മുഖപ്രസംഗം: സംരക്ഷണവാദികള്‍ മനുഷ്യരെ മറക്കരുത്
Friday, March 27, 2015 11:52 PM IST
പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചോദ്യംചെയ്യുന്ന ആരും ഇന്നുണ്ടാകുമെന്നു തോന്നുന്നില്ല. നാം ജീവിക്കുന്ന ഈ ഭൂമിയും ഇതിലെ വിഭവങ്ങളും ഇവിടത്തെ ചരാചരങ്ങള്‍ക്കു മുഴുവന്‍ - ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്കു മാത്രമല്ല വരുംതലമുറകള്‍ക്കും - അവകാശപ്പെട്ടതാണെന്ന ബോധ്യം ഇന്നു ലോകമെങ്ങും രൂഢമൂലമായിട്ടുണ്ട്. ഈ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ഇവിടത്തെ വിഭവങ്ങളുടെയും ഉപയോഗം നമുക്ക് അനുവദിച്ചിട്ടുണ്െടങ്കിലും ഭാവിയിലേക്ക് അവയെ കാത്തുസൂക്ഷിക്കേണ്ട കാവല്‍ക്കാരുമാണു നാം എന്ന് ഇന്നു മനുഷ്യസഞ്ചയം മനസിലാക്കുന്നുണ്ട്. സൃഷ്ടിയുടെ മകുടമായ മനുഷ്യനു പ്രകൃതിയെയും ചരാചരങ്ങളെയും സംരക്ഷിക്കുന്നതിനുള്ള വലിയ ഉത്തരവാദിത്വം ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നു ചുരുക്കം.

എന്നാല്‍, ഈ ബോധ്യങ്ങള്‍ക്കിടയില്‍ വിശാലമായ ചിത്രം കാണാതെയും മനുഷ്യന്റെ മഹത്വവും പ്രാധാന്യവും ഉള്‍ക്കൊള്ളാതെയും ചില സംരക്ഷണവാദികള്‍ നീങ്ങുമ്പോള്‍ അത് അപഹാസ്യവും ആക്ഷേപാര്‍ഹവുമായി മാറും. തെരുവുനായ്ക്കളുടെ അപായകാരിയായ വളര്‍ച്ചയ്ക്കു വഴിതെളിച്ചത് അത്തരം സംരക്ഷണവാദങ്ങളാണെന്ന് എല്ലാവര്‍ക്കുമറിയാം. വൃദ്ധരും കുട്ടികളും സ്ത്രീകളുമടക്കമുള്ള കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹന യാത്രികര്‍ക്കുമൊക്കെ തെരുവുനായ്ക്കള്‍ ഒറ്റയ്ക്കും കൂട്ടായും ഉയര്‍ത്തുന്ന ഭീഷണി ചില്ലറയല്ല. ഡോക്ടര്‍ നിര്‍ദേശിക്കുന്ന നടപ്പുപോലും തെരുവുനായകളെ ഭയന്നു വേണ്െടന്നുവയ്ക്കുന്നവര്‍ ഏറെ. നായ വട്ടംചാടിയതിന്റെ ഫലമായി സ്കൂട്ടര്‍ മറിഞ്ഞു പരിക്കേറ്റ യുവാവ് ദിവസങ്ങള്‍ക്കുശേഷം മരിച്ച വാര്‍ത്ത ഈ ദിവസങ്ങളിലാണു വായിച്ചത്. യുക്തിസഹമായ നിയന്ത്രണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതിന്റെ ഫലമാണു തെരുവുനായശല്യം എന്ന് എടുത്തുപറയേണ്ടതില്ല.

ഇതേപോലുള്ള മറ്റൊരു വിഷയമാണു കാട്ടുജീവികള്‍ നാട്ടിലിറങ്ങി മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നതും കൃഷികളും വീടുകളും നശിപ്പിക്കുന്നതും. വനത്തിനും വന്യജീവി സങ്കേതങ്ങള്‍ക്കും സമീപത്തു താമസിക്കുന്നവരാണ് ഇതിന്റെ ദുരിതം പേറുന്നത്. കാട്ടുപന്നിയും കുറുക്കനും മുതല്‍ ആനയും പുലിയും കരടിയും കടുവയും വരെ മനുഷ്യര്‍ക്കു ഭീഷണി ഉയര്‍ത്തുന്നു. രാജവെമ്പാലപോലുള്ള വിഷപ്പാമ്പുകളും നാട്ടിലേക്കിറങ്ങുന്നു.

വനത്തില്‍ സാഹചര്യങ്ങള്‍ മോശമാകുന്നതു മുതല്‍ ഒരുപിടി കാരണങ്ങള്‍ ഇവ നാട്ടിലേക്കിറങ്ങുന്നതിനു പിന്നിലുണ്ട്. വെള്ളക്ഷാമം, ഭക്ഷ്യവിഭവങ്ങളുടെ കുറവ്, ജീവികളുടെ എണ്ണം കൂടുന്നത് തുടങ്ങി പലവിധ കാരണങ്ങള്‍. പട്ടയഭൂമിയും വനഭൂമിയും തമ്മിലും കാടും റവന്യൂ ഭൂമിയും തമ്മിലുമുള്ള വ്യത്യാസം ആ ജീവികള്‍ക്കറിയില്ലല്ലോ. അതനുസരിച്ചുവേണം അവയെ കൈകാര്യം ചെയ്യാന്‍.


എന്നാല്‍, വന്യജീവി ഇറങ്ങിയെത്തുന്നിടമെല്ലാം അതിന്റെ ആവാസവ്യവസ്ഥയുടെ ഭാഗമാണെന്നും അതും വനത്തോടോ സംരക്ഷിതമേഖലയോടോ ചേര്‍ക്കണമെന്നുമൊക്കെയുള്ള കാഴ്ചപ്പാടോടെ പലരും ഈ വിഷയത്തെ സമീപിക്കാറുണ്ട്. അവരുടെയൊക്കെ കാഴ്ചപ്പാടില്‍ വന്യജീവി ജീവിച്ചിട്ടു ബാക്കിയുള്ളതു മാത്രം മനുഷ്യരും വളര്‍ത്തുമൃഗങ്ങളടക്കമുള്ള മറ്റു ജീവികളും ഉപയോഗിച്ചാല്‍ മതി. അത്തരം വികലമായ കാഴ്ചപ്പാടില്‍നിന്നുള്ള ഉത്പന്നമായി വേണം കടുവാ സംരക്ഷണത്തിനായി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗരേഖയെയും കാണാന്‍.

കടുവയെ മാത്രം സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ കടുവയോടുള്ള സകല മാനുഷിക പ്രതികരണങ്ങളെയും വിലക്കുന്നതാണു പെരുമാറ്റച്ചട്ടം. കടുവ വനത്തില്‍തന്നെ കഴിയാവുന്ന സാഹചര്യമൊരുക്കുന്നതിനോ മനുഷ്യമേഖലകളിലേക്ക് അവ കടക്കാതിരിക്കാനുള്ള നടപടി എടുക്കുന്നതിനോ അല്ല കടുവാ സംരക്ഷണ അഥോറിറ്റി മുന്‍തൂക്കം നല്‍കുന്നത്. നാട്ടിലിറങ്ങിയ കടുവയെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കു മടക്കിക്കൊണ്ടുപോകുകയും നാട്ടിലേക്ക് ഇറങ്ങുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുകയും വേണം. കടുവയ്ക്കു ദേശീയ മൃഗം എന്ന പദവിയും അന്താരാഷ്ട്ര ഫണ്ടിംഗും ഉണ്ട്. അതൊന്നുമില്ലാത്ത മലയോരവാസികള്‍ക്കു കടുവയുടെയത്ര ഇല്ലെങ്കിലും കുറേക്കൂടി പരിഗണന വേണ്േട?

കടുവകളും മറ്റു ഹിംസ്രജീവികളും നാട്ടിലിറങ്ങുമ്പോള്‍ നാട്ടുകാര്‍ക്കുണ്ടാകുന്ന ഭീതിയും പ്രയാസവുംകൂടി മനസിലാക്കി വേണം സംരക്ഷണപെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടാക്കാന്‍. നാട്ടിലിറങ്ങുന്ന എല്ലാ വന്യമൃഗങ്ങളെയും കൊല്ലണമെന്ന പരിഹാരം ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, ജനങ്ങള്‍ക്കു സുരക്ഷിത ജീവിതത്തിന് ആവശ്യമായ നടപടികളുണ്ടാകണം. നൂറ്റാണ്ടു മുമ്പ് കടുവയെ കൊല്ലുന്നതും കൊല്ലിക്കുന്നതുമൊക്കെ രാജാക്കന്മാരടക്കമുള്ള ഭരണാധികാരികളുടെയും അതിസമ്പന്നരുടെയും വിനോദമായിരുന്നു.

ഇന്നിപ്പോള്‍ തങ്ങള്‍ കൊന്നൊടുക്കി എണ്ണം കുറഞ്ഞ ജീവികളുടെ എണ്ണം കൂട്ടാന്‍ അന്നുമിന്നും പരിഗണന കിട്ടാത്ത സാധാരണ മനുഷ്യരുടെ ജീവിതങ്ങള്‍ പന്താടുകയാണു പഴയ വേട്ടക്കാരുടെ പിന്മുറക്കാര്‍. സംരക്ഷണവാദം യുക്തിസഹമായ പരിധിയില്‍ നിന്നില്ലെങ്കില്‍ അതിനു ജനപിന്തുണ ലഭിക്കില്ല, ലക്ഷ്യം നേടാനുമാവില്ല. അതുകൊണ്ടുതന്നെ മനുഷ്യരെ പരിഗണിക്കാത്ത മാര്‍ഗരേഖകളും നടപടിക്രമങ്ങളും മാറ്റി പ്രായോഗികവും മാനുഷികവുമായ മാര്‍ഗരേഖകള്‍ ഉണ്ടാക്കിയേ മതിയാകൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.