു വരെ എല്‍ഡിഎഫ് ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രചാരണ പരിപാടികള്‍ നടത്തും, 22നു സെക്രട്ടേറിയറ്റിന്റെയും കളക്ട്രേറ്റുകളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിക്കും.


വിലക്ക് ലംഘിച്ച് വി.എസ്. അച്യുതാനന്ദന്‍ മാന്നാറിലെ പരിപാടിയില്‍ പങ്കെടുത്തുവെന്ന ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ പ്രതികരിക്കൂ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു വിവിധ കര്‍ഷക സംഘടനകള്‍ ഏപ്രില്‍ എട്ടിനു നടത്തുന്ന ഹര്‍ത്താലിനു സിപിഎം പിന്തുണ നല്‍കുമെന്നും കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.