കൊക്കെയ്ന്‍: മുഖ്യകണ്ണിയായ നൈജീരിയക്കാരന്‍ അറസ്റില്‍
കൊക്കെയ്ന്‍: മുഖ്യകണ്ണിയായ നൈജീരിയക്കാരന്‍ അറസ്റില്‍
Saturday, March 7, 2015 11:51 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: ഏറെ കോളിളക്കമുണ്ടാ ക്കിയ കൊച്ചി കൊക്കെയ്ന്‍ കേസില്‍ മുഖ്യകണ്ണിയെന്നു കരുതുന്ന നൈജീരിയക്കാരനെ ഗോവയില്‍ അറസ്റ്ചെയ്തു.

കേസിലെ പ്രതിയായ രേഷ്മ രംഗസ്വാമിക്കു കൊക്കെയ്ന്‍ കൈമാറിയ ഒക്കോ വെ ചിഗോത് സി കോളിന്‍സ് (29) എന്നയാളെയാണു ഗോവയിലെ ആന്റിനാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ കൊ ച്ചി പോലീസ് നോര്‍ത്ത് ഗോവ യിലെ ചോപ്ഡേമില്‍നിന്നു കസ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകുന്നേരം പ്രതിയെ കൊച്ചിയിലെത്തിച്ചു. വിശദമായി ചോദ്യംചെയ്ത ശേഷം ഇന്നു കോടതിയില്‍ ഹാജരാക്കും. സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ് ചെയ്തത്.

എറണാകുളം സൌത്ത് റെയില്‍വേ സ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കോളിന്‍സിനെക്കുറിച്ചുള്ള നിര്‍ണായക വിവര ങ്ങള്‍ ലഭ്യമായത്.

കോളിന്‍സും രേഷ്മയും റെയില്‍വേ സ്റേഷനില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. രേഷ്മ ഗോവയിലേക്കു സ്റേഷന്‍ പരിധിയില്‍നിന്നു ഫോണ്‍ ചെയ്തതായി അന്വേഷണ സംഘത്തിനു നേരത്തേ വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം വീണ്ടും ഗോവയിലേക്കു തന്നെ നീട്ടിയത്. കൊക്കെയ്ന്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നേരത്തേ ഗോവയില്‍ എത്തിയിരുന്നെങ്കിലും മുഖ്യപ്രതിയെ കണ്െടത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇപ്രാവശ്യം സിസിടിവി ദൃശ്യങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളുമായി ഗോവ ആന്റിനാര്‍ക്കോട്ടിക് വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ നീക്കങ്ങളിലാണു കോളിന്‍സ് കുടുങ്ങിയത്.

കോളിന്‍സ് ജനുവരി 30ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെ ത്തി കൊക്കെയ്ന്‍ കൈമാറുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. രേഷ്മയുടെ മൊബൈല്‍ ഫോ ണ്‍ കോളുകളുടെ പട്ടികയില്‍നിന്നാണു കോളിന്‍സുമായി ബന്ധപ്പെട്ടിരുന്ന കാര്യം വ്യക്തമായത്. ആദ്യമൊ ക്കെ ചോദ്യം ചെയ്യലി ല്‍ രേഷ്മ ഇതു സമ്മതിച്ചിരുന്നില്ല. പിന്നീടു ജയിലില്‍ നടത്തിയ ചോ ദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

മംഗള എക്സ്പ്രസില്‍ കോളിന്‍സ് ഗോവയില്‍നിന്നു കൊച്ചിയില്‍ എത്തുന്നതിന്റെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. റെയില്‍വേ സ്റേഷനില്‍ വച്ച് രേഷ്മയ്ക്ക് 40,000 രൂപയ്ക്കാണു കൊക്കെയ്ന്‍ കൈമാറിയതെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. ചോപ്ഡേമിലെ ഒരു മണിമന്ദിരത്തിനു മുമ്പില്‍ കോളിന്‍സിനെ കസ്റഡിയിലെടുക്കുമ്പോള്‍ ഏഴു പേര്‍ അയാള്‍ക്കൊപ്പമുണ്ടായിരുന്നു.


കൊച്ചിയിലേക്കു ലഹരി എത്തിക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ പ്രതിയില്‍നിന്നു ലഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ പോലീസ് സ്റേഷനില്‍ കോളിന്‍സിനെ വിശദമായ ചോദ്യംചെയ്യലിനു വിധേയനാക്കുകയാണ്. കൂടുതല്‍ അറസ്റ് ഉണ്ടാകുമെന്നാണ് അറിയുന്ന ത്. മയക്കുമരുന്ന് കടത്തുകാര്‍ക്കു പോലീസ് സേനയില്‍ സഹായികളുണ്െടന്നും വിവരം ലഭിച്ചിട്ടുണ്ട്.

കോളിന്‍സിനു രാജ്യാന്തര മയക്കുമരുന്നു മാഫിയയുമായി ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നു. കൊച്ചിയിലേക്കു ലഹരിമരുന്ന് എത്തിക്കുന്ന മുഖ്യകണ്ണികളിലൊരാളാണു കോളിന്‍സ് എന്നാണു പോലീസിനു ലഭിച്ച വിവരം. ലഹരിമരുന്നു വിദേശത്തുനിന്നാണു ഗോവയിലും തുടര്‍ന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും എത്തിക്കുന്നതെന്നു പ്രതി പോലീസിനു മൊഴി നല്‍കിയതായി അറിയുന്നു.

കൊച്ചിയിലെ സ്മോക്ക് പാര്‍ട്ടികളില്‍ വീര്യം കൂടിയ മയക്കുമരുന്ന് എത്തിച്ചിരുന്നത് കോളിന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. കഴിഞ്ഞ ജനുവരി 31നാണ് കടവന്ത്രയിലെ ഫ്ളാറ്റില്‍നിന്നു കൊക്കെയ്ന്‍ പിടികൂടിയത്.

സിനിമാ നടന്‍ ഷൈന്‍ ടോം ചാക്കോയെയും നാലു യുവതികളെയും പോലീസ് ഫ്ളാറ്റില്‍നിന്നു കസ്റഡിയിലെടുത്തു. എന്നാല്‍, രക്തപരിശോധനയിലുണ്ടായ പിഴവു മൂലം ഇവര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കോടതിയില്‍ തെളിയിക്കാന്‍ പോലീസിനു കഴിഞ്ഞില്ല. കേസ് ദുര്‍ബല മായെന്നു തോന്നിയ ഘട്ടത്തിലാണ് മുഖ്യകണ്ണിയുടെ നിര്‍ണായക അറസ്റ്.

ഗോവയിലെ അഞ്ജുന ബീച്ചില്‍നിന്നു കഴിഞ്ഞ ഡിസംബറില്‍ ഫ്രാങ്കോ എന്നയാളുടെ കൈയില്‍ നിന്നാണ് മയക്കുമരുന്നു വാങ്ങിയതെന്നാണ് ആദ്യഘട്ടത്തില്‍ രേഷ്മ പോലീസിനോടു പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രേഷ്മയെയും രണ്ടാം പ്രതിയായ സഹസംവിധായിക ബ്ളെസി സില്‍വസ്ററെയും ഗോവയില്‍ കൊണ്ടുപോയി തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒരുവട്ടം കൂടി കേരള പോലീസ് ഗോവയിലെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ് സാധ്യമായത്.

തൃശൂരില്‍ ശോഭാ സിറ്റി പാര്‍പ്പിട സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ വാഹനം ഇടിപ്പിച്ചും മര്‍ദിച്ചും കൊന്ന കേസിലെ പ്രതി മുഹമ്മദ് നിസാമിന്റേതാണു കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ ഒത്തുകൂടിയ കൊച്ചിയിലെ ആഡംബര ഡ്യൂപ്ളെ അപ്പാര്‍ട്ട്മെന്റ്. ബംഗളൂരു സ്വദേശിനിയായ ബ്ളെസി സില്‍വസ്റര്‍ ഈ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.