മുയല്‍കര്‍ഷകരുടെ ആശങ്ക അകറ്റണം: ഫാ. കൊച്ചുപുരയ്ക്കല്‍
മുയല്‍കര്‍ഷകരുടെ ആശങ്ക അകറ്റണം: ഫാ. കൊച്ചുപുരയ്ക്കല്‍
Saturday, March 7, 2015 12:21 AM IST
ചെറുതോണി: മുയലിനെ കൊല്ലാന്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടു പ്രതിഷേധാര്‍ഹമാണെന്നു ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.

മുയല്‍കൃഷി ഉപജീവനമാര്‍ഗമായും അധികവരുമാന സ്രോതസായും പ്രയോജനപ്പെടുത്തുന്ന ആയിരക്കണക്കിനു കര്‍ഷകരാണു കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. തെറ്റിദ്ധാരണമൂലമാണു സര്‍ക്കാര്‍ ഇത്തരമൊരു നിലപാടു സ്വീകരിച്ചിരിക്കുന്നത്. കാട്ടുമൃഗങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും തരംതിരിക്കുന്നതില്‍വന്ന അപാകതയാണ് ഈ പ്രതിസന്ധിക്കു കാരണം.

കോഴി, പന്നി, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ കാര്യത്തില്‍ കാട്ടുമൃഗങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും വേര്‍തിരിച്ചിട്ടുണ്ട്. മുയലിന്റെ കാര്യത്തിലും ഇതു ബാധകമാക്കണം. വളര്‍ത്തുമൃഗങ്ങളെ പരമ്പരാഗതമായി വീടുകളില്‍ വളര്‍ത്തുന്നവയാണ്. മാംസാവശ്യങ്ങള്‍ക്കും തുകലിനുമായാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്. മുയല്‍മാംസം ഔഷധഗുണമുള്ളതാണ്. കൊഴുപ്പുരഹിതമായ ഈ മാംസം ഡോക്ടര്‍മാരും ശിപാര്‍ശചെയ്യുന്നുണ്ട്.


ഇക്കാര്യത്തില്‍ പ്രശ്നപരിഹാരത്തിനു ഫുഡ് സേഫ്ടി ആന്‍ഡ് സ്റാന്‍ഡേര്‍ഡ് ആക്ടില്‍ ഭേദഗതിയുണ്ടാക്കണം. മുയലിനെയും വളര്‍ത്തുമൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം. കൃഷി സംസ്ഥാനവിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദംചെലുത്തണമെന്നും ഫാ.സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യ പ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.