മുഖപ്രസംഗം: നദികളെ സമ്പുഷ്ടമാക്കി ദേശീയ ജലപാതകള്‍
Saturday, March 28, 2015 11:05 PM IST
സംസ്ഥാനത്തെ പതിനൊന്നു നദികള്‍ ഉള്‍പ്പെടെ രാജ്യത്തെ 101 നദികള്‍ ദേശീയ ജലപാതയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതു ജലഗതാഗതത്തിനും നദീസംരക്ഷണത്തിനും വലിയ പ്രതീക്ഷ പകര്‍ന്നിരിക്കുകയാണ്. ഗതാഗതത്തിനും ചരക്കുനീക്കത്തിനും ജലപാതകള്‍ കൂടുതലായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവുമുള്ള ഗതാഗതത്തിന്റെയും ചരക്കുനീക്കത്തിന്റെയും പല പരിമിതികളും ജലപാതകളില്‍ ഒഴിവാക്കാനാവും. മാത്രമല്ല, ജനസാന്ദ്രത കൂടിയ കരപ്രദേശങ്ങളിലൂടെ അപകടസാധ്യതയുള്ള രാസവസ്തുക്കളും ഇന്ധനവുമൊക്കെ കൊണ്ടുപോകുന്നതു പലപ്പോഴും വലിയ ദുരന്തങ്ങള്‍ക്കുതന്നെ ഇടയാക്കിയിട്ടുണ്ട്. താരതമ്യേന കുറഞ്ഞ ചെലവില്‍ വലിയ തോതില്‍ ചരക്കുനീക്കം നടത്താനാവുമെന്ന സാധ്യതയും ജലഗതാഗതത്തിന്റെ മറ്റൊരു സവിശേഷതയാണ്. ജലമാര്‍ഗമുള്ള ചരക്കുഗതാഗതത്തിലും സുരക്ഷ സുപ്രധാനമാണ്. അപകടകരമായ വസ്തുക്കള്‍ ജലത്തില്‍ കലരാനിടയായാല്‍ അതു കൂടുതല്‍ പ്രശ്നമുണ്ടാക്കും.

കരമാര്‍ഗമുള്ള ഗതാഗതത്തിനു വലിയ തോതില്‍ ഇന്ധന ഉപയോഗം വേണ്ടിവരും. ഇതു ചെലവു വര്‍ധിപ്പിക്കുമെന്നു മാത്രമല്ല, ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും ഇടയാക്കും. ദിനംപ്രതി എത്രമാത്രം പെട്രോളും ഡീസലുമാണു രാജ്യത്തെ റോഡുകളിലൂടെ ഒഴുകുന്ന വാഹനങ്ങള്‍ ഉപയോഗിച്ചു തീര്‍ക്കുന്നത്? ഇതിലൂടെ അന്തരീക്ഷ മലിനീകരണവും അതുളവാക്കുന്ന ആരോഗ്യപ്രശ്നങ്ങളുമുള്‍പ്പെടെ എത്രമാത്രം ഗുരുതരമായ പ്രതിസന്ധികളാണു സമൂഹം നേരിടേണ്ടിവരുന്നത്? അതോടൊപ്പം അനിയന്ത്രിതമായ മണലൂറ്റും മലിനീകരണവുമൊക്കെ നദികളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ദേശീയ ജലപാതകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്ന കേരളത്തിലെ പതിനൊന്നു നദികള്‍തന്നെ ഇത്തരം പ്രതിസന്ധിയിലാണ്.

ഭാരതപ്പുഴയും ചാലിയാറും പമ്പയും കല്ലടയാറും കടലുണ്ടിപ്പുഴയുമൊക്കെ പരിസ്ഥിതി ദുരന്തത്തിന്റെ ആഘാതം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. മൂവാറ്റുപുഴയാറും മീനച്ചിലാറും മണിമലയാറും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൂടെയാണു കടന്നുപോകുന്നത്. കോരപ്പുഴയും വെസ്റ് കോസ്റ് കനാലുമൊക്കെ സംരക്ഷണം അനിവാര്യമായിട്ടുള്ള ജലപാതകള്‍തന്നെ. ഇവയുടെ സംരക്ഷണവും പരിപാലനവും ഇനിയും വൈകിയാല്‍ നദികള്‍തന്നെ നമുക്കു നഷ്ടപ്പടുന്ന അവസ്ഥ സംജാതമാകുമായിരുന്നു. വൈകിയാണെങ്കിലും പുതിയ ജലപാതാ പ്രഖ്യാപനത്തിലൂടെ കേരളത്തിലെ നദികളെ സംബന്ധിച്ചു പ്രതീക്ഷയുണര്‍ത്തുന്നു. നാല്പത്തിനാലു നദികളാല്‍ സമ്പുഷ്ടമായ കേരളത്തിനു ജലസമൃദ്ധിയും നദികളുടെ ധാരാളിത്തവുമുണ്െടങ്കിലും അതിന്റെ പ്രയോജനം നാടിനോ ജനങ്ങള്‍ക്കോ ലഭിക്കുന്നില്ല. എന്നുമാത്രമല്ല, നദികള്‍കൊണ്ടുള്ള സൌകര്യങ്ങള്‍ പലതും നമുക്കു നഷ്ടമാവുകയും ചെയ്യുന്നു.

ദേശീയ ജലപാതക്കായി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായം വന്‍തോതില്‍ ലഭ്യമാകും. ഇതു രാജ്യത്തെ നിരവധിയായ നദികളുടെ സുരക്ഷയ്ക്കു മാത്രമല്ല, വികസനത്തിനും സഹായകമാകണം. ജലപാതകളും റെയില്‍വേയും തുറമുഖങ്ങളും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ഗതാഗതവളര്‍ച്ച വിശാലവും വൈവിധ്യപൂര്‍ണവുമായ ഇന്ത്യയുടെ സമഗ്ര വികസനത്തിന് അനിവാര്യമാണെന്നു കാണിക്കുന്ന നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. തീരദേശമുള്‍പ്പെടെയുള്ള പിന്നോക്ക പ്രദേശങ്ങളുടെ വികസനത്തിന് ഇത്തരം ഗതാഗത സൌകര്യത്തിന്റെ വിപുലീകരണം അത്യന്താപേക്ഷിതമാണെന്ന് ഇത്തരം പഠനങ്ങളെല്ലാം അടിവരയിട്ടു പറയുന്നു.


ദേശീയ ജലപാതകളുടെ വികസനവും ഇതര ഗതാഗത മാര്‍ഗങ്ങളുടെ സങ്കലനവും രാജ്യത്തിന്റെ മൊത്തവരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കുമെന്നാണു കണക്കാക്കുന്നത്. ചൈന ഇത്തരമൊരു ഗതാഗത വികസനപദ്ധതി ഫലപ്രദമായി നടപ്പാക്കിയിരുന്നു. ആ രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ കുതിച്ചുചാട്ടത്തിനു നിര്‍ണായക ഊര്‍ജം പകരാന്‍ ഈ പദ്ധതികള്‍ക്കായി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജലഗതാഗത വികസനത്തിനു വലിയ സാധ്യതകളാണുള്ളത്. വിശാലമായ തീരദേശവും നിരവധിയായ നദികളും ഈ സാധ്യത വര്‍ധിപ്പിക്കുന്നു. ദേശീയ ജലപാതാ പ്രഖ്യാപനത്തിലൂടെ മൊട്ടിട്ട വികസന സ്വപ്നങ്ങള്‍ക്കു ചിറകു മുളയ്ക്കണമെങ്കില്‍ പ്രഥമവും പ്രധാനവുമായി ചെയ്യേണ്ടത് ഇവയിലേക്കുള്ള മാലിന്യമൊഴുക്ക് അടിയന്തരമായി അവസാനിപ്പിക്കുകയെന്നതാണ്. പലവിധത്തിലുമുള്ള ബോധവത്കരണം നടക്കുന്നുണ്െടങ്കിലും അവയൊന്നും ഫലപ്രദമായിട്ടില്ല. ഗംഗ പോലുള്ള പുണ്യനദികളുടെ സംരക്ഷണത്തിനായി എത്രമാത്രം പണമാണിപ്പോഴും ഒഴുക്കിക്കൊണ്ടിരിക്കുന്നത്. പല നദികളും യഥാകാലം സംരക്ഷിക്കപ്പെടാതെ പോയതിന്റെ വലിയ ദുരന്തമാണിപ്പോള്‍ നാം പേറുന്നത്. നദികളുടെ സംരക്ഷണം വശങ്ങളില്‍ കരിങ്കല്‍ ഭിത്തി കെട്ടുന്നതാണെന്നു കരുതിയിരുന്ന കാലമുണ്ടായിരുന്നു. കടല്‍ഭിത്തിക്കായി കോടികള്‍ കടലില്‍ ഒഴുക്കിയതുപോലെ നദികള്‍ക്കായും കുറേ കല്‍ക്കെട്ടുകള്‍ നടത്തി.

യഥാര്‍ഥ നദീസംരക്ഷണം മാലിന്യങ്ങളില്‍നിന്നുള്ള സംരക്ഷണമാണ്. വികസനത്തിന്റെ ശേഷിപ്പുകളായ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഡംപിംഗ് യാര്‍ഡായി നമ്മുടെ പല നദികളും മാറി. പല നദികള്‍ക്കും അവയുടെ നൈസര്‍ഗിക ഭാവം നഷ്ടപ്പെട്ടു. നദികളുടെ സ്വച്ഛന്ദമായ ഒഴുക്കു തടസപ്പെടുത്തിയ വികസന പദ്ധതികളായിരുന്നു പിന്നീടു ക്ഷതമേല്പിച്ചത്. വ്യവസായശാലകളില്‍നിന്നുള്ള വിഷാവശിഷ്ടങ്ങളും മനുഷ്യമാലിന്യങ്ങളുമൊക്കെ യഥേഷ്ടം നദികളിലേക്കൊഴുകി. ഒഴുക്കു തടസപ്പെട്ട നദികള്‍ മാലിന്യ സംഭരണകേന്ദ്രമായി. ഇത്തരമൊരു അവസ്ഥയില്‍നിന്നു നമ്മുടെ നദികളെ രക്ഷിക്കാനുള്ള പദ്ധതികള്‍ക്കാകണം പ്രഥമ പരിഗണന നല്‍കേണ്ടത്. മാലിന്യവാഹികളായ നദികളെ ശുദ്ധീകരിക്കുന്നതിനും ചരക്കുനീക്കവും ഗതാഗതവും സുഗമമാക്കുന്നതിനുമുള്ള വലിയൊരു കര്‍മപദ്ധതിയുടെ തുടക്കമാവണം നൂറ്റൊന്നു നദികള്‍ ജലപാതകളാക്കാനുള്ള പ്രഖ്യാപനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.