സീരിയലുകള്‍ സ്ത്രീകളെ നെഗറ്റീവ് കഥാപാത്രങ്ങളാക്കുന്നു: ശോഭ കോശി
സീരിയലുകള്‍ സ്ത്രീകളെ  നെഗറ്റീവ് കഥാപാത്രങ്ങളാക്കുന്നു: ശോഭ കോശി
Saturday, March 7, 2015 12:13 AM IST
കൊച്ചി: നൂറു ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളത്തില്‍ പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം കൂടുകയാണെന്നു ബാലാവകാശ കമ്മീഷന്‍ നിയുക്ത അധ്യക്ഷ ശോഭാ കോശി. കെഎംഎ വനിതാ ഫോറത്തിന്റെ വിമെന്‍ ലീഡര്‍ഷിപ് കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കേരളത്തിലെ 78 ശതമാനം കുട്ടികളും 18 വയസാകും മുമ്പേ മയക്കുമരുന്നോ മദ്യമോ ലഹരിവസ്തുക്കളോ ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ട് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു. ലിംഗാനുപാതം കുറയുന്നതും മാനഭംഗം കൂടുന്നതും ഗൌരവമായി ചര്‍ച്ചചെയ്യണം.

ടെലിവിഷന്‍ സീരിയലുകളാണു സ്ത്രീയെ നെഗറ്റീവ് കഥാപാത്രങ്ങള്‍ ആക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത്. സ്ത്രീകള്‍ വിചാരിച്ചാല്‍ ലോകത്തെ ആകെ മാറ്റി മറിക്കാന്‍ കഴിയില്ല. എന്നാല്‍, മാറ്റത്തിന്റെ ചാലകശക്തിയാകാന്‍ സ്ത്രീകള്‍ക്കു കഴിയും. സ്ത്രീ ശാക്തീകരണ അജന്‍ഡ സ്ത്രീകള്‍ തന്നെ തീരുമാനിക്കണം. പുരുഷന്മാര്‍ ശത്രുക്കളല്ല, പുരുഷനും സ്ത്രീയും ഒപ്പത്തിനൊപ്പംനിന്നു പ്രവര്‍ത്തിക്കുകയാണു വേണ്ടത്. സ്ത്രീകള്‍ പരസ്പരം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. സ്ത്രീകളുടെ കഴിവുകള്‍ അവര്‍തന്നെ കണ്െടത്തണമെന്നും ശോഭാ കോശി കൂട്ടിച്ചേര്‍ത്തു.


എഴുപതുകളിലെ മാതൃകായായിരുന്ന കേരള മോഡല്‍ ഇന്നു സ്ത്രീവിരുദ്ധ സമൂഹമായി മാറിയെന്നു മുഖ്യാതിഥിയായിരുന്ന പത്രപ്രവര്‍ത്തക അനിതാ പ്രതാപ് പറഞ്ഞു. വനിതാ ശാക്തീകരണത്തിലും വനിതകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലും കേരളം ഒരു കാലത്തു മാതൃകയായിരുന്നു. എന്നാല്‍, ഇന്നു കേരളസമൂഹത്തില്‍ സ്ത്രീകള്‍ക്കു തുല്യസ്ഥാനം നല്‍കാന്‍ പോലും മടിക്കുന്നു- അവര്‍ ചൂണ്ടിക്കാട്ടി. ചലച്ചിത്ര താരം പാര്‍വതി, കെഎംഎ പ്രസിഡന്റ് പ്രേംചന്ദ്, മരിയ ഏബ്രഹാം, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.