കൊച്ചിക്കു നേട്ടങ്ങള്‍ സമ്മാനിച്ചു ബിനാലെയ്ക്കു കൊടിയിറക്കം
Monday, March 30, 2015 12:23 AM IST
കൊച്ചി: അന്താരാഷ്ട്ര സാംസ്കാരികവേദികളില്‍ ഇന്ത്യയുടെ പേര് ഉയര്‍ത്തിപ്പിടിച്ച കൊച്ചി മുസിരിസ് ബിനാലെയ്ക്കു കൊടിയിറക്കം.

ഇന്നലെ വൈകുന്നേരം ഫോര്‍ട്ട്കൊച്ചിയിലെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൌസില്‍ കൊച്ചി മുസിരിസ് ബിനാലെയുടെ കൊടി താഴ്ത്തിയതോടെ പ്രദര്‍ശനം അവസാനിച്ചു. അഞ്ചു ലക്ഷത്തോളം പേരാണ് 108 ദിവസം നീണ്ട കലാപ്രദര്‍ശനം സന്ദര്‍ശിക്കാനെത്തിയത്. 2012ലെ ആദ്യപതിപ്പിനേക്കാള്‍ ഇക്കുറി ഒരു ലക്ഷത്തിലധികം കാണികളെത്തി.

94 കലാകാരന്മാരുടെ 100 സൃഷ്ടികളുമായാണ് 2014 ഡിസംബര്‍ 12ന് കൊച്ചി മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പായ 'ലോകാന്തരങ്ങള്‍' പ്രദര്‍ശനമാരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയ്ക്കു ബിനാലെ ഫൌണ്േടഷന്‍ നന്ദിയറിയിച്ചു. കലയുടെ പ്രവര്‍ത്തനമേഖലയും ബൌദ്ധികതയും ചര്‍ച്ചചെയ്യുന്നതിനു പുറമേ, നിരവധി സാംസ്കാരിക പരിപാടികളിലൂടെ ജനങ്ങളെ നേരിട്ടു പങ്കാളികളാക്കുന്നതിനും ബിനാലെയ്ക്കു കഴിഞ്ഞുവെന്നു ക്യുറേറ്റര്‍ ജിതീഷ് കല്ലാട്ട് പറഞ്ഞു.

കലാസൃഷ്ടികള്‍ക്കു പുറമേ, 100 ദിവസം നീണ്ട ചലച്ചിത്രോത്സവം, കുട്ടികളുടെയും വിദ്യാര്‍ഥികളുടെയും ബിനാലെ, അവതരണ കലകള്‍, സാഹിത്യോത്സവം, റെസിഡന്‍സി എക്സിബിഷന്‍, കലാസംവാദങ്ങള്‍ തുടങ്ങി നിരവധി പരിപാടികളും സമാന്തരമായി സംഘടിപ്പിച്ചിരുന്നു. ഇന്ത്യയുടെയും പ്രത്യേകിച്ച് കൊച്ചി മുസിരിസ് പ്രദേശത്തിന്റെയും സങ്കരസംസ്കാരം വെളിവാക്കുന്നതിനും ഓര്‍മപ്പെടുത്തുന്നതിനുമുള്ള ആഘോഷമാണിതെന്ന് കൊച്ചി ബിനാലെ ഫൌണ്േടഷന്റെ സെക്രട്ടറിയും 2014 ബിനാലെയുടെ പ്രോഗ്രാം ഡയറക്ടറുമായ റിയാസ് കോമു പറഞ്ഞു.

സാമൂഹികപ്രവര്‍ത്തക ടീസ്റ സെറ്റല്‍വാദും കലാപ്രചാരകനായ ഷിറീന്‍ ഗാന്ധിയുമായിരുന്നു അവസാനദിനത്തിലെ സന്ദര്‍ശകരില്‍ പ്രമുഖര്‍. സാമ്പത്തികശാസ്ത്രം, പരിസ്ഥിതി, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയുള്ള അര്‍ഥവത്തായ സൃഷ്ടികള്‍ ബിനാലെയിലുണ്െടന്നു ടീസ്റ പറഞ്ഞു. കടലിലാണ്ടുപോയ ദ്വീപുകളെക്കുറിച്ചുള്ള ഇഖ്റ തന്‍വീറിന്റെയും മേരി വെളാര്‍ദിയുടെയും സൃഷ്ടികളാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും അവര്‍ പറഞ്ഞു.

മൂന്നു തവണ ബിനാലെ കണ്ടുകഴിഞ്ഞ ഷിറീന് ഓരോ തവണയും പുതിയ അനുഭവങ്ങളാണു പ്രദര്‍ശനം സമ്മാനിക്കുന്നത്. ചൈനീസ് കലാകാരന്‍ അഡ്രിയാന്‍ പാസിയുടെ വീഡിയോ ഇന്‍സ്റലേഷനാണ് അവസാനദിവസം ഷിറീനെ ആകര്‍ഷിച്ചത്. ശില്പികള്‍ നൌകയിലിരുന്നു കൂറ്റന്‍ കല്‍ത്തൂണ്‍ നിര്‍മിക്കുന്ന വീഡിയോ ബിനാലെയുടെ പ്രതീകമാണെന്നു മുംബൈയില്‍ ചെമോള്‍ഡ് ഗാലറിയുടെ ഡയറക്ടറായ ഷിറീന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.