ആഡംബരങ്ങളെ സംസ്കരിക്കാം
ആഡംബരങ്ങളെ സംസ്കരിക്കാം
Friday, March 27, 2015 1:15 AM IST
തീര്‍ത്ഥാടനം / ഫാ. ജേക്കബ് കോയിപ്പള്ളി-40

നോമ്പിന്റെ യാത്രയില്‍ നാല്‍പ്പതാം ദിനത്തിലേക്കു നാമെത്തി. തീര്‍ഥാടകന്‍ ദൈവത്തെ അറിയുന്നവനും ദൈവികത പങ്കുവയ്ക്കുന്നവനുമാണ്. കഴിഞ്ഞ 40 ദിനങ്ങളിലൂടെ എത്ര കൂടുതലായി ദൈവത്തെ അറിഞ്ഞുവെന്നും പങ്കുവച്ചു എന്നും നാം വിലയിരുത്തണം. ആ വിലയിരുത്തല്‍ തുടര്‍ന്നുള്ള യാത്രയ്ക്ക് ഒരു പുതിയ താളം നല്‍കണം. ഓട്ടക്കളങ്ങളില്‍ ദീര്‍ഘദൂര ഓട്ടത്തില്‍ പങ്കെടുക്കുന്നവര്‍ തളര്‍ന്നവശരാകുന്നതു നാം കണ്ടിട്ടുണ്ട്. എന്നാല്‍, അവസാനവട്ടമെത്തുമ്പോള്‍ അവരില്‍ എവിടെനിന്നോ ഒരു ശക്തിയുടെ പ്രവാഹമുണ്ട്. അവസാനവരയില്‍ കാലുകള്‍ എത്തിക്കാനായി ചിറകുകളായി മാറുന്ന ഒരു ശക്തി അവരില്‍ നാം ദര്‍ശിക്കാറുണ്ട്. തീര്‍ഥാടനത്തിന്റെ ഇനിയുള്ള നാളുകള്‍ വൈദ്യുതിപ്രവാഹമെന്നപോല്‍ നമ്മിലേക്കു തൊടുത്തുവിടേണ്ട ഒരു ശക്തിയുണ്ട്. ആ ശക്തി തീര്‍ഥാടകനു പ്രദാനം ചെയ്യുന്ന ചില അവസ്ഥാവിശേഷങ്ങളുമുണ്ട്. കാല്‍വരിയിലേക്കും കല്ലറയിലേക്കും ഉത്ഥിതനിലേക്കുമുള്ള തീര്‍ഥാടനം വിശ്വാസിയില്‍ ഒരു കാല്‍വരിയും കല്ലറയും ഉത്ഥാനവും സംജാതമാക്കുന്നു.

ഉത്ഥാന അനുഭവമായിട്ടാണു തീര്‍ഥാടകന്‍ ഉത്ഥിതനെ വരവേല്‍ക്കുക. ദുര്‍വാസനകളെ കുരിശിലേക്കു ചേര്‍ത്തുവച്ചുകൊണ്ടാണ് അവന്‍ ക്രൂശിതനെ ധ്യാനിക്കുക. പഴയ മനുഷ്യനെയും ചെയ്തികളെയും സംസ്കരിച്ചുകൊണ്ടാണ് അവന്‍ കല്ലറയുടെ മുമ്പില്‍ നില്‍ക്കുക. മരണവും സംസ്കാരവും ഉയിര്‍പ്പും തീര്‍ഥാടന വഴികളിലെ യാഥാര്‍ഥ്യമായി മാറുകയാണ്. കട്ടില്‍ക്കീഴിലെ പൊടിപിടിച്ച പാദരക്ഷകളും അലമാരകളിലെ ഉപയോഗിക്കാത്ത വസ്ത്രങ്ങളും ഉപയോഗിക്കാതെ സൂക്ഷിച്ചുവച്ചിരിക്കുന്ന പേനകളും അലങ്കാരമായി സൂക്ഷിച്ചുവച്ചിരിക്കുന്ന തിരികളും എടുത്തുമാറ്റുകയാണു തീര്‍ഥാടകന്‍. അവ പാദരക്ഷകളില്ലാത്തവര്‍ക്കും ധരിക്കാന്‍ വസ്ത്രമില്ലാത്തവര്‍ക്കും വിളക്ക് തെളിക്കാന്‍ എണ്ണയില്ലാത്തവര്‍ക്കും തീര്‍ഥാടകന്‍ എത്തിക്കട്ടെ. ദൈവം നല്‍കിയിരിക്കുന്ന സമ്പത്ത് സ്വര്‍ഗത്തിലെ നിക്ഷേപമാകാന്‍ തക്കവണ്ണം അതുകൊണ്ടു നന്മചെയ്യുന്നവനായി മാറുന്ന രൂപാന്തരം സംഭവിക്കുകയാണു തീര്‍ഥാടകനില്‍. ആഡംബരങ്ങളെ സംസ്കരിക്കാനുള്ള ധൈര്യമാണ് ഈ നാളുകളിലൂടെ അവന്‍ കൈവരിച്ചത്. ഇവയുടെ കൈവരിക്കലിനാണ് ഉയിര്‍പ്പ് എന്നുപറയുക.


ആഡംബരങ്ങള്‍ക്കായുള്ള ആവേശങ്ങളെ സംസ്കരിച്ചാല്‍മാത്രം പോരാ നാം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും വേണം. ബോധപൂര്‍വം നാം വെടിയുന്ന ആഡംബരങ്ങള്‍ ദരിദ്രന്റെ ഉപജീവനത്തിനു സഹായകമായി പരിവര്‍ത്തനം ചെയ്യപ്പെടണം. ഇന്നുതന്നെ അതിനു തുടക്കം കുറിക്കണം. ദരിദ്രനു വസ്ത്രമായും ഭക്ഷണമായും പാര്‍പ്പിടമായും ചികിത്സയായും ആഡംബരങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടട്ടെ. സ്നേഹം തീര്‍ഥാടകന്റെ ആഡംബരവും അലങ്കാരവും ആകട്ടെ. ദൈവത്തിനും മനുഷ്യര്‍ക്കുമായി സമയം പങ്കുവയ്ക്കുന്ന പ്രക്രിയയിലേക്കു തീര്‍ഥാടകന്‍ വഴിമാറണം. പരിമളദ്രവ്യങ്ങളും സുഗന്ധകൂട്ടുകളുമൊരുക്കുന്ന സുഗന്ധം സല്‍പ്രവൃത്തികള്‍ക്കു വഴിമാറണം. രാവിലെ എഴുന്നേല്‍പ്പിക്കുന്ന മൊബൈല്‍ അലാമുകള്‍ക്കു പകരം നിശ്ചയദാര്‍ഢ്യങ്ങള്‍ അലാമുകളാകണം. എല്ലാം കൈപ്പിടിയിലെത്തി ആസ്വദിക്കുന്ന സുഖലോലുപത കഠിനാധ്വാനത്തിനു വഴിമാറണം. സാധാരണക്കാര്‍ക്ക് അപ്രാപ്യനായി നിലകൊണ്ടിരുന്ന ജീവിതരീതികള്‍, ചുങ്കക്കാരോടും പാപികളോടുമൊത്തു സഹവസിച്ച ദൈവപുത്രന്റെ ജീവിതശൈലി സ്വായത്തമാക്കണം. പരിഹാസശരങ്ങള്‍ക്കു മുമ്പില്‍ പിതാവിന്റെ ഹിതത്തിനു കീഴ്വഴങ്ങണം.

ഇത് ഉയിര്‍പ്പിലേക്കുള്ള വഴിയാണ്. മരണത്തിനു കീഴടക്കാനാവാത്തവിധം ശരീരത്തെയും ആത്മാവിനെയും മോചിപ്പിക്കാനുള്ള വഴിയാണ്. ഇന്നത്തെ ധ്യാനം ഇതു വായിച്ചുതീരുമ്പോള്‍ അവസാനിക്കുന്നതല്ല. സ്വന്തങ്ങളിലേക്കും ബന്ധങ്ങളിലേക്കും നിരത്തുകളിലേക്കും ഇറങ്ങിച്ചെന്നു രോഗിക്കും ദുര്‍ബലനും ദരിദ്രനും തുണയാവുക. ഒരു ദരിദ്രന്റെ പുഞ്ചിരി, ഒരു രോഗിയുടെ ആശ്വാസം - എല്ലാം നഷ്ടപ്പെട്ടു എന്നു കരുതിയവന് എന്തൊക്കെയോ ഇപ്പോഴും ബാക്കിയുണ്െടന്നു തോന്നിപ്പിക്കുക ഇവയിലേതെങ്കിലും ഒന്നിലേക്ക് ഈദിനം വഴിതുറക്കണം. അപ്പോള്‍ അതു ഫിനിഷിംഗ് പോയിന്റിലേയ്ക്കുള്ള ചലനത്തിനു താളാത്മകമായ ഒരു ദ്രുതഗതി തീര്‍ഥാടകനു സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.