യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം: ഭര്‍ത്താവും സുഹൃത്തും അറസ്റില്‍
യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം: ഭര്‍ത്താവും സുഹൃത്തും അറസ്റില്‍
Tuesday, March 31, 2015 12:46 AM IST
കോന്നി: യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് ആക്രമണം നടത്തിയ കേസില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റുചെയ്തു. തണ്ണിത്തോട് ആശുപത്രിപ്പടി കിഴക്കേച്ചെരുവില്‍ സുനില്‍രാജ് (38), ഇയാളുടെ സുഹൃത്ത് മേടപ്പാറ പ്ളാന്റേഷന്‍ സി ഡിവിഷനില്‍ പ്രകാശ് (32) എന്നിവരാണ് അറസ്റിലായത്. കഴിഞ്ഞ 21നു രാത്രി എട്ടിനായിരുന്നു സുനില്‍ രാജിന്റെ ഭാര്യ ശ്രീജയ്ക്കു (26) നേരേ ആക്രമണമുണ്ടായത്. ഭാര്യയിലുള്ള സംശയത്തേത്തുടര്‍ന്ന് ഭര്‍ത്താവ് സുനില്‍രാജ് സുഹൃത്ത് പ്രകാശിനു 50,000 രൂപയ്ക്കു ക്വട്ടേഷന്‍ നല്‍കി നടത്തിയ ആക്രമണമാണിതെന്നു പോലീസ് പറഞ്ഞു

21നു രാത്രി വീടിന്റെ കതകിനു മുട്ടി വിളിച്ചശേഷം സുനില്‍രാജ് ഇരുളില്‍ മറഞ്ഞുനില്‍ക്കുകയായിരുന്നു. വാതില്‍ക്കലെത്തിയ ശ്രീജയുടെ മുഖത്തേക്ക് പ്രകാശ് ആസിഡ് ഒഴിച്ചശേഷം മാറുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. ആക്രമണത്തിനുശേഷം ഇവര്‍ ഇരുളിലേക്ക് ഓടിമറഞ്ഞു.

പരിക്കേറ്റ യുവതിയെ ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. സംഭവത്തിനുശേഷം വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സുഹൃത്തിനെ ഉപയോഗിച്ച് അയല്‍വാസികളില്‍ ചിലരുടെ പേരുകള്‍ വിളിച്ചു പറയാനും സുനില്‍ ശ്രമിച്ചിരുന്നു. പോലീസ് അന്വേഷണം ഉണ്ടായാല്‍ നാട്ടുകാരില്‍ ചിലരിലേക്കു ശ്രദ്ധ തിരിച്ചുവിടാനായിരുന്നു ഇത്തരത്തിലുള്ള ശ്രമം ഉണ്ടായതെന്നും പോലീസ് പറഞ്ഞു. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വന്നിരുന്ന സുനില്‍ ശനിയാഴ്ചകളിലാണ് വീട്ടിലെത്തിയിരുന്നത്. പരിക്കേറ്റു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ശ്രീജയെ ശുശ്രൂഷിക്കാനായി സുനില്‍ എത്തിയിരുന്നു. സുനിലിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയ പോലീസ് രഹസ്യാന്വേഷണത്തിലൂടെയാണ് ഇയാളെയും മറ്റ് രണ്ടു സുഹൃത്തുക്കളെയും കസ്റഡിയിലെടുത്തത്. ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്തതോടെയാണ് ആക്രമണത്തിനു പിന്നില്‍ സുനിലും പ്രകാശുമാണെന്നു കണ്െടത്തിയത്. ശ്രീജയിലുള്ള സംശയമാണ് ഇത്തരത്തിലുള്ള ആക്രമണത്തിനു കാരണമെന്നു ഇയാള്‍ പോലീസിനോടു പറഞ്ഞു. മുഖം പൊള്ളിച്ച് സൌന്ദര്യം നഷ്ടമാക്കുകയായിരുന്നു ലക്ഷ്യം. ആക്രമണത്തിനു തയാറെടുപ്പുകള്‍ നടത്തിയശേഷം ആസിഡ് കൈയില്‍ കരുതി സുഹൃത്തുക്കളുമായി വീടിനു സമീപത്ത് ഒളിച്ചിരുന്നാണ് തുടര്‍ പദ്ധതികള്‍ തയാറാക്കിയതെന്നു ഇയാള്‍ മൊഴി നല്കി. വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന ശ്രീജയെ സുനില്‍ തന്നെയാണ് കതകില്‍ മുട്ടി പേരുചൊല്ലി വിളിച്ചത്. സുനിലിനൊപ്പം കസ്റഡിയിലെടുത്ത മറ്റൊരു സുഹൃത്തിനെ കുറ്റക്കാരനല്ലെന്നു കണ്ടു വിട്ടയച്ചു. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടാമത്തെയാളിനെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. പല ഘട്ടങ്ങളിലും പോലീസിന്റെ അന്വേഷണം തെറ്റായ ദിശയിലേക്കു മാറ്റാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോന്നി സിഐ സജിമോന്‍ പറഞ്ഞു. ഗുരുതര പരിക്കുകളുമായി ശ്രീജ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വിദേശത്തായിരുന്ന ശ്രീജ അടുത്തിടെയാണ് നാട്ടില്‍ മടങ്ങിയെത്തിയത്. പത്തനംതിട്ടയില്‍ ഒരു അഭിഭാഷകന്റെ ഓഫീസില്‍ ക്ളാര്‍ക്കായി ജോലി ചെയ്തു വരികയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.