ഇടഞ്ഞ ആനയുടെ കുത്തേറ്റു പാപ്പാന്‍ മരിച്ചു
ഇടഞ്ഞ ആനയുടെ കുത്തേറ്റു പാപ്പാന്‍ മരിച്ചു
Friday, March 27, 2015 12:14 AM IST
സ്വന്തം ലേഖകന്‍

കയ്പമംഗലം (തൃശൂര്‍): ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. ഒന്നാം പാപ്പാന്‍ പാലക്കാട് കിണാശേരി പൂവ്വത്തിങ്കല്‍ ശിവശങ്കരന്‍(64) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ഓടെ ചളിങ്ങാട് ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് സംഭവം. മുള്ളത്ത് വിജയകൃഷ്ണന്‍ എന്ന ആനയാണ് ശീവേലി എഴുന്നള്ളിപ്പു കഴിഞ്ഞു കോലം ഇറക്കിവയ്ക്കാന്‍ കൊണ്ടുവരവേ ഇടഞ്ഞു പാപ്പാനെ ആക്രമിച്ചത്.

പാപ്പാനെ ആദ്യം തുമ്പിക്കൈ കൊണ്ടു തട്ടിയിട്ട ആന കൊമ്പുകൊണ്ട് കുത്തുകയുമായിരുന്നു. കഴുത്തിനും വയറിനും കുത്തേറ്റ പാപ്പാനെ ആദ്യം മൂന്നുപീടികയിലെ ഗാര്‍ഡിയന്‍ ആശുപത്രിയിലും തുടര്‍ന്നു തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഒരുമണിയോടെ മരിച്ചു.

ഇടഞ്ഞ ആനയുടെ മുകളില്‍ കോലം പിടിച്ചിരുന്ന മതിലകം സ്വദേശി ഐനിക്കല്‍ ദിലീപ് 15 മിനിറ്റിനുശേഷം മരത്തിനു മുകളില്‍ ചാടിക്കയറി അത്ഭുതകരമായി രക്ഷപ്പെട്ടു.

ആന ഇടഞ്ഞതിനെതുടര്‍ന്നു ക്ഷേത്രത്തിനകത്തും പുറത്തും ഉണ്ടായിരുന്ന ജനങ്ങള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രായമായവര്‍ ഉള്‍പ്പെടെയുള്ള കുറച്ചു സ്ത്രീകളെ ക്ഷേത്രത്തിനുള്ളിലാക്കി വാതില്‍ അടച്ച് സുരക്ഷിതരാക്കിയിരുന്നു. ആനയെ തളച്ചശേഷമാണ് ഇവരെ പുറത്തേക്കു കൊണ്ടുവന്നത്. ശീവേലിയില്‍ പങ്കെടുത്ത മറ്റു രണ്ടാനകളെ ഉടന്‍തന്നെ തൊട്ടടുത്ത പറമ്പുകളിലേക്കു മാറ്റി.


ക്ഷേത്രവളപ്പില്‍ ഓടിനടന്ന ആന ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും ഊട്ടുപുരയും തകര്‍ത്തു. ആനയുടെ ആക്രമണത്തില്‍ ക്ഷേത്രാങ്കണത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷയും നാലു ബൈക്കുകളും ഒരു സൈക്കിളും തകര്‍ന്നു. കൊടകര കാട്ടൂര്‍വീട്ടില്‍ അഭിലാഷിന്റെ ഓട്ടോറിക്ഷയാണ് പൂര്‍ണമായും തകര്‍ന്നത്. പ്രസാദ ഊട്ടിനുവേണ്ടി ഒരുക്കിയിരുന്ന മുഴുവന്‍ ഭക്ഷണ സാധനങ്ങളും ആനയുടെ ആക്രമണത്തില്‍ നശിച്ചു. പറമ്പിലെ ഫലവൃക്ഷങ്ങളും പിഴുതെറിഞ്ഞു. ഒന്നര മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ തൃശൂരില്‍നിന്ന് എലിഫന്റ് സ്ക്വാഡ് എത്തിയാണ് തളച്ചത്.

സംഭവസമയത്ത് കാവടി പൂര്‍ണമായും ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ചിരുന്നില്ല. അതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. 12 മണി മുതല്‍ ഉത്സവതിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തില്‍ കാവടിയാട്ടം നടക്കേണ്ടതായിരുന്നു. ആനയിടഞ്ഞതറിഞ്ഞു നിരവധി ആളുകളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. ആളുകളെ നിയന്ത്രിക്കാന്‍ മതിലകം പോലീസ് ഏറെ ബുദ്ധിമുട്ടി. സംഭവത്തെതുടര്‍ന്ന് ആഘോഷങ്ങള്‍ നിര്‍ത്തിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.