പാലക്കാട്: ഭരണരാഷ്ട്രീയ നേതൃത്വങ്ങളുടെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ക്കും അഴിമതിക്കും സാമൂഹ്യതിന്മകള്ക്കുമെതിരേ സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ ജനകീയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നു കര്‍ഷക ജനകീയ പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദി പീപ്പിള്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഈ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്നു ജൂണില്‍ എറണാകുളത്തു നടക്കുന്ന സമ്മേളനത്തില്‍ കാര്‍ഷികനയരേഖ സമര്‍പ്പിക്കും. അഴിമതി രഹിതമായ കേരളവും സാധാരണ കര്‍ഷകര്‍ക്കുള്ള ബോധവത്കരണവും ജനകീയ സമ്മേളനങ്ങളിലൂടെ ലക്ഷ്യമിടുന്നു.
അതേസമയം, ദി പീപ്പിള്‍ രാഷ്ട്രീയസംഘടനകളുടെ പിന്നാലെ പോവുകയില്ലെന്നും അധികാരമല്ല ജനകീയ താത്പര്യം മാത്രമാണു ലക്ഷ്യമെന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
കര്‍ഷക പ്രസ്ഥാനങ്ങളോടു കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നും കേരളത്തില്‍ മാത്രം നിലനില്‍ക്കുന്ന ഇഎഫ്എല്‍ നിയമം കര്‍ഷക വിരുദ്ധമായതിനാല്‍ പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മത്സ്യമേഖലയില്‍ നടപ്പാക്കുന്ന ഡോ.മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദുചെയ്യുക, മലയോരമേഖലയില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും അടിയന്തരമായി ഉപാധിരഹിത പട്ടയം നല്‍കുക, നെല്ലിനു കിലോഗ്രാമിനു 30 രൂപയായി ഉയര്‍ത്തുക, റബര്വിഷയത്തില് വിലസ്ഥിരതാഫണ്ട് ഉപയോഗിച്ചു ന്യായവിലയ്ക്കു റബര്‍ സംഭരിക്കുക, ഏലം മേഖലയിലെ പ്രതിസന്ധി അടിയന്തരമായി ചര്‍ച്ചചെയ്തു പരിഹരിക്കുക, പശ്ചിമഘട്ട ജനതയുടെ ആശങ്കകള്‍ അകറ്റുന്നതിനു വിദഗ്ധരുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷണ പദ്ധതികള്‍ ആവിഷ്കരിക്കുക, നീര ഉത്പാദനത്തിനുള്ള ലൈസന്‍സിംഗിനുള്ള നടപടിയെടുക്കുക, തേനി ജില്ലയിലെ പൊട്ടിപ്പുറത്തുനിന്നും ഇടുക്കി ജില്ലയിലെ മതികെട്ടാന്ചോലവരെ 2.5 കിലോമീറ്റര്‍ ഭൂഗര്‍ഭ അറയിലെ കണികാപരീക്ഷണത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ദി പീപ്പിള്‍ ഉന്നയിച്ചു.
ദി പീപ്പിള്‍ കോ-ഓര്‍ഡിനേറ്റര്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്യന്‍, സെന്റര്‍ ഫോര്‍ ഫാര്‍മേഴ്സ് ഗൈഡന്‍സ് ആന്‍ഡ് റിസര്‍ച്ച് ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി.സി. ജോസഫ്, ദേശീയ കര്‍ഷക സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട് മണി, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ മാനേജിംഗ് ട്രസ്റി ഡിജോ കാപ്പന്, ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാര സമിതിയംഗം സി.കെ. മോഹനന്, അഗ്രികള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ വി.വി. അഗസ്റിന്‍, പിഎസ്എസ്പി പാലക്കാട് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടയം കര്‍ഷക വേദി അംഗം ജോസ് വെട്ടം, തൃശൂര്‍ പരിയാരം കര്‍ഷകസമിതി അംഗം ജെനറ്റ് മാത്യു, എറണാകുളം ദേശീയ കര്‍ഷക മുന്നണി അംഗം പി.എം. സണ്ണി, ദേശീയ കര്‍ഷകസമാജം അംഗം കെ.എ. പ്രഭാകരന് മാസ്റര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.