വീടുകളില്‍ സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമം വര്‍ധിക്കുന്നു
Monday, March 30, 2015 12:29 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സംസ്ഥാനത്തു സ്ത്രീകള്‍ക്കു നേരെയുള്ള ഗാര്‍ഹികാതിക്രമം വന്‍തോതില്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇത് വെളിപ്പെടുത്തുന്നത്. 2009-10 വര്‍ഷത്തില്‍ സംസ്ഥാനത്ത് ആകെ 2143 ഗാര്‍ഹകാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് 2014-15 ആയപ്പോള്‍ ഇരട്ടിയിലധികം വര്‍ധിച്ച് 5485 ആയാണ് ഉര്‍ന്നിരിക്കുന്നത്.

ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതു തിരുവനന്തപുരത്താണ്. തിരുവനന്തപുരം ജില്ലയില്‍ 1086 കേസുകളാണ് 2014-15-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം അത് 792 എണ്ണമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഗാര്‍ഹികാതിക്രമ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിട്ടുള്ളത്. 2013ല്‍ 253 കേസുകള്‍ കണ്ണൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് 2014-15ല്‍ 562 ആയാണ് ഉയര്‍ന്നിട്ടുള്ളത്.


2009-10ല്‍ സംസ്ഥാനത്ത് ആകെ 2143 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് 2010-11 ആയപ്പോള്‍ 3203 ആയി ഉയര്‍ന്നു. 11-12-ല്‍ വീണ്ടു വര്‍ധിച്ച് 3583 ആയി. 2012-13ല്‍ 3833 ആയി വര്‍ധിച്ചു.

എന്നാല്‍ 2013-14ല്‍ സ്ത്രീകള്‍ക്കെതിരേയുള്ള ഗാര്‍ഹികാതിക്രമണത്തിന്റെ തോത് വന്‍തോതില്‍ കുറഞ്ഞു 3329 ആയി കുറഞ്ഞു. എന്നാല്‍ 2015 മാര്‍ച്ച് വരെയായപ്പോള്‍ 5485 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

സ്ത്രീകള്‍ക്കെതിരേയുള്ള ഗാര്‍ഹിക അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും കണ്ണൂരിലുമുള്ളപ്പോള്‍ ഏറ്റവും കുറവ് കാസര്‍ഗോഡ് ജില്ലയിലാണ്. മലപ്പുറം, ആലപ്പുഴ ജില്ലകളാണ് കുറവു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മറ്റു രണ്ടു ജില്ലകള്‍. ദേശീയ തലത്തില്‍ നാഷ്ണല്‍ ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2013-14ല്‍ 1118866 ഗാര്‍ഹിക പീഡനകേസുകളാണു രജിസ്റര്‍ ചെയ്തിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.