ആശുപത്രികളില്‍ മരുന്നെത്തിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരേ കോണ്‍ഗ്രസ് എംഎല്‍എമാര്‍
Saturday, March 7, 2015 12:04 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നെത്തിക്കാതെ സാധാരണക്കാരായ രോഗികളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ എംഎല്‍എമാരുടെ കടുത്ത വിമര്‍ശനം. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ കൂടി പങ്കെടുത്ത യോഗത്തിലാണു കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്.

സംസ്ഥാനത്തെ വികസന- നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി സ്തംഭിച്ചെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിച്ചു. പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നുവെന്നു സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുമ്പോഴും സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാത്ത സ്ഥിതിയാണെന്നു ചര്‍ച്ചയ്ക്കു തുടക്കം കുറിച്ച വി.ഡി. സതീശന്‍ പറഞ്ഞു.

മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതു നല്ലത്. അതോടൊപ്പം നിലവിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം.

ആശുപത്രികളില്‍ മരുന്നുകള്‍ എത്തിക്കാന്‍ കഴിയാത്തതിനു കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും 100 കോടി രൂപ അടിയന്തരമായി അനുവദിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നും മന്ത്രി വി.എസ്. ശിവകുമാര്‍ വിശദീകരിച്ചു.

തുറമുഖം, വിമാനത്താവളം തുടങ്ങിയ വന്‍കിട പദ്ധതികളെ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ക്കും കുറവില്ല. അതിനൊക്കെ ആയിരക്കണക്കിനു കോടി രൂപയും മാറ്റിവയ്ക്കുന്നു. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്കു പണം കൊടുക്കുന്നില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പിനു മുമ്പു കരാറുകാര്‍ക്കുള്ള കുടിശിക നല്‍കിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.


സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളും നിര്‍മാണ മേഖലയും പൂര്‍ണമായി സ്തംഭിച്ചെന്നു കെ. ശിവദാസന്‍നായര്‍, പാലോട് രവി, വര്‍ക്കല കഹാര്‍, സി.പി. മുഹമ്മദ് എന്നിവര്‍ പറഞ്ഞു. കരാറുകാര്‍ പണിയൊന്നും ഏറ്റെടുക്കുന്നില്ല. എടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുന്നില്ല. ഈ നില തുടര്‍ന്നാല്‍ എംഎല്‍എമാര്‍ക്കു പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ വരും.

കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ മണ്ഡലങ്ങളിലെ ബില്ലുകള്‍ മാറാന്‍ തയാറാകുന്നില്ല. മുസ്ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും മണ്ഡലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി പ്രശ്നമാകുന്നില്ലെന്നു പാലോടു രവി പറഞ്ഞു. കരാറുകാരുടെ 2014 മാര്‍ച്ച് വരെയുള്ള കുടിശിക നല്‍കുന്നതിനു നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ അറിയിച്ചു.

മലയോര- തീരദേശ മേഖലകളിലെ പട്ടയ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും നിര്‍ദേശമുയര്‍ന്നു.

അപസ്വരങ്ങളെല്ലാം ഒഴിവാക്കി നിയമസഭയില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നു വി.എം. സുധീരന്‍ നിര്‍ദേശിച്ചു.

നിയോജക മണ്ഡലങ്ങളിലെ ജനങ്ങളുടെ വികാരങ്ങള്‍ അറിയാവുന്നത് എംഎല്‍എമാര്‍ക്കാണ്. മറ്റു പ്രശ്നങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനപ്രതിനിധികളുമായി സംസാരിച്ചു പരിഹരിക്കണം. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുണ്െടങ്കില്‍ അതു പാര്‍ട്ടി- സര്‍ക്കാര്‍ ഏകോപന സമിതി ചേര്‍ന്നു പരിഹരിക്കാമെന്നും സുധീരന്‍ നിര്‍ദേശിച്ചു.

പത്തിനു യുഡിഎഫ് നിയമസഭാ കക്ഷിയോഗം ചേരാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.