ശബരിമല തന്ത്രി രാജീവര് 31നു കൃഷിഭവനില്‍നിന്നു വിരമിക്കും
ശബരിമല തന്ത്രി രാജീവര് 31നു  കൃഷിഭവനില്‍നിന്നു വിരമിക്കും
Saturday, March 28, 2015 12:12 AM IST
ശബരിമല: പത്തനംതിട്ട ജില്ലയിലെ പ്രമാടം കൃഷിഭവനില്‍ ഉദ്യോഗസ്ഥനായ ശബരിമല അയ്യപ്പക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് 31 നു സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിക്കും. മറ്റു ജീവനക്കാരെപ്പോലെ പെന്‍ഷന്‍നാകുന്ന ദിവസം ഓഫീസില്‍നിന്നു സഹപ്രവര്‍ത്തകര്‍ വീട്ടില്‍ കൊണ്ടാക്കുന്ന ചടങ്ങ് രാജീവര്‍ക്കുണ്ടാകില്ല. കാരണം, അന്നദ്ദേഹം അയ്യപ്പൂജയുമായി ശബരിമലയിലായിരിക്കും.

ധനതത്ത്വ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള രാജീവര് 1984 ഏപ്രില്‍ 14നാണു ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്കായി കൃഷിവകുപ്പിന്റെ ചെങ്ങന്നൂര്‍ സബ്ഡിവിഷന്‍ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ നിയമനം ലഭിച്ചപ്പോള്‍ ജോലിക്കു പോകേണ്െടന്നും താന്ത്രിക ജോലിയില്‍ മുഴുകിയാല്‍ മതിയെന്നുമാണു ബന്ധുക്കളേറെയും ഉപദേശിച്ചത്. എന്നാല്‍, പിതാവും ശബരിമല തന്ത്രിയുമായിരുന്ന കണ്ഠര് കൃഷ്ണരുടെ ശക്തമായ സമ്മര്‍ദമാണു സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. സഹജീവികളുടെ പ്രശ്നങ്ങള്‍ അറിയാനും പൊതുസമൂഹത്തെ കൂടുതല്‍ മനസിലാക്കാനും സര്‍ക്കാര്‍ ജോലികൊണ്ടു കഴിയുമെന്ന കാഴ്ചപ്പാടായിരുന്നു പിതാവിനുണ്ടായിരുന്നത്.

അച്ഛന്റെ മരണത്തോടെ ക്ഷേത്രങ്ങളുടെ താന്ത്രിക അവകാശം തന്നിലേക്കു വന്നപ്പോഴും ജോലി ഉപേക്ഷിക്കാതെ പരമാവധി സഹകരിച്ചു. 22 വര്‍ഷത്തെ സര്‍ക്കാര്‍ ജീവിതത്തിനിടയില്‍ ഏഴ് വര്‍ഷത്തോളം മാത്രമേ ഓഫീസില്‍ പോകാനായിട്ടുള്ളൂ. ബാക്കിയുള്ള കാലം ശമ്പളമില്ലാതെ അവധിയില്‍ കഴിയുകയായിരുന്നു.


കൃഷിവകുപ്പില്‍ ജോലി ലഭിച്ചതിനുശേഷം വിദ്യാഭ്യാസ വകുപ്പിലും തനിക്കു നിയമനം ലഭിച്ചിരുന്നുവെന്നും രാജീവര് പറഞ്ഞു. എന്നാല്‍, മുണ്ടന്‍കാവിലുള്ള തറവാട്ടില്‍നിന്നു നടന്നുപോകാനുള്ള ദൂരത്തില്‍ ചെങ്ങന്നൂരില്‍ ജോലി ലഭിച്ചതുകൊണ്ടാണു കൃഷിവകുപ്പില്‍ തുടര്‍ന്നത്. വിദ്യാഭ്യാസത്തിനുശേഷം പബ്ളിക് സര്‍വീസ് കമ്മീഷന്റെ അഞ്ചു പരീക്ഷകള്‍ മാത്രമേ എഴുതിയിരുന്നുള്ളൂ. എഴുതിയ പരീക്ഷകളിലെ റാങ്ക് ലിസ്റിലെല്ലാം ഇടം കിട്ടിയിരുന്നുവെന്നും രാജീവര് പറഞ്ഞു. ദീര്‍ഘകാലത്തെ അവധി കഴിഞ്ഞു കഴിഞ്ഞയിടെ പ്രമാടം കൃഷി ഭവനില്‍ പോയി ഒരു ദിവസം ജോലി ചെയ്യുകയും അന്നു വൈകുന്നേരംതന്നെ വീണ്ടും അവധി എടുക്കുകയുമുണ്ടായി.

ശബരിമലയില്‍ അയ്യപ്പസേവയില്‍ മുഴുകിയിരിക്കുന്ന അവസരത്തില്‍തന്നെ ഔദ്യോഗികമായി സര്‍ക്കാര്‍ ജോലിയില്‍നിന്നു വിരമിക്കാന്‍ കഴിയുന്നത് ഈശ്വരാനുഗ്രഹംകൊണ്ടാണെന്നാണു രാജീവരുടെ വിശ്വാസം. ജീവിതത്തിന്റെ സായാഹ്നത്തില്‍ ശ്രീപദ്മനാഭന്റെ ചക്രം പെന്‍ഷനായി ലഭിക്കുന്നതു നിസാര കാര്യമല്ല. അത് മഹാഭാഗ്യം തന്നെയാണ്. സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം പറഞ്ഞു. താന്ത്രിക ചുമതലയില്‍ എത്തിയതിന്റെ 25-ാം വാര്‍ഷികം ആഘോഷിച്ചതും കഴിഞ്ഞ തീര്‍ഥാടനകാലത്ത് ശബരിമലയില്‍വച്ചായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.