കേരളത്തില്‍ രാസവളങ്ങള്‍ നിരോധിക്കണം: മന്ത്രി മോഹനന്‍
Tuesday, March 31, 2015 12:43 AM IST
തളിപ്പറമ്പ്: അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്ത് രാസവളങ്ങള്‍ നിരോധിക്കണമെന്ന് മന്ത്രി കെ.പി.മോഹനന്‍. അടുത്ത തലമുറയെങ്കിലും ആരോഗ്യത്തോടെ ജീവിക്കാന്‍ കേരളം സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമായി മാറിയേ മതിയാകൂ. ഇതിന് രാസവളം ഒഴിവാക്കണം. അതേസമയം രാസവളം ഒഴിവാക്കണമെന്നു പറയുമ്പോള്‍ത്തന്നെ ചില കേന്ദ്രങ്ങളില്‍നിന്ന് ഭീഷണികള്‍ ഉയരുന്നുണ്െടന്നും മന്ത്രി പറഞ്ഞു. പന്നിയൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ ഒരാഴ്ച നീണ്ടുനിന്ന കാര്‍ഷിക സാങ്കേതികവിദ്യാ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

2016 ല്‍ കേരളം ജൈവ കാര്‍ഷിക സംസ്ഥാനമായി മാറും. കഴിഞ്ഞ വര്‍ഷം അന്‍പതിനായിരത്തോളം പുതിയ കാന്‍സര്‍ രോഗികളാണ് ഉണ്ടായതെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത്തരം മാരക രോഗങ്ങളെ അകറ്റാനുള്ള പ്രതിവിധി ജൈവകൃഷി മാത്രമാണ്. ഈ വര്‍ഷം ജൂണ്‍ മുതല്‍ എല്ലാ സ്കൂളുകളിലും ബയോഗ്യാസ് പ്ളാന്റും ഡെമോണ്‍സ്ട്രേഷനും ഏര്‍പ്പെടുത്തും. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 95 ശതമാനം പച്ചക്കറികളും ജൈവരീതിയിലാണ്. ഉടന്‍തന്നെ കേരളത്തിലെ 140 മണ്ഡലങ്ങളിലും സംഭരണ-സംസ്കരണ-വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ത്രേസ്യാമ്മ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചയത്ത് പ്രസിഡന്റ് മനു തോമസ്, കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി. ജയരാജ്, കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. വി.പി. നീമ, വാര്‍ഡ് അംഗം പി. ബീപാത്തു എന്നിവര്‍ പ്രസംഗിച്ചു. യുവകര്‍ഷക അവാര്‍ഡ് ജേതാക്കളായ കെ.വി. സിമി, ശ്രമ അവാര്‍ഡ് നേടിയ കെ.കെ. ബിന്ദു, കെ. രാജീവന്‍, ടി. മനോഹരന്‍, ജോസ് മാന്തറയില്‍, എന്‍.ചന്ദ്രന്‍ എന്നിവരെ മന്ത്രി ആദരിച്ചു.

കാര്‍ഷിക സാങ്കേതികവിദ്യാവാരാഘോഷത്തില്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1200 കര്‍ഷകര്‍ പങ്കെടുത്തു. കൃഷിവിജ്ഞാന കേന്ദ്രം പുതുതായി പുറത്തിറക്കിയ മൈക്രോ പ്ളസ് ജൈവ വളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനു തോമസ് മന്ത്രി കെ.പി. മോഹനനു നല്‍കി പ്രകാശനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.