കടത്താനായി വീടിനുള്ളില്‍ സൂക്ഷിച്ച 40 ചാക്ക് കറപ്പത്തോല്‍ പിടികൂടി
Saturday, March 7, 2015 12:12 AM IST
തളിപ്പറമ്പ്: അന്യസംസ്ഥാനങ്ങളിലേക്കു കടത്താനായി സൂക്ഷിച്ച 40 ചാക്ക് കറപ്പത്തോല്‍ തളിപ്പറമ്പ് ഫോറസ്റ് റേഞ്ച് ഓഫീസര്‍ എം.പി.പ്രഭാകരന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേര്‍ക്കെതിരേ കേസെടുത്തു. ഉളിയില്‍ നരയന്‍പാറയിലെ ടി.കെ. അലി, മകന്‍ സാജി എന്ന ഷാജി എന്നിവര്‍ക്കെതിരേയാണു കേസ്. അലിയുടെ വീട്ടില്‍ നാലിടത്തായി സൂക്ഷിച്ച കറപ്പത്തോലാണു പിടിച്ചെടുത്തത്. ഇതിന് ഒരു ലക്ഷം രൂപയോളം വില വരുമെന്നു ഫോറസ്റ് അധികൃതര്‍ പറഞ്ഞു.

കണ്ണൂര്‍ ഡിഎഫ്ഒ സി.വി. രാജനു ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്നു കറപ്പത്തോല്‍ പിടിച്ചെടുക്കാന്‍ തളിപ്പറമ്പ് ഫോറസ്റ് റേഞ്ച് ഓഫീസറെ പ്രത്യേകമായി ചുമതലപ്പെടുത്തുകയായിരുന്നു.

കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ കാടുകളിലുള്ള കറപ്പമരങ്ങളുടെ തോലാണു വ്യാപകമായി ചെത്തിയെടുക്കുന്നത്. തൊലിചെത്തിയ മരം അധികം വൈകാതെ ഉണങ്ങി നശിക്കും. വന്‍ ലാഭം നേടിത്തരുന്ന ഈ കച്ചവടത്തിനു നിരവധി സംഘങ്ങള്‍ രംഗത്തുണ്െടന്നു വനംവകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്.


അഗര്‍ബത്തി നിര്‍മാണത്തിനും സുഗന്ധ ദ്രവ്യങ്ങളുടെ നിര്‍മാണത്തിനും കറപ്പത്തോല്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ട്രെയിന്‍ മാര്‍ഗം ബംഗളൂരു, കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കാണ് ഇവ കടത്തുന്നത്. വ്യാജപേരുകളില്‍ ആയുര്‍വേദിക് മെഡിസിന്‍ എന്ന പേരിലാണ് ഇവ ബുക്ക് ചെയ്യുക.

കഴിഞ്ഞ വര്‍ഷം പഴയങ്ങാടി, കണ്ണപുരം റെയില്‍വേ സ്റേഷനുകളില്‍നിന്നു നൂറുകണക്കിനു ചാക്ക് കറപ്പത്തോല്‍ പിടിച്ചെടുത്തിരുന്നു.

തളിപ്പറമ്പ് ഫോറസ്റ് റേഞ്ച് ഓഫീസറെ കൂടാതെ ഇരിട്ടി സെക്ഷന്‍ ഫോറസ്റ് ഓഫീസര്‍ ദേവസ്യ, സെക്ഷന്‍ ഫോറസ്റ് ഓഫീസര്‍മാരായ പി.പി. മുരളീധരന്‍, വി.ആര്‍. ഷാജി, ബീറ്റ് ഫോറസ്റ് ഓഫീസര്‍ രാമദാസന്‍, ഫോറസ്റ് വാച്ചര്‍ ബിനു, ഡ്രൈവര്‍ ജെ. പ്രദീപ് കുമാര്‍, സി. പ്രദീപ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.