ഭക്തിയെന്ന ദൈവബന്ധം
ഭക്തിയെന്ന ദൈവബന്ധം
Saturday, March 28, 2015 12:16 AM IST
തീര്‍ത്ഥാടനം / ഫാ. ജേക്കബ് കോയിപ്പള്ളി-41

ഒരു യാത്രക്കിടയില്‍ വളരെപ്പെട്ടന്നാണു ഗതാഗതക്കുരുക്കില്‍ പെട്ടത്. എന്റെ വണ്ടി നിന്നത് ഒരു പോലീസ് സ്റേഷന്റെ മുമ്പിലായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുരുക്ക് നീങ്ങാത്തതിനാല്‍ ഞാന്‍ പോലീസ് സ്റേഷനിലേക്കു കയറി. വാഹനം കടന്നുപോകാന്‍ എന്തെങ്കിലും ക്രമീകരണം നടത്താന്‍ കഴിയുമോ എന്നു ചോദിച്ചപ്പോള്‍, അവിടെ മതപരമായ ഒരാഘോഷമാണ്, ഒന്നും ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. മുന്നോട്ടും പിന്നോട്ടും നീക്കാനാകാതെ വാഹനത്തില്‍ ഇരുന്നപ്പോള്‍ മനസില്‍ ചില ചോദ്യങ്ങളുണ്ടായി. യഥാര്‍ഥമായ ഭക്തി ദൈവത്തിങ്കലേക്കു നയിക്കുന്നതാണെങ്കില്‍ അതു മനുഷ്യനെ മാനിക്കുന്നതുമായിരിക്കണമല്ലോ. മനുഷ്യര്‍ക്കു ദുരിതങ്ങള്‍ നല്‍കുന്ന രീതിയിലുള്ള തിരുനാളുകളും ഉത്സവങ്ങളും ഭക്തിയുടെ ഭാഗമോ അതോ ശക്തിപ്രകടനമോ?

വണ്ടിയില്‍ നിന്നിറങ്ങി ആഘോഷങ്ങളുടെ അടുത്തേക്കു ചെന്നു. താളാത്മകചലനങ്ങളില്‍ മതിമറന്നു നൃത്തമാടുകയാണു ഭക്തര്‍. അതു കണ്ടുനില്‍ക്കുന്ന കാഴ്ചക്കാരനും താളാത്മകമായ ചലനങ്ങളിലാണ്. ഭക്തിയും ഉന്മാദവും തമ്മില്‍ എന്തു ബന്ധം? ഉന്മാദ അവസ്ഥയിലെത്തിക്കുന്ന ഭക്തി ഒരു വിരോധാഭാസമാണ്. ഉന്മാദം എന്നതു മരുന്നു നല്‍കി ചികിത്സിക്കേണ്ട ഒരവസ്ഥയാണ്. ഭക്തിയില്‍ ഉന്മാദം കലര്‍ത്തുമ്പോള്‍ വ്യക്തിയെ അതു പല ഭാവങ്ങളിലേക്കും രൂപാന്തരപ്പെടുത്തുന്നു. ശുദ്ധജലത്തില്‍ കൊതുക് മുട്ടയിടുന്നു എന്നതുപോലെ ഭക്തിയിലെ ഉന്മാദം ഭീകരവാദത്തിന്റെയും മനസിലാക്കാന്‍ പ്രയാസമുള്ള പലതരം പ്രകടനങ്ങളുടെയും ജനനകാരണമായേക്കാം. ഭക്തിയുടെ അടിത്തറ ആത്മാര്‍ത്ഥതയുള്ള വ്യക്തിത്വമാണ്. മദ്യം കഴിച്ചു ചിലര്‍ കാട്ടിക്കൂട്ടുന്ന അന്തസില്ലാത്ത പ്രവര്‍ത്തനങ്ങളെപ്പോലെ ഉന്മാദാവസ്ഥയില്‍ പ്രകടിപ്പിക്കുന്ന അനിയന്ത്രിതമായ വാക്കുകളും വികാരപ്രകടനങ്ങളും ഭക്തിയെന്ന സ്ഥായീഭാവവുമായി കൂട്ടിക്കുഴയ്ക്കരുത്.


ഭക്തന്‍ ദൈവത്തോടു സംസാരിക്കുന്നവനാണ്. മനുഷ്യനോടു സംസാരിക്കാന്‍ മനുഷ്യന്റെ ഭാഷയിലും ശരീരത്തിലും മനുഷ്യനെ സമീപിച്ച ദൈവത്തോടു താനായിരിക്കുന്ന അവസ്ഥയില്‍ അവന്‍ സംസാരിക്കുന്നു. ലോകം നടുങ്ങുമാറ് ഉച്ചത്തില്‍ നിലവിളിച്ചാലേ ദൈവം കേള്‍ക്കൂ എന്നും ഭൂമി പിളരുന്നതുപോലെ ഒച്ചയുണ്ടാക്കിയാലെ അതു ദൈവസ്തുതിയാവൂ എന്നും ചിന്തിക്കുന്നതു ഭക്തിയെ കീഴ്പ്പെടുത്തി ഉന്മാദം മുമ്പില്‍ നില്‍ക്കുമ്പോഴാണ്. ഭക്തി ജീവിതത്തിലുടനീളം പ്രവഹിക്കുന്ന ഒന്നാണ്. ഭക്തന് എല്ലാ മാനുഷിക വികാരങ്ങളുമുണ്ട്. പക്ഷേ അവയുടെയെല്ലാം പ്രകടനങ്ങളില്‍ അവനെ വ്യതിരിക്തനാക്കുന്ന ഒന്ന് അവനു സമ്മാനിക്കാന്‍ ഭക്തിക്കു കഴിയുന്നു. ഭക്തിയെന്നതു ദൈവബന്ധമാണ്. അതിന് ഒരു സ്ഥായീഭാവമുണ്ട്. ഉയര്‍ച്ചയിലും താഴ്ചയിലും ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു രഹസ്യമാണത്. ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ നാം ശ്വസനപ്രക്രിയ നടത്തുന്നവരാണ്. ശ്വസിക്കുക എന്നതു മടുപ്പായി തോന്നാറില്ലല്ലോ. അതുപോലെ തന്നെയാണു വിശ്വാസിയുടെ ദൈവബന്ധവും. സംശുദ്ധവും നിര്‍മലവുമായ ആ ബന്ധത്തില്‍ കരയാനും ചിരിക്കാനും ഓശാന വിളിക്കാനും വിശ്വാസിക്ക് സ്വാതന്ത്യ്രമുണ്ട്. എന്നാല്‍, ഭക്തി എന്നതു ലഹരിയുടെ അവസ്ഥയിലേക്കു തരംതാഴുമ്പോള്‍ ഭക്തന്‍ അപകടകാരിയാവും. ഭക്തിയില്‍ ഉന്മാദം കലരുമ്പോള്‍ അതു മനുഷ്യനെ നേരായ ദൈവബന്ധത്തില്‍ നിന്നു നീക്കുക മാത്രമല്ല വൈകൃതങ്ങളിലേക്കു വഴി നടത്തുകയും ചെയ്യുന്നു. നിര്‍മലമായ ഭക്തി നോമ്പിനെ ചൈതന്യവത്താക്കട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.