ബൈക്കിലെത്തിയ സംഘം എന്‍ജി. വിദ്യാര്‍ഥികളെ ആക്രമിച്ചു
ബൈക്കിലെത്തിയ സംഘം എന്‍ജി. വിദ്യാര്‍ഥികളെ  ആക്രമിച്ചു
Saturday, March 7, 2015 12:32 AM IST
ചാരുംമൂട്: ഹോളി ആഘോഷിച്ചു പുറത്തിറങ്ങിയ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളെ കോളജ് കവാടത്തിനു സമീപം ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയ എട്ടംഗസംഘം ആക്രമിച്ചു. ആക്രമണത്തില്‍ തലയ്ക്കു ഗുരുതര പരിക്കേറ്റ നാലു വിദ്യാര്‍ഥികളെ ഇടത്തോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറനാട് പാച്ചൂര്‍ ശ്രീ ബുദ്ധ എന്‍ജിനിയറിംഗ് കോളജിലെ മൂന്നാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ അനീഷ്(20) വിജീഷ്, ഇഡിത്ത് (19) മനുശ്യാം (20) എന്നിവര്‍ക്കാണു പരിക്കേറ്റത്. വിദ്യാര്‍ഥികളുടെ തലയ്ക്കു മാരകമായ മുറിവേറ്റു.

ഇന്നലെ വൈകുന്നേരം നാലോടെയാണു സംഭവം. കോളജില്‍ വിദ്യാര്‍ഥികളുടെ സംഘം ഹോളി ആഘോഷിക്കുന്നതിനിടെ കോളജ് അധികൃതരുമായി വാക്ക് തര്‍ക്കമുണ്ടായതായി പറയുന്നു. പിന്നീട് ആഘോഷം കഴിഞ്ഞു കോളജിനു പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ വീട്ടിലേക്കു പോകാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കില്‍ കാത്തുനിന്ന സംഘം വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു രോഷാകുലരായ വിദ്യാര്‍ഥികള്‍ കോളജിനുള്ളില്‍ അക്രമാസക്തരായി. കോളജിന്റെ മെയിന്‍ ബ്ളോക്കിലെ ഓഫീസിന്റെ ജനാലച്ചില്ലുകള്‍ വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തു. വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.