അനാഥാലയ കൌണ്‍സിലര്‍ നിയമനം: ഓണറേറിയം കൂട്ടി
Friday, March 27, 2015 12:31 AM IST
തളിപ്പറമ്പ്: അനാഥാലയങ്ങളില്‍ കൌണ്‍സിലര്‍മാരെ നിയമിക്കുന്നതു സംബന്ധിച്ചു നിലവിലുണ്ടായിരുന്ന മാര്‍ഗരേഖകള്‍ ഭേദഗതി ചെയ്തു സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ആനുകൂല്യങ്ങള്‍ കുറവായതിനാല്‍ കൌണ്‍സിലര്‍മാര്‍ ഒഴിഞ്ഞുപോകുന്നതിനാലാണു കഴിഞ്ഞ 24ന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

പുതിയ ഉത്തരവ് പ്രകാരം നേരത്തേ 8,000 രൂപ ഉണ്ടായിരുന്ന ഓണറേറിയം 12,000 രൂപയായി കൂട്ടാനും ഇതോടൊപ്പം 2,000 രൂപ ടിഎ, ഡിഎ ഉള്‍പ്പെടെ 14,000 രൂപ നല്‍കാനും നിര്‍ദേശമുണ്ട്. പ്രായപരിധി 25 വയസായിരുന്നത് 25നു മേല്‍ പ്രായമുള്ളവര്‍ എന്നു മാറ്റിയിട്ടുണ്ട്. കൌണ്‍സിലര്‍മാര്‍ക്കുള്ള ശമ്പളം അനാഥാലയ ബോര്‍ഡിന്റെ അക്കൌണ്ടില്‍നിന്നു മാറ്റി ചെയര്‍മാന്റെയും മെംബര്‍ സെക്രട്ടറിയുടെയും നിലവിലുള്ള ജോയിന്റ് അക്കൌണ്ടില്‍ നിക്ഷേപിക്കുന്ന തുകയില്‍നിന്നു ചെക്കായി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കു നല്‍കേണ്ടതും ഓഫീസര്‍മാര്‍ ചെക്ക് മാറി ഓണറേറിയം തുക ബന്ധപ്പെട്ട കൌണ്‍സിലര്‍ക്കു നല്‍കേണ്ടതുമാണ്. ആദ്യ നിയമനത്തിന്റെ കാലാവധി ഒരു വര്‍ഷമായിരിക്കുമെങ്കിലും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അധ്യക്ഷനായ ജില്ലാ കളക്ടറുടെ അനുമതിയോടെ ഒരു വര്‍ഷത്തില്‍ കുറയാത്ത കാലയളവിലേക്കു വീണ്ടും നീട്ടി നല്‍കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കായാണു കൌണ്‍സിലര്‍മാരെ നിയമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.