വാര്‍ത്തയുടെ ആഴക്കാഴ്ച തേടണം: എന്‍. മാധവന്‍കുട്ടി
Saturday, March 28, 2015 12:22 AM IST
കൊച്ചി: മാധ്യമസംസ്കാരത്തിലുണ്ടായ കാലാനുസൃത മാറ്റങ്ങളെ ഉള്‍കൊണ്ടു പ്രവര്‍ത്തിക്കുകയാണു പത്രപ്രവര്‍ത്തകന്റെ ദൌത്യമെന്നു മാധ്യമപ്രവ്രര്‍ത്തകന്‍ എന്‍.മാധവന്‍കുട്ടി. പത്രപ്രവര്‍ത്തകനും പ്രസ് അക്കാദമി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടറുമായിരുന്ന എന്‍.എന്‍. സത്യവ്രതന്റെ സ്മരണാര്‍ഥം കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ യുഗത്തില്‍ വാര്‍ത്തകളുടെ ആഴക്കാഴ്ചകളാണു മാധ്യമപ്രവര്‍ത്തകര്‍ കാണേണ്ടത്. ഇന്റര്‍നെറ്റ് വ്യാപകമായതോടെ മാധ്യമവ്യവസ്ഥയില്‍ ഏറെ മാറ്റങ്ങളുണ്ടായി. ഏകാന്ത വായനയുടെ കാലത്തുനിന്നു പ്രതികരണ ശേഷിയുള്ളവരുടെ കൂട്ടായ്മയായി ഇന്റര്‍നെറ്റിന്റെ വരവോടെ മാധ്യമലോകം മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.


അക്കാഡമി മുന്‍ ചെയര്‍മാന്‍ വി.പി. രാമചന്ദ്രന്‍ എന്‍.എന്‍. സത്യവ്രതനെ അനുസ്മരിച്ചു. മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിച്ചു. മീഡിയ അക്കാദമി സെക്രട്ടറി ഇന്‍ ചാര്‍ജ് എന്‍.പി. സന്തോഷ്, ഷൈനസ് മാര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.