യെമനില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ കാസര്‍ഗോഡ് സ്വദേശികളും
യെമനില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ കാസര്‍ഗോഡ് സ്വദേശികളും
Monday, March 30, 2015 12:33 AM IST
രാജപുരം: യെമനില്‍ വിമതര്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ അറുപതോളം മലയാളികള്‍ താമസസ്ഥലത്തു കുടുങ്ങിക്കിടക്കുന്നതായി നാട്ടില്‍ വിവരം ലഭിച്ചു. സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യവും വിമതരും തമ്മിലുള്ള ആക്രമണം ശക്തമായതിനാല്‍ പുറത്തിറങ്ങാനാവാതെ കഴിയുകയാണ് ഇവര്‍. യെമനിലെ ഏദനിലുള്ള ലുലു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഏറെയും. കുടുങ്ങിക്കിടക്കുന്നവരില്‍ ഒടയംചാല്‍ കോടോം പാലക്കല്ലിലെ ചെലിതറപ്പില്‍ ജോസഫിന്റെ മകന്‍ ജിന്റോ ജോസഫും കുണിയ സ്വദേശി മുസ്തഫ, നിലേശ്വരം സ്വദേശി ശശി എന്നിവരുമുണ്ട്.

മുപ്പത്തിനാലുകാരനായ ജിന്റോ ജോസഫാണു വീട്ടുകാരെയും സുഹൃത്തുക്കളെയും ഫോണില്‍ വിവരമറിയിച്ചത്. ഏദനിലെ ലുലു സൂപ്പര്‍മാര്‍ക്കറ്റില്‍ ഹോട്ടല്‍ ജീവനക്കാരനാണു ജിന്റോ. ആക്രമണം ശക്തമായതോടെ ഒരാഴ്ചയായി സൂപ്പര്‍മാര്‍ക്കറ്റ് അടച്ചിട്ടതായി ജിന്റോ വീട്ടുകാരെ അറിയിച്ചു. അഞ്ചുവര്‍ഷം മുന്‍പാണു ജോലിതേടി ജിന്റോ ജോസഫ് യെമനിലെത്തിയത്. രണ്ടുവര്‍ഷം മുന്‍പ് അവധിയില്‍ വന്നു തിരിച്ചുപോയ ജിന്റോ ഭാര്യാ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരാനിരിക്കെയാണു യെമനില്‍ ആക്രമണം രൂക്ഷമായത്. നിലവില്‍ ഫോണ്‍ വിളിക്കാന്‍ സാധിക്കുന്നുണ്െടങ്കിലും ഏതു നിമിഷവും ഇതും വിഛേദിക്കപ്പെടാനാണു സാധ്യതയെന്നും ഒരു ദിവസത്തേക്കു കൂടിയുള്ള ഭക്ഷണം മാത്രമെ ബാക്കിയുള്ളുവെന്നും വൈദ്യുതിയും വെള്ളവുമില്ലെന്നും ജിന്റോ സുഹൃത്തുക്കളെ അറിയിച്ചു. മലയാളികളെക്കൂടാതെ അഞ്ഞൂറോളം പേര്‍ പ്രദേശത്തു കുടുങ്ങിക്കിട ക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.