ധനകാര്യസ്ഥാപനത്തിലെ കവര്‍ച്ച: അഞ്ചംഗ സംഘമെന്നു പോലീസ് നിഗമനം
Tuesday, March 31, 2015 12:47 AM IST
വിഴിഞ്ഞം: മുത്തൂറ്റ് ഫിനാന്‍സിന്റെ കോവളം ശാഖയില്‍നിന്നു 50 ലക്ഷം രൂപയുടെ പണയ ഉരുപ്പടികളും 1,60,000 രൂപയും കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതം.

സംഭവവുമായി ബന്ധപ്പെട്ടു നഗരത്തില്‍ നിന്ന് അഞ്ച് അന്യസംസ്ഥാന തൊഴിലാളികളെ കസ്റഡിയിലെടുത്തിരുന്നു. ഒരുദിവസം മുഴുവന്‍ ഇവരെ ചോദ്യം ചെയ്തെങ്കിലും മോഷണവുമായി ഇവര്‍ക്കു ബന്ധമില്ലെന്നു തെളിയുകയും മോഷണം നടന്ന സ്ഥലത്തുനിന്നു ലഭിച്ച വിരലടയാളം ഇവരുടേതല്ലെന്നു സ്ഥിരീകരിക്കുകയും ചെയ്തതോടെ ഇന്നലെ വൈകുന്നേരം ഇവരെ വിട്ടയച്ചതായും സംശയമുള്ള മറ്റു ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായും ഫോര്‍ട്ട് എസി സുധാകരപിള്ള പറഞ്ഞു.

നേരത്തെ കോവളത്തു താമസിച്ചിരുന്ന ചില അന്യ സംസ്ഥാന തൊഴിലാളികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. മോഷണം നടന്ന രാത്രിയില്‍ അന്യസംസ്ഥാന തൊഴിലാളികളായ അഞ്ചംഗ സംഘം ജംഗ്ഷനു സമീപത്തെ തട്ടുകടയില്‍ നിന്നു ചായ കുടിക്കുകയും രണ്ടു വലിയ കുപ്പി മിനറല്‍ വാട്ടര്‍ വാങ്ങിയതായും വിവരം ലഭിച്ചിരുന്നു. ഈ വെള്ള കുപ്പികള്‍ മോഷ്ടാക്കള്‍ സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ക്കൊപ്പം പോലീസ് കണ്െടടുത്തിരുന്നു.

മോഷ്ടാക്കളുടേതെന്നു കരുതുന്ന ഒരു മൊബൈല്‍ ഫോണിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയില്‍ നടന്ന കവര്‍ച്ചയില്‍ 50 ലക്ഷത്തിന്റെ സ്വര്‍ണവും പണവുമാണു കൊള്ളചെയ്യപ്പെട്ടത്. കോവളം ജംഗ്ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് കെട്ടിടത്തിന്റെ പുറകുവശത്തെ ജനല്‍ കമ്പികള്‍ മുറിച്ചു ബാങ്കിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ അകത്തെ മുറിയില്‍ പ്ളൈവുഡ് ഷീറ്റുകൊണ്ട് വേര്‍തിരിച്ച മുറിയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് ലോക്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവര്‍ന്നത്.


ബാങ്കിന്റെ തെഫ്റ്റ് സൈറണിന്റെ കേബിളുകള്‍ വിച്ഛേദിച്ച നിലയിലുമായിരുന്നു. നാല് ഓക്സിജന്‍ സിലിണ്ടറുകള്‍, രണ്ടു ചെറിയ ഗ്യാസ് സിലിണ്ട റുകള്‍, രണ്ടു കമ്പിപ്പാരകള്‍, ഒരു ഇരുമ്പ് കട്ടര്‍, രണ്ട് സെറ്റ് ഗ്യാസ് കട്ടറുകള്‍, വലുതും ചെറുതുമായ ആറു സ്ക്രൂ ഡ്രൈവറുകള്‍, ഇരുമ്പ് ഉളി തുടങ്ങി ഉപകരണങ്ങള്‍ എന്നിവ ബാങ്കിനുപുറക് വശത്തെ വിജനമായ പറമ്പുകളിലെ കുറ്റിക്കാടുകളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്െടത്തിയിരുന്നു. മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മദ്യക്കുപ്പികളും മിനറല്‍ വാട്ടര്‍ കുപ്പികളും സ്ഥലത്തുനിന്നു കണ്െടടുത്തിരുന്നു.

ബാങ്കിനുപുറകുവശം സമീപത്തെ ക്ഷേത്രത്തിന്റെ ചുറ്റുമതിലില്‍പെട്ട സ്ഥലമാണ്. ഇതിനു സമീപത്തെ മറ്റു പുരയിടങ്ങളും ആള്‍പ്പാര്‍പ്പില്ലാത്തതും കാട് മൂടിക്കിടക്കുന്ന അവസ്ഥയിലായിരുന്നതും കെട്ടിടത്തിന്റെ പുറകുവശം പ്രധാന റോഡില്‍ നിന്നോ ജംഗ്ഷനില്‍ നിന്നോ കാണാന്‍ കഴിയാത്തതും മോഷ്ടാക്കള്‍ക്ക് അനുകൂല ഘടകമായിരുന്നു.

ഞായറാഴ്ച അവധി ദിനമായിട്ടും സുരക്ഷാ സന്ദര്‍ശനത്തിന്റെ ഭാഗമായി ജീവനക്കാരില്‍ ചിലര്‍ ബാങ്കിലെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.

ഡിസിപി സക്കറിയ ജോര്‍ജ്, അസിസ്റന്റ് കമ്മീഷണര്‍മാരായ സുധാകരന്‍ പിള്ള, സിഐമാരായ ജോഫി, സുരേഷ്കുമാര്‍, അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.