മകനെ തനിച്ചാക്കിയെങ്കിലും അഞ്ചുപേര്‍ക്കു ജീവിതം നല്‍കി രാജേശ്വരി യാത്രയായി
മകനെ തനിച്ചാക്കിയെങ്കിലും അഞ്ചുപേര്‍ക്കു ജീവിതം നല്‍കി രാജേശ്വരി യാത്രയായി
Saturday, March 7, 2015 12:28 AM IST
കൊച്ചി: മകനെ ഒറ്റയ്ക്കാക്കിയെങ്കിലും അഞ്ചുപേര്‍ക്കു ജീവിതം നല്‍കിയാണു രാജേശ്വരി യാത്രയായത്. കരളും വൃക്കകളും കണ്ണും ദാനംചെയ്താണ് എഴുപുന്ന പുത്തന്‍വീട്ടില്‍ പരേതനായ സി.പി. ജയകുമാറിന്റെ ഭാര്യ രാജേശ്വരി (48) മാതൃകയായത്. ഭര്‍ത്താവ് 15 വര്‍ഷം മുന്‍പ് മരിച്ചതിനുശേഷം മക്കളായ സുമേഷിനും അജയകുമാറിനും വേണ്ടിയാണ് അവര്‍ ജീവിച്ചത്. ഇന്ത്യന്‍ നാവികസേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന മൂത്തമകന്‍ സുമേഷ് രണ്ടുവര്‍ഷം മുന്‍പ് ഗോവയില്‍ ഒരു അപകടത്തില്‍ മരിച്ചു. ഇളയ മകന്‍ അജയകുമാറിനെ തനിച്ചാക്കിയാണു രാജേശ്വരി യാത്രയായത്. പാമ്പാടി ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അജയകുമാര്‍.

കഴിഞ്ഞ നാലാം തീയതി എരമല്ലൂര്‍ കൊച്ചുവെളിക്കവലയില്‍ സഹോദരന്‍ ഉണ്ണിക്കൃഷ്ണനൊപ്പം രാജേശ്വരി സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്കു ഗുരുതരമായി ക്ഷതം സംഭവിച്ച ഇവരെ ലേക്ക്ഷോര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. രാജേശ്വരിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മകനും സഹോദരങ്ങളായ ജയപ്രകാശും ഉണ്ണിക്കൃഷ്ണനും സന്നദ്ധത അറിയിക്കുകയായിരുന്നു. രാജേശ്വരിയുടെ അച്ഛന്‍ ചേര്‍ത്തല പൂച്ചാക്കല്‍ തൊഴനയില്‍ നാരായണന്‍ നായരും അമ്മ സരസ്വതിയമ്മയും ഇതിനു മൌനാനുവാദം നല്‍കി.


കുറച്ചുപേരുടെ ജീവന്‍ രക്ഷിക്കാന്‍ അവയവദാനം ഉപകരിക്കുമെങ്കില്‍ അതാണ് അമ്മയ്ക്കുവേണ്ടി ഞങ്ങള്‍ക്കു ചെയ്യാന്‍ പറ്റുന്ന പുണ്യം. അവരിലൂടെ അമ്മ ഇനിയും ജീവിക്കുമല്ലോ- വിതുമ്പലടക്കി അജയകുമാര്‍ പറയുന്നു. രാജേശ്വരിയുടെ കരള്‍ ലഭിച്ചത് അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കാണ്. ഒരു വൃക്ക ലേക്ക്ഷോര്‍ ആശുപത്രിയിലെ രോഗിക്കും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗിക്കും മാറ്റിവച്ചു. കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നേത്രബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ലേക്ക്ഷോര്‍ ആശുപത്രിയിലെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്റ് ഡയറക്ടര്‍ ഡോ. ഫിലിപ് ജി. തോമസ്, യൂറോളജിസ്റ് ഡോ.വിനോദ് പി. ഏബ്രഹാം, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.മത്തായി സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം നല്‍കി. രാജേശ്വരിയുടെ സംസ്കാരം ഇന്നു രണ്ടിനു ചേര്‍ത്തല പൂച്ചാക്കല്‍ തൊഴനയില്‍ വീട്ടുവളപ്പില്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.