ജനങ്ങളെ അപഹാസ്യരാക്കുന്നത് ആക്ഷേപകരം: ഇന്‍ഫാം
Tuesday, March 31, 2015 12:47 AM IST
കോട്ടയം: വിലത്തകര്‍ച്ചയില്‍ കര്‍ഷകര്‍ ആത്മഹത്യയിലേക്കുവരെ നീങ്ങുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടി പരസ്പരം വിഴുപ്പലക്കലുകള്‍ നടത്തി ജനങ്ങളെ അപഹാസ്യരാക്കുന്നത് ആക്ഷേപകരമാണെന്ന് ഇന്‍ഫാം ദേശീയസമിതി.

2014 ഡിസംബര്‍ 19നു റബര്‍ വ്യവസായികളും വ്യാപാരികളും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടത്തിയ പ്രഖ്യാപനപ്രകാരം മിനിമം 131.50 രൂപയ്ക്ക് ആര്‍എസ്എസ് ഗ്രേഡ് നാല് ഗ്രേഡ് റബര്‍ കര്‍ഷകരില്‍ നിന്നു ശേഖരിക്കുന്ന കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഈ പ്രഖ്യാപനത്തിനുശേഷം റബര്‍ ബോര്‍ഡ് പ്രഖ്യാപിതവില ഉയര്‍ത്തി. കര്‍ഷകരില്‍നിന്ന് ഈ വിലയില്‍നിന്നും വളരെ കുറഞ്ഞ വിലയ്ക്കു ചില ദിവസങ്ങളില്‍ മാത്രം കച്ചവടക്കാര്‍ വാങ്ങിയെങ്കിലും തുടര്‍ന്ന് ഗ്രേഡ് നാലിന്റെ വ്യാപാരം തന്നെ ഇല്ലാതാകുകയും കൂടുതല്‍ ദുരിതത്തിലേക്ക് സര്‍ക്കാര്‍ പ്രഖ്യാപനം കര്‍ഷകനെ തള്ളിവിടുകയും ചെയ്തു. ഈ പ്രഖ്യാപനത്തിന്റെ കാലാവധി വന്‍പരാജയമായി പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെ കര്‍ഷക സമീപനത്തില്‍ യാതൊരു ആത്മാര്‍ഥതയുമി ല്ലെന്നു വ്യക്തമാകുന്നുവെന്ന് ഇന്‍ഫാം ആരോപിച്ചു. കേരളത്തിലെ 30 കേന്ദ്രങ്ങളില്‍ ചേരുന്ന കര്‍ഷകസമ്മേളനങ്ങളെത്തുടര്‍ന്ന് ജൂണ്‍ 12ന് കൊച്ചിയില്‍ 'ദ പീപ്പിള്‍' നേതൃസമ്മേളനം കര്‍ഷക അവകാശരേഖ പ്രഖ്യാപിക്കുന്നതാണ്.


ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ളാക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി കൊഴുവനാല്‍, ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്യന്‍, ഡോ. എം.സി. ജോര്‍ജ്, അഡ്വ. പി.എസ്. മൈക്കിള്‍, കെ. മൈയ്തീന്‍ ഹാജി, ജോയി തെങ്ങുംകുടിയില്‍, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഫാ. ജോസ് തറപ്പേല്‍, ബേബി പെരുമാലില്‍, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ്. മാത്യു മാമ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.